തിരയുക

ദൈവ വചനം! ദൈവ വചനം! 

സുവിശേഷം, സദാ, നമ്മുടെ കൈവശം ഉണ്ടായിരിക്കണം, പാപ്പാ!

അനുവർഷം ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ചുള്ള സാധാരണകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച, സഭ “ദൈവവചന ഞായർ” ആചരിക്കുന്നു. 2021 -ൽ ഈ ആചരണ തീയതി ജനുവരി 24.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്നത്തെ പോലെ മുമ്പൊരിക്കലും ബൈബിൾ എല്ലാവർക്കും സംലഭ്യമായിട്ടില്ലെന്ന് മാർപ്പാപ്പാ.

ഇക്കൊല്ലം (2021) ജനുവരി 24-ന്  “ദൈവവചന ഞായർ” ആചരണമായിരുന്നത് അന്ന് മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സഭാജീവിതത്തിൻറെ എല്ലാ തുറകളിലും തിരുവെഴുത്തുകൾ വീണ്ടും കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത് നമ്മുട ഈ കാലഘട്ടത്തിൻറെ മഹാ ദാനങ്ങളിലൊന്നാണെന്നും എല്ലാ ഭാഷകളിലും, അതുപോലെ തന്നെ, ദൃശ്യശ്രാവ്യഡിജിറ്റൽ രൂപങ്ങളിലും ബൈബിൾ ലഭ്യമാകുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

തിരുലിഖിതം അറിയാത്തവൻ ക്രിസ്തുവിനെ അറിയുന്നില്ല എന്ന, അടുത്തയിടെ പതിനാറാം ചരമശതാബ്ദി ആചരിക്കപ്പെട്ട വിശുദ്ധ ജെറോമിൻറെ ആശയം പാപ്പാ അനുസ്മരിച്ചു. 

വചനം മാംസം ധരിക്കുകയും മരിച്ച് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തുവാണ് തിരുവെഴുത്തുകൾ മനസ്സിലാക്കാൻ നമ്മുടെ മനസ്സ് തുറക്കുന്നെതെന്ന് പാപ്പാ ലൂക്കായുടെ സുവിശേഷം 24:45-ɔ൦ വാക്യത്തിൻറെ അടിസ്ഥാനത്തിൽ പ്രസ്താവിച്ചു.

ഇത്, സാധ്യമാകുന്നത്, പ്രത്യേകിച്ച്, ആരാധനയിലാണെന്നും, നാം ഒറ്റയ്ക്കോ കൂട്ടമായോ, വിശിഷ്യ, സുവിശേഷവും സങ്കീർത്തനങ്ങളും ഉപയോഗച്ച്, പ്രാർത്ഥിക്കുമ്പോഴും ഇതു സംഭവിക്കുന്നുവെന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ദൈവചനശ്രവണം പരിപോഷിപ്പിക്കുന്നതിന് ഇടവകതലത്തിൽ നടക്കുന്ന പരിശ്രമങ്ങൾക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും പ്രചോദനം പകരുകയും ചെയ്തു.

സുവിശേഷം വിതയ്ക്കാനുള്ള സന്തോഷം നമ്മിൽ ഒരിക്കലും കുറഞ്ഞു പോകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദിവസത്തിൽ രണ്ടോ മൂന്നോ വാക്യങ്ങളെങ്കിലും വായിക്കാൻ സാധിക്കുന്നതിന് സ്വന്തം കീശയിലൊ, കൈസഞ്ചിയിലൊ ഒരു ചെറിയ സുവിശേഷ ഗ്രന്ഥം കൊണ്ടുനടക്കുന്നത് ശീലമാക്കണെന്ന ഉപദേശം പാപ്പാ ആവർത്തിക്കുകയും ചെയ്തു.

സുവിശേഷം എന്നും നമ്മോടൊപ്പം ഉണ്ടായിരിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

അനുവർഷം ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ചുള്ള സാധാരണകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് സഭ “ദൈവവചന ഞായർ” ആചരിക്കുന്നത്.

2019 സെപ്റ്റമ്പർ 30-ന് ഫ്രാൻസീസ് പാപ്പാ സ്വയാധികാരപ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊ” (motu proprio) “അപെരൂയിത്ത് ഇല്ലിസ്” (Aperuit illis) വഴിയാണ് “ദൈവചന ഞായർ” ആചരണം ഏർപ്പെടുത്തിയത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2021, 09:40