തന്‍റെ ഡോക്ടറിന് പാപ്പാ യാത്രാമൊഴി നേർന്നു
- ഫാദർ വില്യം നെല്ലിക്കൽ
അന്ത്യയാത്ര പറഞ്ഞ സ്നേഹസാന്നിദ്ധ്യം
പാപ്പാ ഫ്രാൻസിന്‍റെ വ്യക്തിഗത ഡോക്ടർ മൗരീത്സിയോ സ്കോർസി അന്തരിച്ചു. അന്തിമോപചാര ശുശ്രുഷയിൽ പാപ്പാ ഫ്രാൻസിസ് പങ്കെടുത്തു. ജനുവരി 19-ന് അന്തരിച്ച ഡോക്ടർ മൗരീത്സിയോയുടെ അന്തിമോപചാര ശുശ്രൂഷ വത്തിക്കാൻ ഗവർണറേറ്റിലുള്ള കുടുംബങ്ങളുടെ രാജ്ഞിയായ കന്യകാനാഥയുടെ ദേവാലയത്തിൽ നടക്കവെയാണ് പാപ്പാ ഫ്രാൻസിസ് ദിവ്യബലിയിലും പ്രാർത്ഥനാ ശുശ്രൂഷകളിലും കുടുംബത്തോടും മറ്റ് വത്തിക്കാന്‍റെ സഹപ്രവർത്തകർക്കൊപ്പവും പങ്കെടുത്തത്. അന്തിമോപചാര ശുശ്രൂഷയുടെ പ്രാർത്ഥനകൾ ദേവാലയത്തിൽ പരേതനുവേണ്ടി അർപ്പിച്ച്, ആശീർവ്വാദം നല്കിയശേഷമാണ് പാപ്പാ പേപ്പൽ വസതിയിലേയ്ക്കു മടങ്ങിയത്.
ഒരു ഭിഷഗ്വരന്‍റെ സ്നേഹസമർപ്പണം
2015-മുതൽ വ്യക്തിപരമായി പാപ്പായുടെ ഡോക്ടറായി സേവനം അനുഷ്ഠിച്ച ഡോ. മൗരീത്സിയോ വത്തിക്കാന്‍റെ ആരോഗ്യവകുപ്പിന്‍റെ ഉപദേശകനായും റോമിലെ സാൻ കമീലോ ആശുപത്രിയിലെ കരൾ സംബന്ധമായ രോഗങ്ങളുടെ വിദഗ്ദ്ധ ചികിത്സാ വിഭാഗം മേധാവിയായും പ്രവർത്തിച്ചുപോന്നു. പോഷകാഹാരം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെക്കുറിച്ചും നല്ല പരിജ്ഞാനമുള്ള പരിചയസമ്പന്നനായിരുന്നു അന്തരിച്ച ഡോക്ടർ മൗരീത്സിയോ. കൂടാതെ റോമിലെ മെഡിക്കൽ കോളെജുകളിലെ പ്രത്യേക അദ്ധ്യാപകനായും അദ്ദേഹം സേവനംചെയ്തുപോന്നു .