“പിതാവിന്‍റെ ഹൃദയത്തോടെ...” അപ്പസ്തോലിക ലിഖിതം ആദ്യഭാഗം
വിശുദ്ധ യൗസേപ്പിനെപ്പോലെ സമൂഹത്തില്‍ നിശബ്ദസേവനം ചെയ്യുന്ന ഡോക്ടര്‍മാരെയും നെഴ്സുമാരെയും രോഗീപരിചാരകരെയും സന്നദ്ധ സേവകരയെയും അനുസ്മരിച്ചുകൊണ്ടാണ് താന്‍ ഡിസംബര്‍ 8, 2020-ന് ആരംഭിച്ച് ഡിസംബര്‍ 8, 2021-ന് അവസാനിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം പ്രഖ്യാപിച്ചതെന്ന് പാപ്പാ ഫ്രാന്‍സിസ്, വിശുദ്ധനെ സംബന്ധിച്ച് പ്രബോധിപ്പിച്ച പിതാവിന്‍റെ ഹൃദയം, Patris Corde എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ ആദ്യഭാഗത്തുതന്നെ വ്യക്തമാക്കുന്നുണ്ട്.
പരിഭാഷ - ഫാദര്‍ വില്യം നെല്ലിക്കല്‍
പരിശുദ്ധ പിതാവ് ഫ്രാന്‍സിസിന്‍റെ അപ്പോസ്തലിക ലേഖനം
''പിതാവിന്‍റെ ഹൃദയം'' (Patris Corde)
ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷികം
1. പിതാവിന്‍റെ ഹൃദയത്തോടെ...
നാലു സുവിശേഷങ്ങളിലും ''യൗസേപ്പിന്‍റെ പുത്രന്‍'' എന്ന് പരാമര്‍ശിക്കപ്പെടുന്ന യേശുവിനെ യൗസേപ്പ് സ്‌നേഹിച്ചത് ഒരു പിതാവിന്‍റെ ഹൃദയത്തോടെയായിരുന്നു. യൗസേപ്പിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞിരിക്കുന്ന രണ്ടു സുവിശേഷകന്മാരായ മത്തായിയും ലൂക്കായും വളരെ കുറഞ്ഞ വാക്കുകളിലാണ് അദ്ദേഹത്തെ വെളിപ്പെടുത്തുന്നത്. എങ്കിലും ദൈവതിരുവുള്ളം അദ്ദേഹത്തെ ഭരമേല്‍പ്പിച്ച ദൗത്യവും, എങ്ങനെയുള്ള പിതാവായിരുന്നു അദ്ദേഹമെന്നതും ഉള്‍ക്കൊള്ളുവാനും അവ ധാരാളം മതിയാകും. മറിയവുമായി വിവാഹം നിശ്ചയിക്കപ്പെട്ട സാധാരണക്കാരനായ ഒരു മരപ്പണിക്കാരനായിരുന്നു യൗസേപ്പ് എന്ന് നമുക്കറിയാം. അദ്ദേഹം നീതിമാനായിരുന്നു. (മത്തായി 1:19). നാലു സ്വപ്നങ്ങളിലൂടേയും നിയമത്തിലൂടെയും അദ്ദേഹത്തിനു വെളിപ്പെട്ട ദൈവേച്ഛ നിവര്‍ത്തിക്കാന്‍ സദാ സന്നദ്ധനുമായിരുന്നു. നസ്രത്തില്‍നിന്ന് ബെത്‌ലഹേമിലേക്കുള്ള സുദീര്‍ഘവും പരിക്ഷീണവുമായ യാത്രയ്ക്കുശേഷം വേറൊരു സ്ഥലവും ലഭ്യമല്ലാത്തതിനാല്‍ കാലിത്തൊഴുത്തില്‍ ജാതനായ മിശിഹായെ അദ്ദേഹം കണ്ടു, പരിചരിച്ചു. ഇസ്രയേല്‍ ജനതയെയും വിജാതിയരെയും പ്രതിനിധാനംചെയ്ത ഇടയന്മാരും പൂജരാജാക്കളും ശിശുവിനെ ആരാധിച്ചതിനും അദ്ദേഹം സാക്ഷിയായി.
2. യേശുവെന്നു പേരു നല്കിയ വളര്‍ത്തു പിതാവ്
മാലാഖമാര്‍ അദ്ദേഹത്തിനു വെളിപ്പെടുത്തിയ യേശു എന്ന നാമം ശിശുവിനു നല്കാന്‍ നിയമാനുസൃതമായി യേശുവിന്‍റെ പിതാവായ യൗസേപ്പ് ധൈര്യം കാണിച്ചു. ''ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് അവന്‍ മോചിപ്പിക്കുമെന്നതിനാല്‍ അവനെ നീ യേശുവെന്ന് വിളിക്കണം.'' നമുക്ക് അറിയാവുന്നപോലെ, പ്രാചീന ജനതകളെ സംബന്ധിച്ചിടത്തോളം, ഉല്‍പ്പത്തി പുസ്തകത്തില്‍ ആദം ചെയ്തതുപോലെയും ഒരു വസ്തുവിനോ ആള്‍ക്കോ പേരു വിളിക്കുന്നത് ഒരാള്‍ അതിനോടുള്ള തന്‍റെ ബന്ധം ഊട്ടിയുറപ്പിക്കുന്ന നടപടിയാണ്.
3. യൗസേപ്പും കുടുംബവും - കുടിയേറ്റക്കാര്‍
യേശുവിന്‍റെ ജനനത്തിന് നാല്‍പ്പതു നാളുകള്‍ക്കുശേഷം യൗസേപ്പും മറിയവും ദേവാലയത്തില്‍വന്ന് ശിശുവിനെ ദൈവത്തിനു സമര്‍പ്പിച്ചു. യേശുവിന്‍റെയും അവന്‍റെ മാതാവിനെയും കുറിച്ചുള്ള ശിമയോന്‍റെ പ്രവചനം അവിടെവെച്ച് അവര്‍ വിസ്മയത്തോടെ ശ്രവിച്ചു. ഹേറോദേസില്‍നിന്ന് യേശുവിനെ രക്ഷിക്കാന്‍ യൗസേപ്പ് ഈജിപ്തിലേയ്ക്കു പലായനംചെയ്ത്, ഒരു കുടിയേറ്റക്കാരനായി വസിച്ചു. സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയതിനുശേഷം ജെരൂസലേം ദേവാലയത്തില്‍നിന്നും തന്‍റെ പൂര്‍വ്വികരുടെ നഗരമായ ബെത്‌ലഹേമില്‍നിന്നും വളരെ ദൂരെ ഗലീലിയിലെ നസ്രത്ത് എന്ന ചെറുഗ്രാമത്തില്‍ അദ്ദേഹം കുടുംബത്തോടെ അജ്ഞാതവാസം നയിച്ചു. ''ഒരു പ്രവാചകനും ഉയരാത്ത'', ''നല്ലതെന്തെങ്കിലും നസ്രത്തില്‍നിന്നു വരുമോ'' എന്നിങ്ങനെയാണ് അതിനെക്കുറിച്ച് പറയപ്പെട്ടിരുന്നത്. യെരുശലേമിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ യൗസേപ്പിനും മറിയത്തിനും പന്ത്രണ്ടു വയസ്സുകാരനായ യേശുവിനെ നഷ്ടമായി. ഉല്‍ക്കണ്ഠയോടെ അവനെ തിരഞ്ഞപ്പോള്‍ ദേവാലയത്തില്‍ നിയമജ്ഞരുമായി തര്‍ക്കിക്കുന്ന നിലയില്‍ അവിടുത്തെ കണ്ടെത്തുകയുണ്ടായി. മറിയത്തിനു പുറമെ, അവളുടെ ഭര്‍ത്താവായ യൗസേപ്പല്ലാതെ വേറൊരു വിശുദ്ധനും സഭാ ലിഖിതങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിച്ചിട്ടില്ല.
4. മുന്‍സഭാദ്ധ്യക്ഷന്മാരും യൗസേപ്പിതാവും
രക്ഷാകര ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ കേന്ദ്രസ്ഥാനം വിലയിരുത്തുന്നതിനായി എന്‍റെ പൂര്‍വ്വസൂരികള്‍ സുവിശേഷ വചനങ്ങള്‍ നല്‍കുന്ന പരിമിതമായ വിവരണങ്ങളില്‍ വളരെയധികം വിചിന്തനം നടത്തിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട 9-Ɔο പിയൂസ് പാപ്പാ അദ്ദേഹത്തെ ''കത്തോലിക്കാ സഭയുടെ രക്ഷാധികാരിയായി'' പ്രഖ്യാപിച്ചു. ധന്യനായ 12-Ɔο പിയൂസ് അദ്ദേഹത്തെ തൊഴിലാളികളുടെ രക്ഷാധികാരിയായി നിര്‍ദ്ദേശിച്ചു. വിശുദ്ധ ജോണ്‍പോള്‍ 2-Ɔമന്‍ അദ്ദേഹത്തെ ''രക്ഷകന്‍റെ സംരക്ഷകനാ''യാണ് വിശേഷിപ്പിച്ചത്. ''ഭാഗ്യമരണത്തിന്‍റെ മദ്ധ്യസ്ഥനാ''യാണ് വിശുദ്ധ യൗസേപ്പിനെ സാര്‍വ്വലൗകികമായി ഇന്നും ആരാധിക്കുന്നത്.
5. പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിപരമായ ചിന്തകള്‍
1870 ഡിസംബര്‍ 8ന് വാഴ്ത്തപ്പെട്ട ഒമ്പതാം പിയൂസ് പാപ്പാ അദ്ദേഹത്തെ ''കത്തോലിക്കാ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന് 150 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍, മാനുഷികാനുഭവങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന ഈ അസാധാരണ വ്യക്തിത്വത്തെക്കുറിച്ച് എന്‍റെ വ്യക്തിപരമായ ചില ചിന്തകള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. യേശു പറയുംപോലെ, ''ഹൃദയം നിറഞ്ഞു കവിയുമ്പോഴാണ് അധരങ്ങള്‍ സംസാരിക്കുന്നത്.'' മഹാമാരിയുടെ ഈ മാസങ്ങളില്‍ നാം അനുഭവിക്കുന്ന പ്രതിസന്ധിയുടെ മദ്ധ്യത്തില്‍ ഇതിനായുള്ള എന്‍റെ ആഗ്രഹം വര്‍ദ്ധിച്ചിരിക്കുകയാണ്. നാം പലപ്പോഴും അവഗണിക്കുന്ന സാധാരണ ജനങ്ങളുമായി നമ്മുടെ ജീവിതം എന്തുമാത്രം ഇഴചേര്‍ന്നിരിക്കുന്നുവെന്നും അവര്‍ എങ്ങനെ നമ്മെ തുണയ്ക്കുന്നുവെന്നും മനസ്സിലാവുകയാണ് ഈ ലിഖിതം.
6. കുടുംബ ജീവിതത്തിന്‍റെ അണിയറക്കാരന്‍
പത്രങ്ങളുടെ തലക്കെട്ടുകളിലോ, ടെലിവിഷന്‍ പരിപാടികളിലോ കാണപ്പെടാത്ത അജ്ഞാതരായ ആ മനുഷ്യര്‍ നമ്മുടെ ചരിത്രത്തിന്‍റെ നിര്‍ണ്ണായകമായ സംഭവങ്ങളെ രൂപപ്പെടുത്തുകയാണ്. ഡോക്ടര്‍മാര്‍, നെഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മതപുരോഹിതരും ഭക്തജനങ്ങളുംവരെ അസംഖ്യം ആളുകള്‍ സേവനത്തിന്‍റെ മുന്നണിയിലുണ്ട്. ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ക്ഷമയോടെയും പ്രത്യാശയോടെയും എന്തുമാത്രം ആളുകളാണ് സേവന സന്നദ്ധരായിരിക്കുന്നത്. പ്രശ്‌ന സമയങ്ങളില്‍ വഴികാട്ടിയായും തുണയായും അദൃശ്യസാന്നിദ്ധ്യമായി ആരാലും ശ്രദ്ധിക്കപ്പെടാതെയും കടന്നുപോകുന്ന ഈ വ്യക്തികളില്‍ ഓരോരുത്തരിലും നമുക്ക് വിശുദ്ധ യൗസേപ്പിനെ കണ്ടെത്താം. രക്ഷാകര ചരിത്രത്തിന്‍റെ നിഴലില്‍ നില്‍ക്കുകയോ കാണപ്പെടുകയോ ചെയ്യാത്ത ഒരാള്‍ക്കുപോലും അതുല്യമായ ഒരു പങ്കുണ്ടെന്ന് വിശുദ്ധ യൗസേപ്പ് ഈ ഒരു വര്‍ഷത്തില്‍ നമ്മെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു.
(അടുത്ത വെള്ളിയാഴ്ച – രണ്ടാഭാഗം ലഭ്യമാക്കും).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: