അഭിനിവേശത്തോടെ നിത്യപ്രകാശത്തെ പിന്‍തുടരാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ജനുവരി 6-Ɔο തിയതി, ബുധനാഴ്ച പൂജരാജാക്കളുടെ തിരുനാളില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ ലൈബ്രറിയില്‍നിന്നും ‘ഓണ്‍-ലൈനി’ല്‍ നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തിലെ ചിന്തകള്‍ :
1. എല്ലാവരെയും പ്രകാശിപ്പിക്കുന്ന ദൈവം
ക്രിസ്തുവില്‍ ലഭ്യമാകുന്ന രക്ഷയ്ക്ക് അതിരുകളില്ലെന്നും അവിടുത്തെ തിരുപ്പിറവിയുടെ ഭാഗംതന്നെയാണ് പ്രത്യക്ഷീകരണമെന്നും കിഴക്കുനിന്നുമുള്ള ജ്ഞാനികള്‍ക്ക് അവിടുന്നു വെളിപ്പെടുത്തിയ സംഭവമാണിതെന്നും പാപ്പാ വിശദീകരിച്ചു. എന്നാല്‍ അത് വെളിച്ചത്തിന്‍റെ കാഴ്ചപ്പാടാണ്. കാരണം വെളിച്ചം എല്ലാവരെയും പ്രകാശിപ്പിക്കുന്നു. നന്മയുടെ വെളിച്ചത്തെ വിശ്വാസത്തില്‍ സകലരും ഉള്‍ക്കൊള്ളുകയും സ്വാഗതംചെയ്യുകയും ചെയ്യുന്നു. സാഹോദര്യത്തിന്‍റെയും ഉപവിയുടെയും അരൂപിയില്‍ നമുക്കു ലഭിച്ചിട്ടുള്ള നന്മയുടെ വെളിച്ചം മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതാണെന്ന് പ്രത്യക്ഷീകരണ മഹോത്സവം നമ്മെ പഠിപ്പിക്കുന്നതായി പാപ്പാ ഉദ്ബോധിപ്പിച്ചു.
2. ഇന്നു മാനവരാശി അനുഭവിക്കുന്ന ഇരുട്ട്
ഏശയായുടെ പ്രവചനങ്ങളില്‍ എടുത്തുപറയുന്ന രക്ഷയുടെ വെളിച്ചത്തെക്കുറിച്ചുള്ള ചിന്ത പാപ്പാ ഉദ്ധരിച്ചു. അത് ഇക്കാലയളവില്‍ പ്രസക്തമാവുകയാണെന്നും പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഇരുട്ട്, ഒരു കൂരിരുട്ട് ഭൂമിയെ ഇന്ന് ആവരണംചെയ്യുന്നു. ദൈവം ജരൂസലേത്തിനു നല്കിയ വെളിച്ചം ലോകത്തെ സകല ജനതകളെയും പ്രകാശിപ്പിക്കേണ്ടതാണെന്ന പ്രവാചക ചിന്തകള്‍ പാപ്പാ ആവര്‍ത്തിച്ചു. പ്രകാശം എല്ലാവരെയും – അകലെയുള്ളവരെയും അടുത്തുള്ളവരെയും- - മാനവികതയുടെ ചരിത്രത്തെ ആകമാനം ഒരുപോലെ ആകര്‍ഷിക്കുന്നു. അതു കണ്ടെത്തുന്നവര്‍ അതിനായി ഇറങ്ങിപ്പുറപ്പെടുന്നു. അത് ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പ്രകാശമാണ്. മനസ്സുകള്‍ക്ക് പ്രത്യാശയും
സമാധാനവും പകരുന്ന പ്രകാശമാണത്.
ഇന്ന് അന്ധകാരം ലോകത്തെ ആവരണംചെയ്തിരിക്കുകയാണ്. അത് ഓരോ ജീവനും, മാനവ ചരിത്രത്തിനുതന്നെയും ഭീഷണിയായിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ബെതലഹേമില്‍ ഉദിച്ചുയര്‍ന്നതും അവാച്യമായ ആനന്ദം തരുന്നതുമായ ആ പ്രകാശം ദൈവത്തിന്‍റെ പ്രകാശമാണെന്നും ക്രിസ്തുവാണെന്നുമുള്ള തിരിച്ചറിവാണ് ആനന്ദദായകമായ രക്ഷയിലേയ്ക്കുള്ള മാര്‍ഗ്ഗമെന്നും പാപ്പാ ഉദ്ബോധിച്ചു.
3. മനുഷ്യന്‍റെ പ്രത്യാശയുടെ ചക്രവാളത്തിലെ
വലിയ പ്രകാശം
രക്ഷകനെക്കുറിച്ചുള്ള മനുഷ്യന്‍റെ പ്രത്യാശയുടെ ചക്രവാളത്തില്‍ ഉദിച്ച പ്രകാശമായി ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ജനിച്ച കുഞ്ഞിനെ, യേശുവിനെ ചിത്രീകരിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷമാണെന്ന് പാപ്പാ തുടരുന്നു വ്യക്തമാക്കി (മത്തായി 2, 1-12). ദൈവസ്നേഹത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും ദൈവരാജ്യം ഭൂമില്‍ അനാവരണംചെയ്തവന്‍ ബെതലഹേമില്‍ തെളിഞ്ഞ ദിവ്യപ്രകാശമായ ക്രിസ്തുവാണെന്ന് മത്തായി സ്ഥാപിക്കുന്നതെന്ന് പാപ്പാ വിവരിച്ചു. അതിനാല്‍ അവിടുന്നു ജനിച്ചത് കുറച്ചുപേര്‍ക്കുവേണ്ടിയല്ല, സകല ലോകത്തിനും വേണ്ടിയാണെന്നും പാപ്പാ സമര്‍ത്ഥിച്ചു.
4. പങ്കുവയ്ക്കേണ്ട ക്രിസ്തുവെളിച്ചം
ക്രിസ്തുവിന്‍റെ പ്രകാശം പരക്കുന്നത് അധികാരത്തിന്‍റെയോ അടിച്ചേല്പിക്കലിന്‍റെയോ ലൗകിക വഴികളിലല്ല, സുവിശേഷ മാര്‍ഗ്ഗേണയാണെന്നു പാപ്പാ വിവരിച്ചു. മനുഷ്യാവതാരമെന്നാല്‍ ദൈവം മനുഷ്യനിലേയ്ക്ക് എത്തിപ്പെടുന്നതും ദൈവം മനുഷ്യരെ പുല്‍കുന്നതുമാണ്. യഥാര്‍ത്ഥ വെളിച്ചം ക്രിസ്തുവാണെങ്കിലും ഓരോ വ്യക്തിയും, ഓരോ ക്രൈസ്തവനും ജീവിതശൈലികൊണ്ട് ക്രിസ്തുവിനു സാക്ഷ്യമാവുകയും അവിടുത്തെ സുവിശേഷത്തിന്‍റെ സാക്ഷികളാകേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവിക വെളിച്ചമായി അവിടുത്തെ സ്നേഹത്തെ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ മറ്റുള്ളവരെയും തങ്ങളിലേയ്ക്കും അവരിലെ നന്മയിലേയ്ക്കും ആകര്‍ഷിച്ച്, അതില്‍ പങ്കുകാരാക്കും. അവര്‍ ക്രിസ്തുവിന്‍റെ പ്രകാശമായും വലിയ നക്ഷത്രമായും തെളിഞ്ഞു പ്രശോഭിക്കുമെന്നും, അവര്‍ അവിടുത്തെ അനന്തമായ നന്മയുടെയും സ്നേഹത്തിന്‍റെയും സാക്ഷികളായിത്തീരുമെന്നും പാപ്പാ പ്രസ്താവിച്ചു.
5. വെളിച്ചത്തില്‍ ആവേശംകൊണ്ടു ജീവിക്കാം
ക്രിസ്തുവിന്‍റെ വെളിച്ചം നമ്മിലുണ്ടെന്ന് ഉറച്ച്, നിസംഗതയില്‍ ജീവിക്കുന്നത് മൗഢ്യമാണെന്ന് പാപ്പാ താക്കീതു നല്കി. പൂജരാജാക്കളെപ്പോലെ അവര്‍ കണ്ടെത്തിയ വെളിച്ചത്തില്‍ ആവേശംകൊള്ളുവാനും അതിനെ തീവ്രമായ ആഗ്രഹത്തോടെ പിന്‍ചെല്ലുവാനും, ക്രിസ്തുവിനാല്‍ പ്രചോദിതരും പ്രകാശിതരുമാകുവാനുമുള്ള തുറവു കാണിക്കുകയും അതില്‍ ആശ്ചര്യഭരിതരും നവീകൃതരുമായി ജീവിതയാത്ര തുടരുവാന്‍ നമുക്കു സാധിക്കേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ജനതകളുടെ പ്രകാശമായ വെളിച്ചം (Lumen Gentium) ലോകം തിരിച്ചറിയാന്‍ ആഗോള സഭയുടെ അമ്മയായ മറിയത്തോടു പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം ഉപസംഹരിച്ചത്.