വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന് സഭയില്‍ തുടക്കമായി
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ആഗോള സഭയുടെ മദ്ധ്യസ്ഥന്‍ - വിശുദ്ധ യൗസേപ്പിതാവ്
സഭയുടെ മദ്ധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. അമലോത്ഭവനാഥയുടെ തിരുനാളില്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ ഡിക്രിയും വിശുദ്ധ യൗസേപ്പിതാവിനെ സംബന്ധിച്ച അപ്പസ്തോലിക ലിഖിതം Patris Cordis, “പിതാവിന്‍റെ ഹൃദയം” എന്നിവയോടെയാണ് പാപ്പാ ഫ്രാന്‍സിസ് ആഗോള സഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്.
2. ആത്മീയാനുഭവത്തിന്‍റെ പ്രത്യേക വര്‍ഷം
ദൈവഹിതത്തില്‍ അനുദിന ജീവിതം നയിക്കുവാന്‍ വിശുദ്ധ യൗസേപ്പിതാവ് ഓരോ ക്രൈസ്തവനും കുടുംബങ്ങള്‍ക്കും മാതൃകയാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് വിശുദ്ധ യൗസേപ്പിതാവിന്‍റെ ഓര്‍മ്മയില്‍ ചെലവഴിക്കാന്‍ ഒരു പ്രത്യേക വര്‍ഷക്കാലം നല്കിയിരിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയും സല്‍പ്രവര്‍ത്തിക്കളിലൂടെയും തിരുക്കുടുംബത്തിന്‍റെ പാലകനായ വിശുദ്ധന്‍റെ മാതൃക അനുകരിച്ചുകൊണ്ട് നാം ഇന്ന് അഭിമുഖീകരിക്കുന്ന ജീവിതക്ലേശങ്ങളില്‍നിന്നും സമാശ്വാസവും രക്ഷയും പ്രാപിക്കുവാന്‍ സകല വിശ്വാസികള്‍ക്കും യൗസേപ്പിതാവിന്‍റെ വര്‍ഷം സഹായകമാകുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഡിക്രിയില്‍ ആമുഖമായി പ്രസ്താവിച്ചിട്ടുണ്ട്.
3. ദിവ്യരക്ഷകന്‍റെ കാവല്‍ക്കാരനോടുള്ള പ്രത്യേക വണക്കം
ദിവ്യജനനിയും രക്ഷകന്‍റ അമ്മയുമായ മറിയത്തോടുള്ള വണക്കം കഴിഞ്ഞാല്‍ സഭാചരിത്രത്തില്‍ ദിവ്യരക്ഷകന്‍റെ കാവല്‍ക്കാരനായ വിശുദ്ധ യൗസേപ്പിനോടുള്ള വണക്കം (Custos Redemptoris) സമുന്നവും വിവിധ ശ്രേഷ്ഠനാമങ്ങളാല്‍ അലംകൃതവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുന്നുണ്ട്. ദൈവിക ഭവനത്തിന്‍റെ വിശ്വസ്ത കാവല്‍ക്കാരനും “തന്‍റെ നിക്ഷേപത്തില്‍നിന്നും പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനായും…”
(മത്തായി 13, 52) സഭയുടെ പ്രബോധനാധികാരത്തില്‍ വിശുദ്ധ യൗസേപ്പിതാവിനെ സംബന്ധിച്ചുള്ള പുരാതനവും നൂതനവുമായ ശ്രേഷ്ഠതകള്‍ ഈ ജൂബിലി വര്‍ഷത്തില്‍ സഭാമക്കള്‍ കണ്ടെത്തണമെന്നത് ഒരു വര്‍ഷത്തെ ആത്മീയാചരണത്തിന്‍റെ ലക്ഷ്യമാണെന്നും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നുണ്ട്.