യൗസേപ്പിതാവിന്‍റെ വര്‍ഷത്തിലെ അത്യപൂര്‍വ്വ പ്രബോധനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. യേശുവിന്‍റെ വളര്‍ത്തുപിതാവ്
ഡിസംബര്‍ 8, അമലോത്ഭവത്തിരുനാളിലായിരുന്നു വിശുദ്ധ യൗസസേപ്പിനെ സംബന്ധിച്ച “പാത്രിസ് കോര്‍ദേ...” (Patris corde) “പിതാവിന്‍റെ ഹൃദയം…” എന്ന അപ്പസ്തോലിക ലിഖിതം പാപ്പാ ഫ്രാന്‍സിസ് പ്രകാശിപ്പിച്ചത്. ആഗോളസഭയുടെ മദ്ധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷിക 2020 ഡിസംബര്‍ 8-മുതല്‍ 2021 ഡിസംബര്‍ 8-വരെ ആചരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് തിരുക്കുടുംബ പാലകനെ സംബന്ധിച്ച പ്രബോധനം പ്രകാശനംചെയ്തത്. 1870-ല്‍ 9-Ɔο പിയൂസ് പാപ്പായാണ് വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്.
സുവിശേഷങ്ങള്‍ വ്യക്തമാക്കുന്ന പ്രകാരം പിതൃഹൃദയത്തോടെ നസ്രത്തിലെ ജോസഫ് യേശുവിനെ സ്നേഹിച്ചുവെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിക്കുന്നത്. യേശുവിന്‍റെ വളര്‍ത്തു പിതാവിനെ സംബന്ധിച്ചു സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്ന പരിമിതമായ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും, രക്ഷണീയ പദ്ധതിയില്‍ വിശുദ്ധ യൗസേപ്പിതാവിനുള്ള അതുല്യമായ പങ്ക് രേഖീകരിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ലിഖിതം ആരംഭിക്കുന്നത്.
2. ക്ലേശജീവിതത്തിലെ നിശബ്ദസേവകന്‍
9-Ɔο പിയൂസ് പാപ്പായാണ് വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്. കൂടാതെ 12-Ɔο പിയൂസ് പാപ്പാ അദ്ദേഹത്തെ “തൊഴിലാളികളുടെ മദ്ധ്യസ്ഥ”നായും, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ “രക്ഷകന്‍റെ സംരക്ഷകനാ”യും, സഭയുടെ മതബോധന ഗ്രന്ഥത്തില്‍ വിശുദ്ധനെ “നല്‍മരണത്തിന്‍റെ മദ്ധ്യസ്ഥനാ”യും പ്രബോധിപ്പിക്കുന്നത് പാപ്പാ ഫ്രാന്‍സിസ് തന്‍റെ അപ്പസ്തോലിക ലിഖിതത്തില്‍ എടുത്തു പറയുന്നു. ഒരു മഹാമാരിയുടെ കാലത്ത് താന്‍ വിശുദ്ധ യൗസേപ്പിനെ സഭാമക്കള്‍ക്ക് മാതൃകയായ് നില്കുന്നത് രക്ഷാകര ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ നിശബ്ദമായ സേവനത്തിന്‍റെ വ്യക്തിത്വവും മഹത്വവും സകല വിശ്വാസികളും മാതൃകയാക്കണമെന്നു പഠിപ്പിക്കുവാനാണെന്ന് പാപ്പാ ഫ്രാന്‍സിസ് അടിവരയിട്ടു പ്രസ്താവിച്ചു.
ടെലിവിഷന്‍ വാര്‍ത്തകളിലോ, ടി.വി. ഷോകളിലോ പ്രത്യക്ഷപ്പെടാതെ ക്ലേശിക്കുന്ന ആയിരിങ്ങള്‍ക്കും അതിലേറെ മരണമടയുന്നവരുടെ ചാരത്ത് നിശബ്ദ സേവനവുമായി കഴിഞ്ഞുകൂടുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും അവരുടെ സഹായികളെയും മറ്റ് മെഡിക്കല്‍ മേഖലയിലെ ജീവനക്കാരെയും രോഗീപരിചാരകരെയും അനുസ്മരിച്ചുകൊണ്ടാണ് താന്‍ ഈ അപ്പസ്തോലിക ലിഖിതം കുറിക്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധനത്തില്‍ പ്രഖ്യാപിക്കുന്നത് ശ്രദ്ധേയമാണ്.
ലിഖിതത്തിന്‍റെ കേന്ദ്രഭാഗം - യൗസേപ്പിതാവിന്‍റെ
തനിമയാര്‍ന്ന വിശേഷണങ്ങള്‍
a) വാത്സല്യമുള്ള പിതാവ്,
b) ലോലമായ സ്നേഹവും ലാളിത്യവുമുള്ള അച്ഛന്‍,
c) അനുസരണയുടെ മാതൃകയായ കുടുംബനാഥന്‍,
d) മറിയത്തെ നിരുപാധീകമായി അംഗീകരിച്ച വിരക്തനായ ഭര്‍ത്താവ്,
e) ആത്മധൈര്യത്തിന്‍റെ ക്രിയാത്മകതയുള്ള വ്യക്തി,
f) കഠിനാദ്ധ്വാനിയായ പിതാവ്,
g) പിന്നണിക്കാരനും നിശ്ശബ്ദസേവകനും
എന്നിങ്ങനെ തനിമയാര്‍ന്ന ഏഴ് ആത്മീയ വിശേഷണങ്ങള്‍ കൂട്ടിയിണക്കിക്കൊണ്ടും വിശുദ്ധ യൗസേപ്പിനോടുള്ള മനോഹരമായ പ്രാര്‍ത്ഥനയോടെയുമാണ് Patris Corde, “പിതാവിന്‍റെ ഹൃദയം” എന്ന അപ്പസ്തോലിക ലിഖിതം പാപ്പാ ഉപസംഹരിക്കുന്നത്. യൗസേപ്പിതാവിനോടു നാം പ്രാര്‍ത്ഥിക്കേണ്ട കൃപ മാനസാന്തരമാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.
അതുമാത്രമാണ് ഇന്നും നാം യാചിക്കേണ്ടത് എന്നു പറഞ്ഞിട്ട്, സ്വന്തമായി രചിച്ച തിരുക്കുടുംബ പാലകനോടുള്ള പ്രാര്‍ത്ഥന രേഖപ്പെടുത്തിക്കൊണ്ടാണ് അപ്പസ്തോലിക ലിഖിതം ഉപസംഹരിച്ചത്.
യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ദിവ്യരക്ഷകന്‍റെ പ്രിയ കാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ!
പരിശുദ്ധ കന്യകാനാഥയുടെ ഭര്‍ത്താവേ,
അങ്ങേ കരങ്ങളില്‍ ദൈവം തന്‍റെ ഏകജാതന്‍
യേശുവിനെ ഭരമേല്പിച്ചു.
പരിശുദ്ധ മറിയം അങ്ങില്‍ ഏറെ വിശ്വാസമര്‍പ്പിച്ചു.
അങ്ങയോടുകൂടെയും അങ്ങിലും ക്രിസ്തു ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി.
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ അങ്ങില്‍ അഭയം തേടുന്നു.
ജീവിതപാതയില്‍ അങ്ങു ഞങ്ങള്‍ക്കു തുണയായിരിക്കണമേ.
ഞങ്ങള്‍ക്കായി കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തരണമേ.
എല്ലാ തിന്മകളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,
ആമേന്‍.