തിരയുക

സ്നേഹാദരങ്ങളോടെ... സ്നേഹാദരങ്ങളോടെ... 

ക്ഷീണിതനെങ്കിലും കര്‍ദ്ദിനാളന്മാരെ ഹാര്‍ദ്ദവമായി വരവേറ്റു

നവകര്‍ദ്ദിനാളന്മാരെ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ വത്തിക്കാന്‍ തോട്ടത്തിലെ “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തില്‍ സ്വീകരിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

1.  “മാത്തര്‍ എക്ലേസിയേ” ഭവനം
ആഗോളസഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 13 പേരെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ചാണ് പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 28-ന് സ്ഥാനികചിഹ്നങ്ങള്‍ നല്കി, സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ കര്‍ദ്ദിനാളന്മാരായി വാഴിച്ചത്. മുന്‍പാപ്പാ ബെനഡിക്ട് വിശ്രമജീവിതം നയിക്കുന്ന വത്തിക്കാന്‍ തോട്ടത്തിലെ “മാത്തര്‍ എക്ലേസിയേ” ഭവനത്തിലേയ്ക്ക് കര്‍ദ്ദിനാളന്മാര്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തിലാണ് പുറപ്പെട്ടത്.

 2. ഒരു സ്നേഹസംഗമം
വാഗ്മിയും സഭയുടെ ദൈവശാസ്ത്രപണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ പാപ്പാ റാത്സിങ്കര്‍ 2013 ഫെബ്രുവരിയില്‍ വിശ്രമജീവിതത്തിലേയ്ക്ക് കടന്നതില്‍ പിന്നെ അധിക സമയവും പ്രാര്‍ത്ഥനയിലും ഏകാന്തതയിലുമാണ് സമയം ചെലവഴിച്ചുപോന്നത്. വീല്‍ചെയറിന്‍റെയും വാക്കറിന്‍റെയും സഹായത്തോടെ മാത്രം ചലിക്കുന്ന 93 വയസ്സെത്തിയ പാപ്പാ ബെനഡിക്ട് ക്ഷീണിതനെങ്കിലും നവകര്‍ദ്ദിനാളന്മാരെ സ്വീകരിക്കാന്‍ “മാത്തര്‍ എക്ലേസിയേ” ഭവനത്തിലെ കപ്പേളയില്‍ കാത്തിരുന്നു. ഇരുന്നുകൊണ്ടായിരുന്നെങ്കിലും ഉന്മേഷവാനായും ആഹ്ലാദപൂര്‍വ്വവും പാപ്പാ റാത്സിങ്കര്‍ വിവിധ രാജ്യക്കാരായ പുതിയ കര്‍ദ്ദിനാളന്മാരെ കരങ്ങള്‍ ഉയര്‍ത്തി എതിരേറ്റു. പാപ്പാ ഫ്രാന്‍സിസ് വാത്സല്യത്തോടെ ഹസ്തദാനം നല്കി മുന്‍പാപ്പായെ അഭിവാദ്യംചെയ്തു. പുതിയ കര്‍ദ്ദിനാളന്മാരെ ഓരോരുത്തരെയും പാപ്പായുടെ സെക്രട്ടറി  ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ജാന്‍സ്വെയിന്‍  പരിചയപ്പെടുത്തി. നവകര്‍ദ്ദിനാളന്മാരുടെ സന്ദര്‍ശനത്തില്‍ ആഹ്ലാദം പ്രകടമാക്കിയ പാപ്പാ ബെനഡിക്ട് അവര്‍ക്കൊപ്പം സ്വര്‍ല്ലോക രാജ്ഞീ, (Salve Regina) എന്ന പ്രാര്‍ത്ഥന ആലപിക്കുകയും എല്ലാവരെയും ആശീര്‍വ്വദിക്കുകയും ചെയ്തു.

3.  സന്ദര്‍ശനം ഒരു സാഹോദര്യക്കൂട്ടായ്മ
2016-ലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കൂട്ടായ്മയ്ക്കും വാഴിക്കല്‍ കര്‍മ്മത്തിനുംശേഷമാണ് ആദ്യമായി നവകര്‍ദ്ദിനാളന്മാര്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പാപ്പായെ കാണുവാന്‍ പോകുന്ന പതിവിന് തുടക്കമായത്. എന്നാല്‍ 2014-ലും 2015-ല്‍ കര്‍ദ്ദിനാളന്മാരെ വാഴിച്ച കണ്‍സിസ്ട്രിയിലും പാപ്പാ റാത്സിങ്കര്‍ സന്നിഹിതനായിരുന്നു.
 

08 December 2020, 10:00