തിരയുക

നവ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ (CARD.RANIERO CANTALAMESSA) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ആഗമനകാല ധ്യാന പ്രഭാഷണം നടത്തുന്നു, 04/12/2020 നവ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ (CARD.RANIERO CANTALAMESSA) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ആഗമനകാല ധ്യാന പ്രഭാഷണം നടത്തുന്നു, 04/12/2020 

മൃത്യു: മനുഷ്യർക്കിടയിലെ അന്തരങ്ങളുടെയും അനീതികളുടെയും അന്ത്യം!

തങ്ങളും ഒരിക്കൽ മരിക്കേണ്ടിവരുമെന്ന് അക്രമികളും മർദ്ദകരും ചിന്തിച്ചിരുന്നെങ്കിൽ ഭൂമിയിൽ എത്രമാത്രം യുദ്ധങ്ങളും ക്രൂരതകളും ഇല്ലാതാകുമായിരുന്നു! - കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസിയുടെ ജീവിതത്തിൻറെ അന്ത്യം മരണമല്ല, കാരണം, വിശ്വാസിയെ കാത്തിരിക്കുന്നത് നിത്യജീവിതമാണെന്ന് കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ (CARD.RANIERO CANTALAMESSA).

പേപ്പൽ ഭവനത്തിലെ ധ്യാനപ്രാസംഗികനായ, കപ്പൂച്ചിൻ സമൂഹാംഗമായ നവ കർദ്ദിനാൾ കന്തലമേസ്സ വെള്ളിയാഴ്ച (04/12/20) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ഫ്രാൻസീസ് പാപ്പായും പങ്കെടുത്ത ആഗമനകാല ആദ്യ ധ്യാനപ്രസംഗം നടത്തുകയായിരുന്നു.

ഇനി വരുന്ന രണ്ടു വെള്ളിയാഴ്ചകളിലും, അതായത്, 11,18 തീയതികളിലും ഈ പ്രഭാഷണ പരമ്പര തുടരും.

“മരണം ജന്മനാ പിടിപെടുന്ന മാരകരോകമാണ്” എന്ന വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ അനുസ്മരിച്ച കർദ്ദിനാൾ കന്തലമേസ്സ, മൃത്യു എന്നത് നല്ലൊരു ജേഷ്ടത്തിയും നമ്മെ ഏറെക്കാര്യങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപികയും ആണെന്നും ഉദ്ബോധിപ്പിച്ചു. 

മനുഷ്യർക്കിടയിലുള്ള സകല അന്തരങ്ങളുടെയും അനീതികളുടെയും അന്ത്യമാണ് മരണമെന്നും അദ്ദേഹം പറഞ്ഞു.

സകല വിശേഷാധികാരങ്ങളെയും ഇല്ലാതാക്കുന്ന ഒരു സമീകരണോപാധിയാണ് മരണം എന്ന ഇറ്റലിക്കാരനായ ഹാസ്യനടൻ തൊത്തൊയുടെ (Totò) വാക്കുകളും കർദ്ദിനാൾ കന്തലമേസ്സ അനുസ്മരിച്ചു.

തങ്ങളും ഒരിക്കൽ മരിക്കേണ്ടിവരുമെന്ന് അക്രമികളും മർദ്ദകരും ചിന്തിച്ചിരുന്നെങ്കിൽ ഭൂമിയിൽ എത്രമാത്രം യുദ്ധങ്ങളും ക്രൂരതകളും ഇല്ലാതാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

05 December 2020, 17:39