തിരയുക

പ്രകൃതിയുടെ ആര്‍ദ്രതയില്‍ വിരിഞ്ഞ “അങ്ങേയ്ക്കു സ്തുതി!” ഉദ്യാനം

വെനീസിലെ “പോ” നദീതടത്തില്‍ ആരംഭിച്ച “അങ്ങേയ്ക്കു സ്തുതി!” ഉദ്യാനത്തിന്‍റെ ഉദ്ഘാടന സന്ദേശം – ഹ്രസ്വവീഡിയോ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ
പ്രചോദനം ഉള്‍ക്കൊണ്ട്...

പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം, “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”-യുടെ 5-Ɔο വാര്‍ഷികപരിപാടിയുടെ ഭാഗമായിട്ടാണ് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പരിസ്ഥിതി കാര്യങ്ങള്‍ക്കായുള്ള വിഭാഗം വടക്കെ ഇറ്റലിയിലെ വെനീസില്‍ പൊ നദീതീരത്ത് “അങ്ങേയ്ക്കു സ്തുതി!” ഉദ്യാനം സ്ഥലത്തെ നഗരസഭകളോടു ചേര്‍ന്നു സംവിധാനംചെയ്തത്. വെനീസില്‍ പോ നദീതീരത്തുള്ള 7 നഗരസഭാ സമൂഹങ്ങളാണ് വത്തിക്കാന്‍റെ ഈ പദ്ധതിയുമായി കൈകോര്‍ത്ത് മനോഹരമായ “പോ” നദീതട ഉദ്യാനം യാഥാര്‍ത്ഥ്യമാക്കിയത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍ ദിനമായ ഓക്ടോബര്‍ 4-ന് “അങ്ങേയ്ക്കു സ്തുതി!” ഉദ്യാനം മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ ഉദ്ഘാടനംചെയ്തത്.

2.  കൂട്ടായ്മയുണ്ടെങ്കില്‍ ഭൂമിയെ രക്ഷിക്കാം
പ്രകൃതിയെ പരിപോഷിപ്പിക്കുന്നതോടൊപ്പം സമൂഹത്തിന് ഉപകാരപ്രദമാകുന്ന ഒരു മാതൃകാ പദ്ധതിയാണിതെന്ന് ഉദ്ഘോടന വേളയില്‍ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. ഭൂപ്രദേശത്തെ പരിസ്ഥിതിയെയും ജൈവവൈവിധ്യങ്ങളെയും ഈ ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം അവിടത്തെ പ്രകൃതി വിഭവങ്ങളും ജനജീവിതവും പ്രവര്‍ത്തനങ്ങളും ഉല്പന്നങ്ങളും വിദ്യാഭ്യാസവും തമ്മില്‍ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ തലങ്ങളില്‍ മുന്‍പൊരിക്കലും ഇല്ലാതിരുന്ന ക്രിയാത്മകമായ ബന്ധം വളരുകയാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കൊറോണവൈറസിന്‍റെ ആഗോള പ്രതിസന്ധിയില്‍ സമൂഹം കൂട്ടായ്മയോടെ നിന്നാല്‍ മനുഷ്യര്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനാവുമെന്നതിന് തെളിവാണ് ഈ ഉദ്യാനമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. ഭൂമിയെയും അതിന്‍റെ പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ട് ഒരുമയോടെ ജീവിച്ചാല്‍ മനുഷ്യസമൂഹത്തിന് ഏതു പ്രതിസന്ധിയെയും നേരിടാനാകുമെന്നുമുള്ള പ്രത്യാശയുടെ വാക്കുകള്‍ മൊഴിഞ്ഞുകൊണ്ടാണ് ക്യാമറൂണ്‍ സ്വദേശിയായ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

3. പൊതുഭവനമായ ഭൂമി
ഭാവിതലമുറയ്ക്കായി സംരക്ഷിക്കാം

വത്തിക്കാന്‍റെ പരസ്ഥിതി ശാസ്ത്രജ്ഞനും ഒരു വര്‍ഷക്കാലം നീളുന്ന “ലൗദാത്തോ സീ…” പരിപാടികളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന ഫാദര്‍ ജോഷ്ട്രോം ഐസക് കുരീത്തടം, എസ്.ഡി.ബി., കോവിഡ് 19-ന്‍റെ സാമ്പത്തിക വകുപ്പ് നിയന്ത്രണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സലീഷ്യന്‍ സിസ്റ്റര്‍ അലസാന്ദ്ര സ്മെരീലി എന്നിവരും ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്തു.  വെനീസിലെ റോസലീനി കേന്ദ്രീകരിച്ചാണ് ഉദ്യാനം വിരിഞ്ഞുനില്ക്കുന്നത്. കര്‍ദ്ദിനാളിന്‍റെ സാന്നിദ്ധ്യത്തില്‍ “പോ” പ്രദേശത്തിന്‍റെ പ്രതിനിധികളായി ഏതാനും യുവാക്കളും കുട്ടികളും പ്രകൃതിയുടെ ഭാവി സംരക്ഷകരായി  വൃക്ഷത്തൈകള്‍ നടുകയുംചെയ്തു.  ഇറ്റലിയുടെ പ്രശസ്ത സംഗീതസംവിധായകന്‍ ഫ്രാന്‍ചേസ്കോ സര്‍ത്തോരിയുടെ നേതൃത്വത്തില്‍ ഗായകന്‍ ഫ്രാന്‍ചേസ്കോ ഗ്രോള്ളൊ നയിച്ച സംഗീതനിശയും “അങ്ങേയ്ക്കു സ്തുതി!” ഉദ്യാനാന്തരീക്ഷത്തെ ഹൃദ്യവും കമനീയവുമാക്കി.
 

04 November 2020, 15:32