തിരയുക

Vatican News
പൂജരാജാക്കളുടെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ  ജര്‍മ്മന്‍ കുട്ടികള്‍ പൂജരാജാക്കളുടെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ ജര്‍മ്മന്‍ കുട്ടികള്‍  

“പൂജരാജാക്കളുടെ ഭവനം” ബെതലഹേമില്‍ തയ്യാറാകും

"പ്രോ തേറാ സാന്താ" അസ്സോസിയേഷന്‍ (Pro Terra Santa Association) ഒരുക്കുന്ന പദ്ധതി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  ഒരു സാംസ്കാരിക സംവാദ വിശ്രമ കേന്ദ്രം
യുവജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമുള്ള ഒരു സാംസ്കാരിക സംവാദ വിശ്രമ കേന്ദ്രമായിട്ടാണ് പൂജരാജാക്കളുടെ ഭവനം (The House of Magi) വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ബെതലഹേമില്‍ത്തന്നെയുള്ള 19-Ɔο നൂറ്റാണ്ടിലെ കെട്ടിടം നവീകരിച്ചും രൂപപ്പെടുത്തിയുമാണ് പൂജരാജാക്കളുടെ പുതിയഭവനം പണിതീര്‍ത്തിരിക്കുന്നത്. തിരുപ്പിറവിയുടെ ബസിലിക്കയില്‍നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയായിട്ടാണ് പൂജരാജാക്കളുടെ ഭവനം സ്ഥിതിചെയ്യുന്നതെന്ന വസ്തുത ഏറെ ആകര്‍ഷകമാണ്. വിശുദ്ധനാട്ടിലെ പൊതുവായ മന്ദിരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രോ തേറാ സാന്താ അസ്സോയിയേഷന്‍റെ (Pro Terra Santa Association) കീഴിലാണ് പൂജരാജാക്കളുടെ ഭവനം. യുവാക്കള്‍ക്കായുള്ള നൈപുണ്യ പരിശീലനകേന്ദ്രം, ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഉപദേശകേന്ദ്രം, മാനസികാരോഗ്യ സ്ഥാപനം എന്നിവ നിലകൊള്ളുന്നത് മൂന്നു  രാജാക്കളുടെ ഭവനത്തിലാണ്.

2.  അനിശ്ചിതത്വത്തില്‍ ആശ്വാസമായ്...
ഒറ്റപ്പെടല്‍, ദാരിദ്ര്യം തൊഴിലില്ലായ്മ എന്നിവമൂലം കഷ്ടതകള്‍ അനുഭവിക്കുന്നതിനിടയില്‍ കൊറോണ മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്ത്വവും ഉള്‍ക്കൊള്ളുന്ന നാടാണിത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വിശുദ്ധനാട്ടിലെ യുവജനങ്ങളെ തുണയ്ക്കുക എന്ന ലക്ഷ്യംകൂടെ മൂന്നു രാജാക്കാന്മാരുടെ മന്ദിരത്തിനുണ്ടെന്ന് പദ്ധതിയുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന വിന്‍ചേന്‍സോ ബലേമോയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

3. പ്രത്യാശയുടെ സഞ്ചാരം
ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വിദൂരങ്ങളില്‍നിന്ന് തിരുപ്പിറവിയുടെ സാക്ഷികളായി ഒത്തുചേര്‍ന്ന പൂജരാജാക്കളുടെ പ്രതീകമായ ഇവിടെ പ്രത്യാശയിലേയ്ക്കുള്ള സഞ്ചാരത്തിന്‍റെ സൗന്ദര്യത്തെയും പ്രതിഫലിപ്പിക്കുമെന്ന് പ്രസ്താവന വിശദീകരിച്ചു. ചരിത്രത്തിലെ മഹത്തായ സംഭവത്തിനു സാക്ഷ്യംവഹിച്ച സ്ഥലം മാത്രമല്ല, ഓരോ ക്രൈസ്തവന്‍റെയും ചരിത്രത്തി‍ന്‍റെയും ജീവിതത്തിന്‍റെയും ഭാഗമാണ് ബെതലേഹമെന്നും പൂജരാജാക്കളുടെ ഭവനത്തെക്കുറിച്ചുള്ള പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
 

26 November 2020, 15:25