തിരയുക

എത്യോപ്യയിൽ പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കുന്ന തിഗ്രെ പ്രദേശത്ത് നിന്നു സുഡാനിലെ പലായനം ചെയ്തവർ! എത്യോപ്യയിൽ പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കുന്ന തിഗ്രെ പ്രദേശത്ത് നിന്നു സുഡാനിലെ പലായനം ചെയ്തവർ! 

എത്യോപ്യയിൽ സമാധാനം സംസ്ഥാപിക്കുന്നതിന് പാപ്പായുടെ അഭ്യർത്ഥന!

എത്യോപ്യയിൽ രൂക്ഷമായിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുക- മാർപ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എത്യോപ്യയുടെ ഉത്തരഭാഗത്ത് ഒരു മാസത്തോളമായി തുടരുന്ന രക്തരൂഷിത കലാപം അവസാനിക്കുന്നതിനായി മാർപ്പാപ്പാ പ്രാർത്ഥിക്കുകയും പോരാട്ടത്തിനറുതിവരുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ, മേധാവി മത്തേയൊ ബ്രൂണി (Matteo Bruni) വെള്ളിയാഴ്ച (27/11/20) ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയാതാണിത്.

എത്യോപ്യയിലെ തിഗ്രെ പ്രദേശത്തും പരിസരത്തും അരങ്ങേറുന്ന സംഘർഷങ്ങൾ നൂറുകണക്കിന് പൗരന്മാരുടെ ജീവനപഹരിച്ചുവെന്നും പതിനായിരക്കണക്കിനാളുകൾ അയൽ രാജ്യമായ സുഡാനിലേക്ക് പലായനം  ചെയ്യുകയാണെന്നും പ്രസ്താവനയിൽ കാണുന്നു.

അക്രമം അവസാനിപ്പിക്കണമെന്നും ജീവൻ കാത്തു പരിപാലിക്കണമെന്നും അഭ്യർത്ഥിക്കുന്ന പാപ്പാ ജനങ്ങൾക്ക് സമാധാനം വീണ്ടും കണ്ടെത്താൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.

ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷം മൂലം അവിടെ മാനവികമായ പ്രതിസന്ധി വഷളായിക്കൊണ്ടിരിക്കയാണ്.

കഴിഞ്ഞ എട്ടാം തീയതി (08/11/20) ഞായറാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിലും പാപ്പാ എത്യോപ്യയ്ക്കു വേണ്ടി സമാധാനാഭ്യർത്ഥന നടത്തിയിരുന്നു.

സായുധ പോരാട്ടം നടത്തുകയെന്ന പ്രലോഭനത്തെ ചെറുക്കാനും പ്രാർത്ഥനയിൽ അഭയം തേടാനും സാഹോദര്യാദരവു പുലർത്താനും സംഭാഷണത്തിലേർപ്പെടാനും അഭിപ്രായഭിന്നതകൾ സമാധാനപരമായി പരിഹരിക്കാനും പാപ്പാ അന്നു ക്ഷണിച്ചിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2020, 14:01