തിരയുക

നൈറ്റ്സ് ഓഫ് കൊളംബസിൻറെ സ്ഥാപകൻ നവവാഴ്ത്തപ്പെട്ട വൈദികൻ മൈക്കിൾ മാക് ഗിവ്നി (FR.MICHAEL McGIVENEY) നൈറ്റ്സ് ഓഫ് കൊളംബസിൻറെ സ്ഥാപകൻ നവവാഴ്ത്തപ്പെട്ട വൈദികൻ മൈക്കിൾ മാക് ഗിവ്നി (FR.MICHAEL McGIVENEY) 

നവവാഴ്ത്തപ്പെട്ട മൈക്കിൾ മാക് ഗിവെനി!

വൈദികൻ മൈക്കിൾ മാക് ഗിവ്നി അമേരിക്കൻ ഐക്യനാടുകളിലെ ഹാർട്ട്ഫോഡിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. ഒക്ടോബർ 31-നായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉപവിയുടെ സുവിശേഷത്തിന് എന്നും കൂടുതൽ സാക്ഷ്യം നല്കുന്നതിന് നവവാഴ്ത്തപ്പെട്ട മൈക്കിൾ മാക്ഗിവെനിയുടെ (FR.MICHAEL McGIVENEY) മാതൃക പ്രചോദനമാകട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

സകലവിശുദ്ധരുടെയും തിരുന്നാൾ ദിനമായിരുന്ന നവമ്പർ 1-ന് ഞായറാഴ്ച (01/11/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ ആണ് ഫ്രാൻസീസ് പാപ്പാ തലേദിവസം, അതായത്, ശനിയാഴ്ച (31/10/20) മൈക്കിൾ മാക്ഗിവെനി സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടത് അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

സുവിശേഷവത്ക്കരണത്തിൽ മുഴുകിയ നവവാഴ്ത്തപ്പെട്ടവൻ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിന് പരിശ്രമിക്കുകയും പരസ്പര സഹായ സംരംഭം പരിപോഷിപ്പിക്കുകയും ചെയ്തുവെന്ന് പാപ്പാ അനുസ്മരിച്ചു.

നൈറ്റ്സ് ഓഫ് കൊളമ്പസ് (Knights of Columbus) എന്നറിയപ്പെടുന്ന ഭ്രാതൃസേവന പ്രസ്ഥാനത്തിൻറെ സ്ഥാപകനായ വൈദികൻ മൈക്കിൾ മാക്ഗിവിനി അമേരിക്കൻ ഐക്യനാടുകളിലെ ഹാർട്ട്ഫോഡിൽ (Hartford) വിശുദ്ധ യൗസേപ്പിതാവിൻറെ   നാമത്തിലുള്ള കത്തീദ്രലിൽ വച്ചാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്.

വൈദികൻ മൈക്കിൾ മാക്ഗിവിനിയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കുന്നതിന് ആധാരമായ അത്ഭുതം  നടന്നതും 2015-ൽ അമേരിക്കൻ ഐക്യനാടുകളിൽ ആയിരുന്നു.

ജീവൻ അപകടത്തിലായിരുന്ന ഒരു ഗർഭസ്ഥ ശിശു, മൈക്കിൾ മാക്ഗിവിനിയുടെ മദ്ധ്യസ്ഥതയാൽ, അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ സൗഖ്യം പ്രാപിച്ചതായിരുന്നു പ്രസ്തുത അത്ഭുതം.

ഈ അത്ഭുതം ഫ്രാൻസീസ് പാപ്പാ 2019 മെയ്27-ന് അംഗീകരിച്ചിരുന്നു.

1852 ആഗസ്റ്റ് 12-ന് അമേരിക്കൻ ഐക്യനാടുകളിലെ കണ്ണെക്ടിക്കട്ടിലെ വ്വാട്ടെർബറിയിലായിരുന്നു നവ വാഴ്ത്തപ്പെട്ട മൈക്കിൾ മാക്ഗിവിനിയുടെ ജനനം. 

അമേരിക്കൻ ഐക്യനാടുകളിലേക്കു കുടിയേറിയ പാട്രിക്, മേരി ദമ്പതികളായിരുന്നു മാതാപിതാക്കൾ.

അവരുടെ 13 മക്കളിൽ ഏറ്റം മൂത്തവനായിരുന്നു മൈക്കിൾ മാക്ഗിവിനി.

1868-ൽ പതിനാറാമത്തെ  വയസ്സിൽ മൈക്കിൾ സെമിനാരിയിൽ ചേരുകയും എന്നാൽ ഇടയ്ക്കു വച്ച്, പിതാവിൻറെ മരണത്തെത്തുടർന്ന് സെമിനാരി വിട്ടുപോരുകയും ചെയ്തു. 

കുറച്ചു നാളുകൾക്കു ശേഷം സെമിനാരിജീവിതം പുനരാശ്ലേഷിച്ച മൈക്കിൾ 1877 ഡിസമ്പർ 22 പൗരോഹിത്യം സ്വീകരിച്ചു.

കുടിയേറ്റക്കാരുടെ ജീവിത ക്ലേശങ്ങൾ, ഒരു കുടിയേറ്റകുടുംബത്തിലെ അംഗമായിരുന്ന, അദ്ദേഹത്തിൻറെ മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടായിരുന്നു.

അങ്ങനെയാണ്, താൻ സേവനം ചെയ്തിരുന്ന ഇടവകയിൽ വിശ്വാസികൾക്ക് പരസ്പരം സഹായിക്കുന്നതിനും സാമ്പത്തികസഹായം ഏകുന്നതിനുമുള്ള ഒരു ഭ്രാതൃസംഘടനയ്ക്കു രൂപം നല്കുക എന്ന ആശയം ഉദിച്ചത്.

1882 മാർച്ച് 29-ന് വൈദികൻ മൈക്കിൾ തൻറെ ആഗ്രഹം സമൂർത്തമാക്കിക്കൊണ്ട് നൈറ്റ്സ് ഓഫ് കൊളമ്പസ് (Knights of Columbus) സ്ഥാപിച്ചു.

ഏതാനും വർഷങ്ങൾക്കു ശേഷം, ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് വൈദികൻ മൈക്കിൾ 1890 ആഗസ്റ്റ് 14-ന്, 38-ɔ൦ വയസ്സിൽ മരണമടഞ്ഞു.

 

02 November 2020, 09:22