വത്തിക്കാനിൽ നിന്ന് ദീപാവലി സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രതികൂല സാഹചര്യങ്ങളിലും നിശ്ചയദാർഢ്യവും പ്രത്യാശയുമുള്ളവരായിരിക്കാൻ ക്രൈസ്തവ-ഹൈന്ദവ മതങ്ങൾ പഠിപ്പിക്കുന്നുവെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി.
പതിവുപോലെ ഇക്കൊല്ലവും ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് ഹൈന്ദവ സഹോദരങ്ങൾക്കയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.
ഇക്കൊല്ലം നവമ്പർ 14-നാണ് ദീപാവലി.
ഈ ഉത്സവം ഭയാശങ്കകളുടെയും ഉത്ക്കണ്ഠകളുടെയും എല്ലാ കാർമേഘങ്ങളെയും അകറ്റുകയും ഹൃദയമനസ്സുകളെ സൗഹൃദത്തിൻറെയും ഉദാരതയുടെയും ഐക്യദാർഢ്യത്തിൻറെയും പ്രകാശത്താൽ നിറയ്ക്കുകയും ചെയ്യട്ടെയെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മിഖേൽ ആംഗെൽ അയൂസൊ ഗിസ്സോത് (Cardinal Miguel Ángel Ayuso Guixot) കാര്യദർശി മോൺസിഞ്ഞോർ ഇന്ദുനിൽ കൊദിത്തുവ്വാക്കു ജനകരത്നെ കങ്കണമാലഗ് (Indunil Kodithuwakku Janakaratne Kankanamalag) എന്നിവർ കൈയ്യൊപ്പിട്ടയച്ചിരിക്കുന്ന പ്രസ്തുത സന്ദേശം ആശംസിക്കുന്നു.
കഷ്ടപ്പാടുകളുടെ ഈ ദിനങ്ങളിൽ മാത്രമല്ല ഭാവിയിലും നമ്മുടെ സമൂഹങ്ങളുടെ ഹൃദയങ്ങളിൽ സർഗ്ഗാത്മകതയുടെയും പ്രത്യാശയുടെയും സംസ്കൃതി കെട്ടിപ്പടുക്കുന്നതിന് സന്മനസ്സുള്ള സകലരുമൊത്ത് പ്രവർത്തിക്കാൻ ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും കഴിയുമെന്നും ഈ സന്ദേശം പ്രത്യാശിക്കുന്നു.
കോവിദ് 19 പകർച്ചവ്യാധി ആഗോളതലത്തിൽ വിതച്ചിരിക്കുന്ന, അഭൂതപൂർവ്വമായ, സഹനങ്ങളുടെ അനുഭവങ്ങൾ, പരസ്പരമുണ്ടായിരിക്കേണ്ട കരുതലിനെക്കുറിച്ചുള്ള അവബോധം വർദ്ധമാനമാക്കുകയും ആവശ്യത്തിലിരിക്കുന്നവരോടു ഐക്യദാർഢ്യവും ഔത്സുക്യവും കാരുണ്യവും അനുകമ്പയും ഉള്ളവരായിരിക്കാൻ ക്രൈസ്തവ-ഹൈന്ദവ സമൂഹങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത പല ഭാവാത്മക മാറ്റങ്ങളെക്കുറിച്ചും സന്ദേശം പരാമർശിക്കുന്നു.
ഉത്സവങ്ങളോടും അതുപോലുള്ള ഇതര സന്ദർഭങ്ങളോടുമനുബന്ധിച്ച് ആശംസകൾ അയയ്ക്കുന്ന പതിവിനെക്കുറിച്ച് സന്ദേശത്തിൽ അനുസ്മരിക്കുന്ന മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ ഇരുപത്തിയഞ്ചാമത്തെതാണ് ഇക്കൊല്ലത്തെ ഈ സന്ദേശമെന്നും ഇരുമതങ്ങളിലുമുള്ള നല്ല പാരമ്പര്യങ്ങളും ആദ്ധ്യാത്മിക പൈതൃകങ്ങളും അംഗീകരിക്കുന്നതിനുള്ള തെളിവായി ഈ പതിവുകളെ എടുത്തുകാട്ടുന്നു. മതാന്തരതലത്തിലുള്ള വിലമതിക്കലിൻറെയും സഹകരണത്തിൻറെയും ചെറിയൊരു ചുവടുവയ്പാണ് ഇത്തരം സന്ദേശങ്ങളെങ്കിലും അവ ഹിന്ദു-ക്രിസ്തുമതങ്ങൾ തമ്മിലുള്ള സംഭാഷണത്തെയും ഏകതാനതയെയും ഭിന്ന തലങ്ങളിൽ പരിപോഷിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഈ സമതി അനുസ്മരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: