തിരയുക

അത്മായ രക്തസാക്ഷി ജൊവാൻ റോയിഗ് യി ദിഗ്ഗിൾ  (Joan Roig y Diggle) അത്മായ രക്തസാക്ഷി ജൊവാൻ റോയിഗ് യി ദിഗ്ഗിൾ (Joan Roig y Diggle) 

യുവ അത്മായ നിണസാക്ഷി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!

രക്തസാക്ഷി ജൊവാൻ റോയിഗ് യി ദിഗ്ഗിൾ (JOAN ROIG Y DIGGLE) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അത്മായ രക്തസാക്ഷി ജൊവാൻ റോയിഗ് യി ദിഗ്ഗിൾ (JOAN ROIG Y DIGGLE) ശനിയാഴ്ച (07/11/20) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും.

സ്പെയിനിലെ ബർസെല്ലൊണയിൽ, തിരുക്കുടുംബത്തിൻറെ നാമത്തിലുള്ള ബസിലിക്കയിൽ വച്ചായരിക്കും വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മങ്ങൾ.

ബർസെല്ലൊണ അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ഹുവാൻ ഹൊസെ ഒമേല്ല ഒമേല്ല ( Juan José Omella Omella ) ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും.

സ്പെയിനിൽ ആഭ്യന്തരകലാപ കാലത്ത് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ജൊവാൻ റോയിഗ് യി ദിഗ്ഗിളിന് 19 വയസ്സു മാത്രമായിരുന്നു പ്രായം.

സ്പെയിനിലെ ബർസെല്ലോണയിൽ 1917 മെയ് 12-ന് ജനിച്ച ജൊവാൻ റോയിഗ് ഉത്തമ കത്തോലിക്കാവിശ്വാസത്തിലാണ് വളർന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൊവാൻറെ കുടും ബർസെല്ലോണയിൽ നിന്ന് എൽ മസ്നൊ എന്ന ഒരു പട്ടണത്തിലേക്കു മാറുകയും കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി ജൊവാൻ ജോലിക്കു പോയിതുടങ്ങുകയും ചെയ്തു.

നെയത്തുശാലയിലായിരുന്നു തുടക്കം, ജോലിക്കൊപ്പം പഠന കാര്യത്തിലും ജൊവാൻ ശ്രദ്ധിച്ചിരുന്നു. കത്തോലോഞ്ഞ പ്രദേശത്തെ യുവക്രൈസ്തവ സംയുക്ത സമിതിയിൽ സജീവാംഗമായി മാറി ജൊവാൻ.

അതിനിടെ ആഭ്യന്തരകലാപത്തിനിടയിൽ ഒരു വൈദികൻ തിരുവോസ്തി കുടുംബങ്ങൾക്കു വിതരണം ചെയ്യുന്നതിനായി ജൊവാനെ ഏല്പിച്ചിരുന്നു. ആയിടയ്ക്കാണ് ജൊവാൻ അറസ്റ്റിലാകുന്നത്. തൻറെ കൈവശമുണ്ടായിരുന്ന തിരുവോസ്തികൾ മുഴുവനും, മതദ്രോഹികൾ കളങ്കപ്പെടുത്താതിരിക്കുന്നതിന്, ജൊവാൻ ഭക്ഷിച്ചു. 

1936 സെപ്റ്റമ്പർ 12-ന് അധികാരികൾ ജൊവാൻ റോയിഗിനെ  വെടിവെച്ചു കൊന്നു.

 

06 November 2020, 14:00