തിരയുക

“സയീദ് മാനവസാഹോദര്യ പുരസ്കാരം” നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

പുരസ്കാരത്തിന്‍റെ പ്രഥമ വാര്‍ഷിക നാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ഹ്രസ്വവീഡിയോ സന്ദേശം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അബുദാബിയില്‍ സ്ഥാപിതമായത്
2019 -ഫെബ്രുവരിയില്‍ അബുദാബിയില്‍വച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെയും ഈജിപ്തിലെ വലിയ ഇമാം അഹമ്മദ് അത് തയ്യേബിന്‍റെയും എമിറേറ്റ് രാഷ്ട്രത്തലവന്മാരുടെയും നേതൃത്വത്തിലാണ് വിശ്വാസാഹോദര്യക്കൂട്ടായ്മ രൂപീകൃതമായത്. അതേ സമ്മേളനമാണ് എമിറേറ്റ് രാജ്യങ്ങളുടെ ആദ്യപ്രസിഡന്‍റ്, ഷെയിക്ക് സയിദ് അല്‍ നഹ്യാന്‍റെ സ്മരണാര്‍ത്ഥം മാനവികതയ്ക്കും സാഹോദര്യത്തിനും മാനുഷിക മൂല്യങ്ങള്‍ക്കുമുള്ള “രാജ്യാന്തര സയേദ് പുരസ്കാരം” സ്ഥാപിച്ചത്. 2020-ലെ പ്രഥമ പുരസ്കാരം പാപ്പാ ഫ്രാന്‍സിസിനും ഈജിപ്തിലെ വലിയ ഇമാം അത് തയ്യേബിനും സമ്മാനിക്കുകയുണ്ടായി.

2. മാനവ പുരോഗതിക്കായി
സമര്‍പ്പിതരായവര്‍ക്കു നല്കുന്നത്

2021-ലെ പുരസ്ക്കാരത്തിനായി മാനവികതയും സാഹോദര്യവും മാനുഷികമൂല്യങ്ങളും ജീവിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നവര്‍ക്കും, മാനവ പുരോഗതിക്കായി സ്വയം സമര്‍പ്പിതരായിട്ടുളള സമാദരണീയരായ വ്യക്തികളുടെ പേരുകള്‍ വിശ്വാസാഹോദര്യക്കൂട്ടായ്മയുടെ സമുന്നത കമ്മിറ്റിയുടെ ശ്രദ്ധയ്ക്കായി 2020 ഡിസംബര്‍ 31-നു മുന്‍പായി നിര്‍ദ്ദേശിക്കണമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.

3. പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന
മാനവികതയോടുള്ള സ്നേഹത്തെപ്രതി ത്യാഗപൂര്‍വ്വം സേവനംചെയ്യുകയും, മാതൃകാപരമായി ജീവിക്കുകയും സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള പുരുഷന്മാരെയും സ്ത്രീകളെയും ചൂണ്ടിക്കാണിക്കണമെന്ന് പുസ്കാരത്തെ സംബന്ധിച്ച് ഇറക്കിയ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസും അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഏതു മതത്തിലും സംസ്കാരത്തിലും വംശീയ വിഭാഗത്തില്‍ പെട്ടവരായിരുന്നാലും സ്നേഹപ്രവര്‍ത്തികളിലൂടെയും ത്യാഗസമര്‍പ്പണത്തിലൂടെയും മാനവികതയ്ക്ക് നന്മചെയ്യുന്നവരെ ആഗോളതലത്തില്‍ തിരഞ്ഞുകണ്ടെത്തണമെന്നും, അവരെ ആദരിക്കണമെന്നും പാപ്പാ ആഗ്രഹിക്കുന്നുണ്ട്. മാനവകുലത്തിന്‍റെ നന്മയ്ക്കായി നാം ചെയ്യുന്ന ഓരോ പ്രവൃത്തിയുംവഴി ഈ ഭൂമിയിലെ ജീവിതം നന്മയിലും സമാധാനത്തിലും മുന്നോട്ടു നയിക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പുരസ്കാരത്തിന്‍റെ പ്രഥമ വാര്‍ഷിക നാളില്‍ ഇറക്കിയ  സന്ദേശം പാപ്പാ  ഉപസംഹരിച്ചത്.

 

24 October 2020, 09:50