തിരയുക

Cardinal Konrad Krajewski in the charge of Pope's charity in Villa Serena Cardinal Konrad Krajewski in the charge of Pope's charity in Villa Serena 

സിസ്റ്റേഴ്സ് പ്രകടമാക്കിയ സാഹോദര്യത്തിന്‍റെ കടാക്ഷം

എല്ലാവരും സഹോദരങ്ങള്‍ Fratelli Tutti… പാപ്പായുടെ നവമായ ചാക്രികലേഖനത്തിന്‍റെ ചുവടുപിടിച്ച്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അഭയാര്‍ത്ഥികളുടെ
സംരക്ഷണത്തിനായി നല്കിയ മന്ദിരം

ദൈവപരിപാലനയുടെ ദാസിമാരായ സഹോദരിമാര്‍ (Sisters Servants of Divine Providence of Catania) റോമിലെ തങ്ങളുടെ വലിയ മന്ദിരം അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി പാപ്പാ ഫ്രാന്‍സിസിനു സൗജന്യമായി കൈമാറി. റോമില്‍ “വിയ പിസ്സാന”യിലുള്ള “വില്ലാ സെറീന” (Villa Serena) എന്ന വിസ്തൃതമായ മന്ദിരവും പരിസരവുമാണ് അഭയാര്‍ത്ഥികളുടെ പരിചരണത്തിനായി സിസ്റ്റേഴ്സ് പാപ്പായ്ക്കു കൈമാറിയതെന്ന് പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ ഡയറക്ടര്‍, കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേസ്കി ഒക്ടോബര്‍ 13-ന് പ്രസ്താവനയിലൂടെ അറിയിച്ചു.

2. അഭയം തേടിയെത്തുന്നവര്‍ക്ക് റോമില്‍ ആശ്രയം
അഭയാര്‍ത്ഥികളായി എത്തുന്ന ഒറ്റപ്പെട്ട സ്ത്രീകളെയും, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെയും, വ്രണിതാക്കളായ കുടുംബങ്ങളെയും സംരക്ഷിക്കുവാന്‍ പാപ്പായുടെ ഉപവിപ്രവര്‍ത്തന വിഭാഗം ഈ മന്ദിരം ഉപയോഗിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി. 2015-മുതല്‍ റോമിലെ സാന്‍ എജീഡിയോ സമൂഹം അഭയാര്‍ത്ഥികള്‍ക്കായി ഉപയോഗിച്ചിരുന്ന മന്ദിരമാണ് ഇപ്പോള്‍ പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കര്‍ദ്ദിനാള്‍ ക്രജേസ്കി വ്യക്തമാക്കി. സിറിയ, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗ്രീസിലെ ലെസ്ബോസ് ദ്വീപ് എന്നിവിടങ്ങളില്‍നിന്നാണ് അധികവും അഭയാര്‍ത്ഥികള്‍ സകുടുംബം റോമില്‍ എത്തുന്നതെന്നും കര്‍ദ്ദിനാള്‍ വിശദീകരിച്ചു.

3. പാപ്പാ ഫ്രാന്‍സിസ് കൈകാര്യംചെയ്യുന്ന
വത്തിക്കാന്‍റെ വകുപ്പ്

വത്തിക്കാന്‍റെ കുടിയേറ്റക്കാരുടെ വകുപ്പ് കൈകാര്യംചെയ്യുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഏറ്റവും മുന്‍ഗണനയും ആശങ്കയുമുള്ള വിഷയംതന്നെയാണ് അഭയാര്‍ത്ഥികളും, കുടിയേറ്റവും കുടിയേറ്റക്കാരും. 2016-ല്‍ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചിട്ടുള്ള പാപ്പാ, മടക്കയാത്രയില്‍ 12 സിറിയന്‍ അഭയാര്‍ത്ഥികളെ പേപ്പല്‍ ഫ്ലൈറ്റില്‍ കയറ്റിക്കൊണ്ട് റോമില്‍ ഇറങ്ങിയത് ചരിത്രമാണ്.

4. മുട്ടുന്നവര്‍ക്കായ് ഹൃദയവും
അതിരുകളും തുറക്കാം

അഭയാര്‍ത്ഥികള്‍ക്കായ് ഓരോ രാജ്യവും തങ്ങളുടെ അതിര്‍ത്തികളും, അവിടത്തെ ജനങ്ങള്‍ അവരുടെ ഹൃദയവും തുറക്കണമെന്ന് തന്‍റെ പുതിയ ചാക്രികലേഖനം Fratelli Tutti, എല്ലാവരും സഹോദരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത് യാഥാര്‍ത്ഥ്യമാക്കുകയും മാതൃകയായി കാണിക്കുകയുമാണ് പാപ്പാ തന്‍റെതന്നെ ജീവിതത്തില്‍ എന്നുവേണം മനസ്സിലാക്കുവാന്‍.
 

14 October 2020, 15:22