തിരയുക

Vatican News
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ  

വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പാ!

ഒക്ടോബർ 22, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഓർമ്മത്തിരുന്നാൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ രണ്ടാം ജോൺ പോൾ അഗാധമായ ആദ്ധ്യാത്മികതയുടെ മനുഷ്യൻ ആയിരുന്നുവെന്ന് പാപ്പാ.

അനുവർഷം ഒക്ടോബർ 22-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത് ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ ബുധനാഴ്ച  (21/10/20) അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ പോളിഷ് ഭാഷാക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്യവെ അനുസ്മരിച്ചുകൊണ്ടാണ് ഇപ്രകാരം പ്രസ്താവിച്ചത്.

അനുദിനം ആരാധനാക്രമ പ്രാർത്ഥനയിലും സങ്കീർത്തന ധ്യാനത്തിലും വിശുദ്ധ  ജോൺ പോൾ രണ്ടാമൻ ദൈവത്തിൻറെ പ്രശോഭിത വദനം ധ്യാനിക്കുമായിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു.

ദൈനംദിന ജീവിതത്തിലെ എന്നും അത്ര എളുപ്പമല്ലാത്തതായ പാതകളിൽ പാദമൂന്നുന്നതിനു മുമ്പ് കർത്താവിനെ സ്തുതിച്ചുകൊണ്ട് ദിവസം ആരംഭിക്കാൻ എല്ലാ ക്രൈസ്തവരെയും ഈ വിശുദ്ധൻ ഉപദേശിച്ചിരുന്നുവെന്നും പാപ്പാ പറഞ്ഞു.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ജന്മശതാബ്ദി വർഷത്തിലാണ് ഇത്തവണത്തെ തിരുന്നാളെന്നതും പാപ്പാ അനുസ്മരിച്ചു.

പോളണ്ടിലെ വ്വാദൊവിച്ച് എന്ന സ്ഥലത്ത് 1920 മെയ് 18-നായിരുന്നു വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പായുടെ ജനനം.

കരോൾ യോസെഫ് വോയ്ത്തീവ (Karol Józef Wojtyła) എന്നതായിരുന്നു മാമ്മോദീസാപ്പേര്.

1946 നവമ്പർ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1958 സെപ്റ്റമ്പർ 28-ന് മെത്രാനായി അഭിഷിക്തനാകുകയും വിശുദ്ധ പോൾ ആറാമൻ പാപ്പാ അദ്ദേഹത്തെ 1967 ജൂൺ 26-ന് കർദ്ദിനാളായി ഉയർത്തുകയും ചെയ്തു.

1978 ഒക്ടോബർ 16-ന് റോമിൻറെ മെത്രാനും ആഗോളകത്തോലിക്കാ സഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെടുകയും അക്കൊല്ലം ഒക്ടോബർ 22-ന് സഭാഭരണം ആരംഭിക്കുകയും ചെയ്ത വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ 2005 ഏപ്രിൽ 2-ന് സ്വർഗ്ഗീയ ഗേഹം പൂകി.

ആഗോള സഭയിലെ 264-മത്തെ പാപ്പായായിരുന്നു വിശുദ്ധ രണ്ടാം ജോൺ പോൾ.

2014 ഏപ്രിൽ 27-ന് ഫ്രാൻസീസ് പാപ്പായാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

 

22 October 2020, 11:12