“എല്ലാവരും സഹോദരങ്ങള്‍” ചാക്രികലേഖനം പ്രകാശിതമായി
- ഫാദര്‍ വില്യം നെല്ലിക്കല്‍
ചാക്രിക ലേഖനത്തിന്‍റെ പ്രകാശനം
ഒക്ടോബര്‍ 3-ന് ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍ സിദ്ധന്‍റെ സ്മൃതിമണ്ഡപത്തില്‍വച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം ഒപ്പുവച്ചു പ്രകാശനംചെയ്തുവെങ്കിലും, ഓക്ടോബര്‍ 4-Ɔο തിയതി ഞായറാഴ്ച സിദ്ധന്‍റെ തിരുനാളില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് തന്‍റെ മൂന്നാമത്തെ ചാക്രിക ലേഖനത്തിന്‍റെ വിതരണത്തിന് പാപ്പാതന്നെ ഔപചാരികമായി തുടക്കം കുറിച്ചത്. വത്തിക്കാന്‍റെ ദിനപത്രം, 'ഒസര്‍വത്തോരെ റൊമാനോ' (L’Osservatore Romano) ഇറ്റാലിയന്‍ പതിപ്പിന്‍റെ സൗജന്യവിതരണത്തോടെയാണ് വിശ്വസാഹോദര്യത്തിന്‍റെയും സാമൂഹികസമത്വത്തിന്‍റെയും സന്ദേശം പരത്തുന്ന പ്രബോധനം പ്രകാശിതമായത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ “ഓമ്നെസ് ഫ്രാത്രെസ്...” (Omnes Fratres) ചാക്രിക ലേഖനത്തിന്‍റെ ഇംഗ്ലിഷ് പതിപ്പ് ലഭ്യമാണ് : ദയവായി ലിങ്ക് കോപി ചെയ്ത് ഉപയോഗിക്കു്ക.
Encyclical #FratelliTutti
http://www.vatican.va/content/francesco/en/encyclicals/documents/papa-francesco_20201003_enciclica-fratelli-tutti.html
പ്രബോധനത്തെക്കുറിച്ച് ഒരുവാക്ക്
എല്ലാവരുടെയും – ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സമര്‍പ്പണത്തോടെ സാഹോദര്യവും സാമൂഹിക സമത്വവുമുള്ള ഒരു സമൂഹം വാര്‍ത്തെടുക്കുവാനുള്ള പ്രത്യക്ഷവും പ്രായോഗികവുമായ ആദര്‍ശങ്ങളും വഴികളും പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്ന പ്രബോധനമാണ് “എല്ലാവരും സഹോദരങ്ങള്‍” (Omnes Fratres). പാപ്പാ ഫ്രാന്‍സിസിന്‍റെ സാമൂഹിക ചാക്രിക ലേഖനമാണിത്. തന്‍റെ സന്ന്യാസ സമൂഹത്തിലെ സഹോദരങ്ങള്‍ക്ക് സുവിശേഷത്തിന്‍റെ രുചിയുള്ള ജീവിതരീതി പകര്‍ന്നുനല്കുവാനായി അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഉപയോഗിച്ച ‘അരുളപ്പാടുകളി’ല്‍നിന്നുമാണ് പാപ്പാ ഫ്രാന്‍സിസ് ഈ ചാക്രിക ലേഖനത്തിന്‍റെ “എല്ലാവരും സഹോദരങ്ങള്‍…” (Omnes Fratres) എന്ന ശീര്‍ഷകം സ്വീകരിച്ചിരിക്കുന്നത്. സാഹോദര്യവും സാമൂഹിക സമത്വവുമുള്ള ഒരു ലോകം സൃഷ്ടിക്കുകയാണ് ഈ പ്രബോധനത്തിന്‍റെ അടിസ്ഥാന ലക്ഷ്യം.