ഒക്ടോബര്‍ 18 മിഷന്‍ ഞായറും ഒക്ടോബര്‍ മിഷന്‍ മാസവും
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഓരോ ക്രൈസ്തവനും മിഷണറി
ഒക്ടോബര്‍ 1-ന് പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് സഭയിലെ മിഷണറി പ്രവര്‍ത്തനങ്ങളുടെ പ്രത്യേക മാസത്തെക്കുറിച്ചും, ആഗോള മിഷന്‍ ഞായര്‍ ദിനത്തെക്കുറിച്ചും അനുസ്മരിപ്പിച്ചുകൊണ്ട് പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പൊര്‍ത്താസെ റുഗൂംബെ പ്രസ്താവന ഇറക്കിയത്. അടിസ്ഥാന സ്വഭാവത്തില്‍ മിഷണറിയാകേണ്ട ഓരോ ക്രൈസ്തവനും മഹാമാരിയുടെ ഘട്ടത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് സഹായവും സാന്ത്വനവുമായി വര്‍ത്തിക്കണമെന്ന് പ്രസ്താവന ആമുഖമായി അനുസ്മരിപ്പിച്ചു. നിരാശയും വേദനയും ക്ലേശങ്ങളും അനുഭവിക്കുന്ന ഇടങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ അടയാളമാകുവാന്‍ ക്രൈസ്തവര്‍ ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു.
ദൈവത്തില്‍ ആശ്രയിക്കേണ്ട പ്രേഷിതപ്രവൃത്തി
എല്ലാവര്‍ക്കും എവിടെയും ബുദ്ധിമുട്ടും ക്ലേശങ്ങളുമുള്ള സമയമാണെന്നു ചിന്തിച്ച് നിരാശരാവരുത്. കാരണം പ്രേഷിതജോലി മാനുഷികമല്ല, ദൈവികമാണ്. സുവിശേഷവത്ക്കരണത്തിന്‍റെ പ്രയോക്താവ് പരിശുദ്ധാത്മാവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ പ്രാര്‍ത്ഥനയും ധ്യാനവും സഹോദരങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായവും ഒക്ടോബറിലെ മിഷന്‍ മാസത്തിന്‍റെ പ്രത്യേകതയും ഓരോരുത്തരുടെയും പങ്കാളിത്തവുമായി കാണണമെന്ന് ഓര്‍പ്പിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.