തിരയുക

ദിവ്യകാരുണ്യ ഭക്തനായ യുവ നവാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ് (Carlo Acutis 03/05/1991-12/10/2006) ദിവ്യകാരുണ്യ ഭക്തനായ യുവ നവാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ് (Carlo Acutis 03/05/1991-12/10/2006) 

ബലഹീനരിൽ ക്രിസ്തുവദനം ദർശിച്ച വാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ്

കാർലൊ അക്കൂത്തിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. അസ്സീസിയിൽ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ബസിലിക്കയിൽ വച്ച് ശനിയാഴ്ച (10/10/2020) ആയിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏറ്റം എളിയവരിൽ ക്രിസ്തുവിനെ സ്നേഹിക്കുമ്പോൾ യഥാർത്ഥ ആനന്ദം അനുഭവിക്കാനാകുമെന്ന് നവവാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസ് (Carlo Acutis) കാണിച്ചുതരുന്നുവെന്ന് മാർപ്പാപ്പാ.

പതിനഞ്ചു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന, ദിവ്യകാരുണ്യഭക്തൻ, കാർലോ അക്കൂത്തിസ് ശനിയാഴ്ച(10/10/20), ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ വച്ച്, വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (11/10/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാല പ്രാർത്ഥനാ വേളയിൽ അനുസ്മരിക്കുകയായിരുന്നു.

സുഖപ്രദമായ നിഷ്ക്രിയത്വത്തിൽ ശയിക്കാതെ തൻറെ കാലത്തിൻറെ ആവശ്യങ്ങൾ നവവാഴ്ത്തപ്പെട്ട അക്കൂത്തിസ് മനസ്സിലാക്കിയെന്നും ഏറ്റം ബലഹീനരിൽ ക്രിസ്തുവദനം ദർശിച്ചിരുന്നുവെന്നും പാപ്പാ പറഞ്ഞു.

ദൈവത്തെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും സഹോദരങ്ങളിൽ, പ്രത്യേകിച്ച്, ഏറ്റം എളിയവരിൽ, അവിടത്തെ സേവിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ സന്തോഷം കണ്ടെത്താൻ കഴിയുകയെന്ന് യുവജനത്തിന് കാട്ടിക്കൊടുക്കുന്നതാണ് നവവാഴ്ത്തപ്പെട്ട അക്കൂത്തിസിൻറെ ക്രിസ്തീയ സാക്ഷ്യം എന്ന് പാപ്പാ പ്രസ്താവിച്ചു. 

വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം

ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ മുകളിലത്തെ ബസിലിക്കയിൽ ശനിയാഴ്ച (10/10/20) വൈകുന്നേരമായിരുന്നു കാർലൊ അക്കൂത്തിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കർമ്മം.

വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ നാമത്തിൽ അസ്സീസിയിലുള്ള ബസിലിക്കകൾക്കും മാലാഖമാരുടെ പരിശുദ്ധ മറിയത്തിൻറെ, അഥവാ, “സാന്ത മരിയ ദേലി ആഞ്ചെലി” (Santa Maria degli Angeli) ബസിലിക്കയ്ക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലെഗേറ്റ് ആയ കർദ്ദിനാൾ അഗൊസ്തീനൊ വല്ലീനി (Cardinal Agostino Vallini) ആയിരുന്നു മുഖ്യ കാർമ്മികൻ.

ജനനം ബ്രിട്ടനിൽ

ബ്രിട്ടനിൽ, ലണ്ടൻ നഗരത്തിലാണ് 1991 മെയ് 3-ന് നവവാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസിൻറെ ജനനം.

ജോലി സംബന്ധിച്ച് ലണ്ടനിൽ വാസമാക്കിയ, ഇറ്റലിയിലെ ടൂറിൻ സ്വദേശി അന്ത്രേയ അക്കൂത്തിസും, അന്തോണിയ സർത്സാനൊയും ആയിരുന്നു മാതാപിതാക്കൾ.

കത്തോലിക്കാവിശ്വാസത്തിൽ അടിയുറച്ച ഒരു ജീവിത ശിക്ഷണം ലഭിച്ച അക്കൂത്തിസ് ദിവ്യകാരുണ്യ ഭക്തനും മരിയഭക്തനുമായിരുന്നു.

“സ്വർഗ്ഗത്തിലേക്കുള്ള എൻറെ രാജവീഥി” എന്നാണ് അക്കൂത്തിസ് ദിവ്യകാരുണ്യത്തെ വിശേഷിപ്പിച്ചിരുന്നത്. 

കംപ്യൂട്ടർ പഠനത്തിൽ അതീവ തല്പരനായിരുന്ന അക്കൂത്തിസ് ആ കഴിവ് വിശ്വാസ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. 

അതിൻറെ ഭാഗമായി, അക്കൂത്തിസ്, ലോകത്തിൽ നടന്നിട്ടുള്ള ദിവ്യകാരുണ്യാത്ഭുതങ്ങളെ അവതരിപ്പിക്കുന്ന പ്രദർശനം ഇൻറർനെറ്റു വഴി സംഘടിപ്പിക്കുന്നതിന് അക്കൂത്തി്സ് മുൻകൈയ്യെടുത്തിരുന്നു.

എന്നാൽ 2006-ൽ ആകസ്മികമായി, കാർലൊ അക്കൂത്തിസ് രോഗബാധിതനായി. അതിതീവ്ര രക്താർബുദമായിരുന്നു രോഗം. രോഗം പ്രകടമായതിനു ശേഷം മൂന്നാം നാൾ, അതായത്, 2006 ഒക്ടോബർ 12-ന്, ഉത്തര ഇറ്റലിയിൽ, മോൺസ എന്ന സ്ഥലത്തുവച്ച്, അക്കൂത്തിസ് മരണമടഞ്ഞു. അപ്പോൾ 15 വയസ്സുമാത്രമായിരുന്നു നവവാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസിൻറെ പ്രായം.

 

13 October 2020, 10:55