ആർച്ചുബിഷപ്പ് പീയെർബാത്തിസ്ത പിത്സബാല്ല, ജറുസലേം പാത്രിയാർക്കീസ്
ജോയി കരിവേലി, വത്തിക്കാൻസിറ്റി
ആർച്ചുബിഷപ്പ് പീയെർബാത്തിസ്ത പിത്സബാല്ല (ARCHBISHOP PIERBATTISTA PIZZABALLA O.F.M) ജറുസലേമിലെ പുതിയ ലത്തീൻ പാത്രിയാർക്കീസ്.
ഫ്രാൻസീസ് പാപ്പാ ശനിയാഴ്ചയാണ് (24/10/20) ഈ നിയമനം നടത്തിയത്.
ജറുസലേമിലെ ലത്തീൻ പാത്രിയാർക്കസ്ഥാനത്തിൻറെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ഫ്രാൻസിസ്ക്കൻ ഫ്രയേഴ്സ് മൈനർ ഓർഡർ അംഗമായ ആർച്ചുബിഷപ്പ് പിത്സബാല്ല ഇറ്റലിയിലെ ബേർഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊ സ്വദേശിയാണ്.
1965 ഏപ്രിൽ 21-ന് ജനിച്ച അദ്ദേഹം ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേരുകയും 1990 സെപ്റ്റമ്പർ 15-ന് പൗരോഹിത്യം സ്വീകരിക്കുകയും ജറുസലേമിൽ ബൈബിളിൽ ഉപരിപഠനം നടത്തുകയും ചെയ്തു.
2004-ൽ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ കാവൽ ചുമതലയേറ്റ ആർച്ചുബിഷപ്പ് പീയെർബാത്തിസ്ത പിത്സബാല്ല 2016 ഏപ്രിൽ 16 വരെ ആ സേവനം തുടർന്നു.
2016 ജൂൺ 24-ന് അദ്ദേഹം ആർച്ചുബിഷപ്പിൻറെ പദവിയോടെ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കസ്ഥാനത്തിൻറെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ സെപ്റ്റമ്പർ 10-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: