തിരയുക

UN-ASSEMBLY/ 2019 september 28, addressing 74th UN Assembly UN-ASSEMBLY/ 2019 september 28, addressing 74th UN Assembly 

“ഐക്യരാഷ്ട്ര സഭ” ലോകത്തിനൊരു പ്രത്യാശാകേന്ദ്രം

യുഎന്നിന്‍റെ 75-Ɔο പിറന്നാളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ അയച്ച ആശംസാസന്ദേശം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. യുഎന്‍ 75-Ɔο വാര്‍ഷിക നിറവില്‍
സെപ്തംബര്‍ 21-Ɔο തിയതി തിങ്കളാഴ്ച ഐക്യാരാഷ്ട്ര സഭയുടെ 75-Ɔο വാര്‍ഷിക സമ്മേളനത്തെ ഓണ്‍-ലൈനില്‍ അംഭിസംബോധനചെയ്തുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ വിശേഷിപ്പിച്ചത്. സംഘര്‍ഷവും കലാപങ്ങളും അകറ്റി രാഷ്ട്രങ്ങള്‍ തമ്മില്‍ ഐക്യവും സാഹോദര്യവും വളര്‍ത്തണമെന്ന് നിരന്തരമായി പ്രഖ്യാപിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് യുഎന്‍, (United Nations Organization) എന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. യുഎന്‍ സമാധാന ആഹ്വാനം നടത്തുക മാത്രമല്ല, ലോകത്ത് ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യാന്തസ്സ് ആദരിക്കപ്പെടുവാനും, ദാരിദ്ര്യവും രോഗവും ഇല്ലാതാക്കി, നീതിയും സമത്വവുമുള്ളൊരു ലോകം വളര്‍ത്തി അതിന്‍റെ നന്മ ഭൂമിയിലെ ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നത് യുഎന്നിന്‍റെ അടസ്ഥാന ലക്ഷ്യമാണെന്ന് കര്‍ദ്ദിനാള്‍  വിശദീകരിച്ചു.

2. യുഎന്നും വത്തിക്കാനും
1964-മുതല്‍ യുഎന്നില്‍ അംഗത്വമുള്ള വത്തിക്കാന്‍, യുഎന്നിനെ പൂര്‍ണ്ണമായി പിന്‍തുണയ്ക്കുകയും, കാലാകാലങ്ങളില്‍ സഭയെ ഭരിച്ച പത്രോസിന്‍റെ പിന്‍ഗാമികള്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുകയും ചെയ്തിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിച്ചു. 2015 ആഗസ്റ്റില്‍ പാപ്പാ ഫ്രാന്‍സിസ് യുഎന്‍ സന്ദര്‍ശിക്കുകയും, രാഷ്ട്രപ്രതിനിധികളെ അഭിസംബോധചെയ്യുകയും ചെയ്തു. ഇപ്പോള്‍ 75-Ɔο വാര്‍ഷികം അവസരമാക്കി 2020 സെപ്തംബര്‍ 25, വെള്ളിയാഴ്ച വത്തിക്കാനില്‍നിന്നും ഓണ്‍-ലൈനില്‍ യുഎന്നിന്‍റെ സമുന്നത സംഗമത്തെ പാപ്പാ അഭിസംബോധനചെയ്യുന്നതും ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ധാര്‍മ്മിക ബന്ധമാണെന്ന് കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചു.

3. എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന
മഹത്തായ സ്ഥാപനം

എല്ലാരാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ സ്ഥാപനം ആഗോള വെല്ലുവിളികളെ ബഹുമുഖങ്ങളായ പരിഹാരമാര്‍ഗ്ഗങ്ങളിലൂടെ നേരിടുന്ന ലോകത്തിന്‍റെ ധാര്‍മ്മിക കേന്ദ്രമായി ഇനിയും വളര്‍ന്ന്, രാജ്യാന്തര സമൂഹത്തെ മാനവിക സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പാതയില്‍ നയിക്കാനാവട്ടെയെന്നു കര്‍ദ്ദിനാള്‍ ആശംസിച്ചു.
സ്വന്തം കാര്യം നോക്കിയും കലഹിച്ചും ഈ ലോകത്ത് ജീവിക്കാനാവില്ലെന്നും, എല്ലാരാജ്യങ്ങളെയും ആക്രമിച്ചിരിക്കുന്ന ഒരു വൈറസ് ബോധയെ നേരിടണമെങ്കില്‍ മാനവകുലം ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നു ചിന്തിക്കുവാന്‍ വൈകിയിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിപ്പിച്ചു.

4. നീതിയുടെ വഴികാട്ടി
ആയുധവും കരബലവും മറന്ന് നീതിയുടെയും നിയമനിഷ്ഠയുടെയും മാര്‍ഗ്ഗത്തില്‍ രാഷ്ട്രങ്ങള്‍ ജീവിക്കണമെന്ന സത്യം യുഎന്‍ ആവര്‍ത്തിച്ചു പ്രബോധിപ്പിക്കുന്നത് കര്‍ദ്ദിനാള്‍ പ്രഭാഷണത്തില്‍ നന്ദിയോടെ അനുസ്മരിച്ചു. മനുഷ്യാവകാശത്തിന്‍റെയും, ജീവിക്കുവാനുള്ള അവകാശത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും മേഖലയില്‍ യുഎന്‍ ചെയ്യുന്ന സേവനം അമൂല്യമാണെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. അങ്ങനെ പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും, സമഗ്രമാനവ പുരോഗതിക്കുമായുള്ള ഐക്യരാഷ്ട്ര സഭയുടെ സമര്‍പ്പണത്തെ ശ്ലാഘിച്ചുകൊണ്ടും സംവാദത്തിന്‍റെയും കൂട്ടായ പരിശ്രമത്തിന്‍റെയും പാതയില്‍ മാനവകുടുംബത്തെ സമാധാന പാതയില്‍ നയിക്കുവാന്‍ യുഎന്നിനു സാധിക്കട്ടെ എന്ന ആശംസയോടെയുമാണ് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2020, 08:30