ഗ്രാമാന്തരങ്ങളില്‍ ഉണരേണ്ട പരിസ്ഥിതിബോധം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. വിനോദസഞ്ചാരം സംരക്ഷിക്കാന്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കാം
വിനോദസഞ്ചാരം നശിക്കാതിരിക്കണമെങ്കില്‍ സമൂഹങ്ങളും വ്യക്തികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. ഇനിയും അന്ത്യം കാണാത്ത മഹാമാരിയുടെ മദ്ധ്യത്തിലാണ് ഈ വര്‍ഷം വിനോദസഞ്ചാര ദിനം സന്ധിക്കുന്നത്. മനുഷ്യന്‍റെ സഞ്ചാര സാദ്ധ്യതകള്‍ അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ ആകമാനം തടസ്സപ്പെട്ടിരിക്കുകയാണ്. എവിടെയും നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളുമുണ്ട്. അതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണംതന്നെ പാടെ ഇടിയുകയും, ഈ മേഖലയില്‍ വരുമാനം തീരെ ഇല്ലാതാവുകയും ചെയ്തിട്ടുണ്ടെന്നതില്‍ സംശയമില്ലെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി. എയര്‍ പോര്‍ട്ടുകളും രാജ്യാതിര്‍ത്തികളും പകര്‍ച്ചവ്യാധിയെ ഭയന്ന് അടച്ചിട്ടിരിക്കുന്ന ആഗോള വ്യാപകവും നിര്‍ണ്ണായകവുമായ ഈ ഘട്ടത്തില്‍ ഏറെ ശുഷ്ക്കിച്ചുപോകുന്ന മേഖല വിനോദസഞ്ചാരമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
2. ഓരോരുത്തരുടെയും
ജീവിത ചുറ്റുപാടുകളെ സംരക്ഷിക്കാം
ഇതിനെല്ലാം പ്രതിവിധിയായി ഓരോരുത്തര്‍ക്കും ശ്രദ്ധിക്കാവുന്ന നമ്മുടെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും, ജീവിത ചുറ്റുപാടുകളിലെ പ്രകൃതിയുടെയും സമഗ്ര സുസ്ഥിതിയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളും ഗ്രാമാന്തരങ്ങളും അവിടങ്ങളിലേയ്ക്കുള്ള ചെറുവഴികളും, അവിടത്തെ ആറും പുഴയും ശുചിയായും ശ്രദ്ധയോടെയും പരിരക്ഷിക്കാമെങ്കില്‍ വിനോദസഞ്ചാരം പ്രതിസന്ധിയുടെ ഘട്ടത്തിലും കെട്ടുപോകാതെ സംരക്ഷിക്കാനാവുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ അഭിപ്രായപ്പെട്ടു.
3. സംരക്ഷിക്കേണ്ട പരിസ്ഥിതിയും സംസ്കാരവും
ജനബാഹുല്യവും തിക്കും തിരക്കുമില്ലാത്ത ഗ്രാമങ്ങളിലും, പ്രകൃതി രമണീയമായ ഉള്‍നാടന്‍ പ്രദേശങ്ങളിലുമായിരിക്കും ഇനി വിനോദസഞ്ചാരം വളരുക. അതിനാല്‍ ഉത്തരവാദിത്വത്തോടെ പരിസ്ഥിതിയോടും സംസ്കാരങ്ങളോടും പൂര്‍ണ്ണമായ ആദരവും, അതില്‍ അഭിമാനവും കൊള്ളാനായാല്‍ സമൂഹത്തില്‍ സാമൂഹ്യ-സാമ്പത്തിക നീതി പുലര്‍ത്തുന്ന വിധത്തില്‍ അവിടെ വസിക്കുന്ന എല്ലാവരുടെയും, വിശിഷ്യാ പാവങ്ങളായവരുടെയും ജീവിതമേഖലയെ കൈപിടിച്ച് ഉയര്‍ത്തുവാനും അവരെയും സുസ്ഥിതി വികസനത്തില്‍ ഭാഗഭാക്കുകളാക്കുന്ന വീക്ഷണം വളര്‍ത്തുവാനായാല്‍ സമൂഹത്തില്‍ നന്മയും ഐശ്വര്യവും കൈവരിക്കുവാനുകുമെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.
4. എല്ലാവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്ത്വം
സാമൂഹ്യ സുസ്ഥിതിയും ജീവിത പരിസരങ്ങളുടെ സമഗ്രമായ സംരക്ഷണവും അനിവാര്യമാണ്. അത് സമൂഹത്തിന്‍റെയും അതിലെ ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമായി കാണേണ്ടതാണ്. സമൂഹത്തെയും, അവിടത്തെ ജീവിത പരിസരങ്ങളെയും നന്നായും ക്രിയാത്മകമായും സൂക്ഷിക്കുന്ന മനോഭാവം എല്ലാവരിലും വളര്‍ത്തിയെടുക്കുവാനായാല്‍ തദ്ദേശീയ വികസനത്തിനും ഒപ്പം വിനോദസഞ്ചാരത്തിനും പ്രതിസന്ധികള്‍ക്ക് ഇടയിലും ഇനിയും വഴിതുറക്കുവാനാകുമെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.