തിരയുക

വിശുദ്ധ പാദ്രെ പീയൊ, 2002 ജൂൺ 16-ന് വത്തിക്കാനിൽ വച്ച് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ച വേളയിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മുൻവശത്ത് തൂക്കിയിട്ടിരുന്ന ചിത്രം! വിശുദ്ധ പാദ്രെ പീയൊ, 2002 ജൂൺ 16-ന് വത്തിക്കാനിൽ വച്ച് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ച വേളയിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മുൻവശത്ത് തൂക്കിയിട്ടിരുന്ന ചിത്രം! 

വിശുദ്ധ പാദ്രെ പീയൊ!

പീയെത്രെൽച്ചീനിയിലെ വിശുദ്ധ പാദ്രെ പീയൊ തീക്ഷ്ണമതിയും വിശ്വസ്തനുമായ ശുശ്രൂഷകൻ. അദ്ദേഹത്തിൻറെ തിരുന്നാൾ തിരുസഭ അനുവർഷം സെപ്റ്റമ്പർ 23-ന് ആചരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ പാദ്രെ പീയൊ ദൈവിക കാരുണ്യത്തിൻറെ അശ്രാന്ത വിതരണക്കാരൻ എന്ന് മാർപ്പാപ്പാ.

ബുധനാഴ്ച (23/09/20) വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്തവേളയിൽ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യവെ, ഫ്രാൻസീസ് പാപ്പാ പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെ പീയൊയുടെ തിരുന്നാൾ അനുവർഷം സെപ്റ്റമ്പർ 23-ന് ആചരിക്കുന്നത്  അനുസ്മരിക്കുകയായിരുന്നു.

തീക്ഷ്ണമതിയും വിശ്വസ്തനുമായ ശുശ്രൂഷകനായിരുന്നു പീയെത്രെൽച്ചീനിയിലെ വിശുദ്ധ പാദ്രെ പീയൊ എന്ന് പ്രസ്താവിച്ച പാപ്പാ ഈ വിശുദ്ധനെ നയിച്ച വിശ്വാസത്തിൻറെയും ഉപവിയുടെയും സാക്ഷ്യം, അനുരഞ്ജനകൂദാശയ്ക്ക് അണഞ്ഞുകൊണ്ട് ദൈവിക നന്മയിൽ വിശ്വാസമർപ്പിക്കാൻ നമുക്കുള്ള വിളിയായിരിക്കട്ടെയെന്ന് ആശംസിച്ചു.

ഇറ്റലിയിലെ പീയെത്രെൽച്ചീന എന്ന സ്ഥലത്ത് 1887 മെയ് 25-നായിരുന്നു വിശുദ്ധ പാദ്രെ പീയൊയുടെ ജനനം. കപ്പൂച്ചിൻ സഭയിൽ ചേർന്ന അദ്ദേഹം ആരോഗ്യപരമായ കടുത്ത പരീക്ഷണങ്ങളെ നേരിടേണ്ടിവന്നു. 1907 ജനുവരി 27-ന് നിത്യവ്രതവാഗ്ദാനം നടത്തുകയും 1910-ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത പാദ്രേ പീയൊയ്ക്ക് അനാരോഗ്യം മൂലം മേലധികാരികളുടെ നിർദ്ദേശം പ്രകാരം 1916 വരെ സ്വഭവനത്തിൽ തന്നെ കഴിയേണ്ടിവന്നു.

1916 സെപ്റ്റമ്പർ 4-നാണ് വിശുദ്ധ പാദ്രെ പീയൊ ഫ്രാൻസിസ്ക്കൻ ആശ്രമത്തിലേക്ക് മടങ്ങിയത്.

അദ്ദേഹത്തിൻറെ ആദ്ധ്യാത്മിക തീക്ഷ്ണത വളരെ പെട്ടെന്നു തന്നെ സാമാന്യജനത്തിന് ബോധ്യമാകുകയും അവർ സാന്ത്വനം തേടി അദ്ദേഹത്തിൻറെ പക്കലെത്താൻ തുടങ്ങുകയും ചെയ്തു.

പാപസങ്കീർത്തന കൂദാശയ്ക്ക് അതീവ പ്രാധാന്യം കല്പിച്ചിരുന്ന പാദ്രെ പീയൊ ആതുരശുശ്രൂഷയിലും ശ്രദ്ധ ചെലുത്തുകയും 1925-ൽ ഒരു ആശ്രമ കെട്ടിടത്തിൽ “സഹന സാന്ത്വന ഭവനം” (La Casa sollievo della sofferenza) എന്ന പേരിൽ ഒരു ചികിത്സാകേന്ദ്രത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് 1947-ൽ വലിയൊരു ആശുപത്രിയുടെ നിർമ്മാണം ആരംഭിക്കുകയും 1956-ൽ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ക്രിസ്തുവിൻറെ തിരുമുറിപ്പാടുകളെ സൂചിപ്പിക്കുന്ന പഞ്ചക്ഷതധാരിയുമായിരുന്ന വിശുദ്ധ പാദ്രെ പീയൊ 81-ɔ൦ വയസ്സിൽ സാൻ ജൊവാന്നി റൊത്തോന്തൊയിൽ വച്ച് മരണമടഞ്ഞു.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതും വിശുദ്ധരുടെ നിരയിലേക്കുയർത്തിയതും.

വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം 1999 മെയ് 2-നും വിശുദ്ധ പദ പ്രഖ്യാപനം 2002 ജൂൺ 16-നും ആയിരുന്നു.

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു ഇരു തിരുക്കർമ്മത്തിനും വേദിയായത്.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2020, 11:47