തിരയുക

Papa Giovanni Paolo I, Papa Luciani Papa Giovanni Paolo I, Papa Luciani 

പുണ്യങ്ങളുടെ പുഞ്ചിരിയുമായി ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ

ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പായുടെ 42-Ɔο സ്ഥാനാരോഹണ വാര്‍ഷികം അനുസ്മരിച്ചു. ധന്യന്‍റെ ജീവിതത്തിലേയ്ക്കൊരു തിരനോട്ടം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. നല്ലിടയന്‍റെ മങ്ങാത്ത സ്മരണകള്‍
അടുത്തറിയും മുന്‍പേ സ്ഥാനാരോഹണത്തിന്‍റെ 33-Ɔ൦ ദിനത്തില്‍ മങ്ങാത്ത സ്മരണകള്‍ ലോകത്തിനും സഭയ്ക്കും നല്കിക്കൊണ്ട് 65-‍Ɔമത്തെ വയസ്സില്‍ 1978 സെപ്തംബര്‍ 28-‍Ɔ൦ തിയതി കാലയവനിയ്ക്കുള്ളില്‍ മറഞ്ഞ സഭാതലവനാണ്, സ്നേഹപൂര്‍വ്വം പാപ്പാ ലൂച്യാനിയെന്ന് ജനങ്ങള്‍ വിളിച്ച, ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ!

2. ആദ്യകാലവും പ്രേഷിതവൃത്തിയും
വടക്കെ ഇറ്റലിയിലെ അഗോര്‍ദോ എന്ന ആല്‍പ്പൈന്‍ താഴ്വാര ഗ്രാമത്തിലെ ലൂച്യാനി കുടുംബത്തില്‍ 1912 ഒക്ടോബര്‍ 17-‍നായിരുന്നു അല്‍ബീനോ ലൂച്യാനിയുടെ ജനനം. ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, ബെല്യൂനോ രൂപത സെമിനാരിയില്‍ പഠിച്ച്, 1958-ല്‍ പൗരോഹിത്യം സ്വീകരിച്ചു.  രൂപതയുടെ സെമിനാരി റെക്ടറായും സമര്‍ത്ഥനായ അദ്ധ്യാപകനുമായി സേവനംചെയ്യവെ 1958-ല്‍ ജോണ്‍ 23-Ɔമന്‍ പാപ്പ അദ്ദേഹത്തെ രൂപതയുടെ  മെത്രാനായി നിയോഗിച്ചു. 1969-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തപ്പെട്ട ബിഷപ്പ് ലൂച്യാനിയെ 1978-ല്‍ പോള്‍‍ ആറാമന്‍ പാപ്പയാണ് വെനീസിലെ പാത്രിയര്‍ക്കീസായി നിയോഗിച്ചത്. എളിമ ജീവിത നിയമമാക്കിയ കര്‍ദ്ദിനാള്‍ ലൂച്യാനി അജപാലനമേഖലയില്‍ ക്രിസ്തുവിന്‍റെ ഇടയരൂപവും ആര്‍ദ്രമായ സ്നേഹവും എവിടെയും പ്രകടമാക്കി.

3. വെനീസിലെ പാത്രിയര്‍ക്കീസും പത്രോസിന്‍റെ പിന്‍ഗാമിയും
സൈദ്ധാന്തിക ദൈവശാസ്ത്രം, ധാര്‍മ്മിക ദൈവശാസ്ത്രം, സഭാനിയമം, ക്രൈസ്തവകല എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍ ബിരുദങ്ങളുണ്ടായിരുന്ന കര്‍ദ്ദിനാള്‍ ലൂച്യാനി നല്ല അദ്ധ്യാപകനും വാഗ്മിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതബന്ധിയായ പ്രഭാഷണങ്ങളും പ്രസംഗങ്ങളും ജനപ്രീതിയാര്‍ജ്ജിച്ചു. പോള്‍ ആറാമന്‍ പാപ്പായുടെ കാലവിയോഗത്തെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ ലൂച്യാനി 1978 ആഗസ്റ്റ് 26-Ɔ൦ തിയതി വിശുദ്ധ പത്രോസിന്‍റെ 263-Ɔമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ഗാമിമാരായിരുന്ന പോള്‍ ആറാമന്‍റെ ഭരണപാടവവും, ജോണ്‍
23-Ɔമന്‍റെ ലാളിത്യമാര്‍ന്ന ജീവിതവും മാതൃകയാക്കികൊണ്ടാണ് ‘ജോണ്‍ പോള്‍’ എന്ന സങ്കരനാമം സഭാചരിത്രത്തില്‍ ഇദംപ്രഥമമായി പാപ്പാ ലൂച്യാനി സ്വീകരിച്ചത്.

4. വത്തിക്കാനിലെ ദിനരാത്രങ്ങള്‍
33 ദിവസങ്ങള്‍ മാത്രം പത്രോസിന്‍റെ പരമാധികാരത്തില്‍ സുസ്മേര വദനനായി ജീവിച്ച പാപ്പാ ജോണ്‍ പോള്‍ ഒന്നാമന്‍ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വകാല പാപ്പായാണ്. ‘പുരോഗമനവാദി’യെന്ന യാഥാസ്ഥിതികരുടെ ആരോപണവുമായിട്ടാണ് പാപ്പാ ലൂച്യാനി കടന്നുപോയത്. ഏവരെയും എന്തിനെയും ചെറുപുഞ്ചിരിയോടെ സമീപിച്ച അദ്ദേഹത്തിന് ‘പുഞ്ചിരിക്കുന്ന പാപ്പ’എന്ന ഓമനപ്പേരും ലഭിച്ചു. എല്ലാ കാര്യങ്ങളിലും വ്യത്യസ്തനായ പുരോഗതിക്കാരനും പുരോഗമന വാദിയുമായിരുന്നു ജോണ്‍ പോള്‍ ഒന്നാമന്‍. അതുകൊണ്ടുതന്നെ വത്തിക്കാനിലും പുറത്തുമുള്ള പലരുടെയും അപ്രീതിക്കും അവിശ്വാസ്യതയ്ക്കും ചുരുങ്ങിയ കാലയളവില്‍ പാപ്പാ പാത്രീഭൂതനായി.

5. മാനുഷികതയില്‍ അടിയുറച്ച ദൈവികത
മാനുഷികതയില്‍ അടിയുറച്ച ദൈവികത വെളിപ്പെടുത്തിയ ജോണ്‍ പോള്‍ ഒന്നാമന്‍ ‘നാം’ എന്ന പൂജക സ്വാഭിസംബോധന മാറ്റി ‘ഞാന്‍’ എന്ന ലളിത്യാമാര്‍ന്ന ഏകവചന പ്രയോഗമായി സ്ഥാനാരോഹണത്തിന്‍റെ പ്രഥമപ്രഭാഷണത്തില്‍ ഉപയോഗിച്ചത് പലരേയും അമ്പരപ്പിച്ചു.
കിരീടധാരണ കര്‍മ്മം വേണ്ടന്നുവച്ച് പകരം വളരെ ലളിതമായ സ്ഥാനാരോഹണ കര്‍മ്മം പുതിയ പാപ്പാ നടപ്പില്‍ വരുത്തി. പരമ്പരാഗതമായി പൊതുവേദികളിലേയ്ക്ക് പാപ്പായെ ചുമന്നുകൊണ്ടുപോകുന്ന അലംകൃതമായ പല്ലക്കുയാത്രയും ആദ്യമായി തിരസ്ക്കരിച്ചത് പാപ്പാ ലൂച്യാന്നിയാണ്. ഇരട്ടനാമധേയം, അല്ലെങ്കില്‍ ഒരു സങ്കരനാമം ആദ്യമായി സ്വീകരിച്ച പാപ്പായും
ജോണ്‍ പോള്‍ ഒന്നാമന്‍ തന്നെ!

6. നിത്യതയുടെ തീരങ്ങളില്‍
ക്രിസ്തുവിന്‍റെ സഭയുടെ തലവന്‍റെയും പത്രോസിന്‍റെ പിന്‍ഗാമിയുടെയും പദവിക്ക് പച്ചയായ മാനുഷികത പകര്‍ന്ന ജോണ്‍ പോള്‍ ഒന്നാമന്‍ 1978-ന്‍റെ സെപ്റ്റംമ്പര്‍ 29-ലെ പ്രഭാതത്തില്‍ തന്‍റെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് ലോകത്തിന് അംഗീകരിക്കാനായില്ല. രക്തംകട്ടിയാകുന്ന ശാരീക ആലസ്യത്തിന് എന്നും മരുന്നു കഴിച്ചിരുന്ന പാപ്പാ കൊലപ്പെട്ടതാണെന്ന് ആരോപിക്കാന്‍ ലൂച്യാനിയുടെ നൂതന ശൈലിയില്‍ ആകൃഷ്ടരായവരും ആരാധകരും, പിന്നെ കുറെ വന്‍കിട മാധ്യമങ്ങളും മടിച്ചില്ല.

7. വിശുദ്ധിയുടെ പടവുകള്‍
പുണ്യപൂര്‍ണ്ണതയുടെ പുഞ്ചിരിയുമായി ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ ചിരസ്മരണീയനായി കടന്നുപോയി! പാപ്പാ ഫ്രാന്‍സിസ് 2017-ല്‍ ദൈവദാസനായ ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ അദ്ദേഹത്തിന്‍റെ വിശുദ്ധപദത്തിനു യോഗ്യമായ സ്വീര്‍ഗ്ഗീയാനുഗ്രങ്ങളുടെ അടയാളങ്ങള്‍ക്കായി തീവ്രമായി പ്രാര്‍ത്ഥിക്കുകയും അവ കണ്ടെത്താന്‍ സഹായിക്കണമെന്നുമുള്ള അഭിപ്രായം ഇറ്റലിയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ളതായി 42-Ɔ൦ സ്ഥാനാരോഹണ വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ സ്മരണാഞ്ജലിയില്‍ രേഖപ്പെടുത്തുകയുണ്ടായി.
 

02 September 2020, 08:24