സമൂഹങ്ങളില്‍ ദിവ്യബലി പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകത
- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര
1. കുര്‍ബ്ബാനയുടെ കൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കണം
സാഹചര്യങ്ങൾ അനുവദിക്കുന്ന മുറയ്ക്ക്, ദേവാലയങ്ങളെ ആരാധനാക്രമ ആഘോഷങ്ങളുടെയും പ്രത്യേകിച്ച്, "സഭാജീവന്‍റെ സമുന്നത ആത്മീയ സ്രോതസ്സായ" ദിവ്യബലിയർപ്പണത്തിന്‍റെ കൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കി, ക്രൈസ്തവ ജീവിതചര്യയുടെ സാധാരണ നിലയിലേക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് സെപ്തംബര്‍ 3-ന് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ച കത്തിലൂടെ കര്‍ദ്ദിനാള്‍ സറാ അറിയിച്ചു. "നമുക്ക് സന്തോഷത്തോടെ ദിവ്യബലിയർപ്പണത്തിലേക്ക് മടങ്ങാം!" എന്ന തലക്കെട്ടോടെ, "COVID 19 മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള ദിവ്യബലിയർപ്പണത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയിലെ മെത്രാന്‍ സമിതികളുടെ പ്രസിഡന്‍റുമാർക്ക് നൽകിയ കത്തിലൂടെയാണ് കർദിനാൾ സറാ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
2. ലോകത്തില്‍ ആയിരിക്കുമ്പോഴും
ലോകത്തിന്‍റേതല്ലാത്തവര്‍
'ലോകത്തിൽ സഭ ഒരിക്കലും അടച്ചിട്ട ഒരു പട്ടണമായി മാറുകയോ, ക്രൈസ്തവസമൂഹം ഒരിക്കലും ഒറ്റപ്പെടൽ അനുഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ആനുകാലിക സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് വത്തിക്കാന്‍റെ വിജ്ഞാപനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തിൽ ആയിരുന്നുകൊണ്ട് ലോകത്തിന്‍റെതല്ലാതെ ജീവിക്കുവാൻ ശീലിക്കേണ്ടവരാണ് ക്രൈസ്തവ സമൂഹങ്ങൾ. എന്നാൽ മഹാമാരിയുടെ മൂര്‍ദ്ധന്യത്തില്‍ രാഷ്ട്രനേതാക്കളോടും വിദഗ്ധരോടും ചേർന്ന്, ജനരഹിത കുർബാനകൾ അർപ്പിക്കുവാനുള്ള തീരുമാനമെക്കാൻ സഭയുടെ മെത്രാന്മാരും, അതാത് മെത്രാൻ സമിതികളും സമൂഹത്തിനുവേണ്ടി, വേദനയോടെ നിര്‍ബന്ധിതരായി എന്ന വസ്തുത വത്തിക്കാന്‍ അംഗീകരിക്കുന്നു. കൂടാതെ, അപ്രതീക്ഷിതവും സങ്കീർണ്ണവുമായ ഈ സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ചതിനും, വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുത്തതിനും മെത്രാന്മാരെ കത്തിൽ കര്‍ദിനാള്‍ സറാ അഭിനന്ദിക്കുന്നുമുണ്ട്.
3. രക്തസാക്ഷികളുടെ മാതൃക
നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ രക്തസാക്ഷികളായ, അബിറ്റിനെയിലെ ക്രിസ്ത്യാനികൾ തങ്ങൾക്ക് മരണശിക്ഷ ഉറപ്പായപ്പോഴും ന്യായാധിപന്മാർക്ക് മുന്നിൽ ദൃഢനിശ്ചയത്തോടെ പറഞ്ഞതിങ്ങനെയാണ്: "ഞായറാഴ്ചത്തെ ദിവ്യബലി അര്‍പ്പണമില്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയില്ല". ഈ മഹാമാരിയുടെ സമയത്തിൽ അബിറ്റിനെയിലെ രക്തസാക്ഷികളുടെ ഹൃദയവ്യഥ നമുക്ക് കൂടുതൽ ഉൾക്കൊള്ളുവാൻ സാധിക്കുന്നു. കാരണം, നമ്മുടെ ജീവിതവും അത്തരത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വത്തിക്കാന്‍ ഓർമ്മിപ്പിക്കുന്നു.
4. കുര്‍ബ്ബാനയിലേയ്ക്കു ക്ഷണിക്കുന്ന ഘടകങ്ങള്‍
പിന്നെയും ഈ കത്തിലൂടെ വത്തിക്കാൻ സംഘം 6 കാര്യങ്ങൾ പ്രത്യേകമായി ഉദ്ബോധിപ്പിക്കുന്നു:
a) കർത്താവിന്‍റെ വചനമില്ലാതെ, നമ്മുടെ മാനവികതയെയും, ഹൃദയത്തിലെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയുള്ള ആഗ്രഹങ്ങളെയും പൂർണ്ണമായി തിരിച്ചറിഞ്ഞ് ക്രിസ്ത്യാനികളായി ജീവിക്കാൻ നമുക്ക് കഴിയില്ല.
b) കുരിശിന്‍റെ ത്യാഗത്തിൽ പങ്കെടുക്കാതെ നമുക്ക് ക്രിസ്ത്യാനികളായി ജീവിക്കാൻ കഴിയില്ല.
c) വിശുദ്ധ കുർബാനയുടെ വിരുന്നു കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.
d) കർത്താവിന്‍റെ കുടുംബമായ, ക്രിസ്ത്യാനികളുടെ സമൂഹമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.
e) കർത്താവിന്‍റെ ഭവനം കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.
6) കർത്താവിന്‍റെ ദിനമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.
5. സാഹചര്യങ്ങള്‍ അനുവദിച്ചാല്‍
എത്രയും വേഗം പുനനരാരംഭിക്കാം
ചുരുക്കത്തിൽ, കോവിഡ് 19 വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി സാമൂഹിക, കുടുംബ, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മാത്രമല്ല, ആരാധനാക്രമമടക്കം ക്രൈസ്തവ സമൂഹത്തിന്‍റെ ജീവിതചര്യയിലും കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നും; വൈറസ് പടരുന്നത് തടയാൻ കർക്കശമായ സാമൂഹിക അകലം ആവശ്യമായിവന്നത് ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാന സ്വഭാവത്തെ ബാധിച്ചുവെന്നും കത്തിൽ വത്തിക്കാന്‍ അംഗീകരിക്കുകയും വിവരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ എത്രയും വേഗം സഭയുടെ കൂട്ടായ്മയുടെ ആരാധനക്രമ ആഘോഷങ്ങള്‍ പുനരാരംഭിക്കണം എന്നുതന്നെയാണ് കത്തിലൂടെ വത്തിക്കാന്‍ ഉദ്ബോധിപ്പിക്കുന്നത്.