തിരയുക

Italia-S.Sede:accordo per mutuo riconoscimento titoli studio Italia-S.Sede:accordo per mutuo riconoscimento titoli studio 

വിദ്യാഭ്യാസം കംപ്യൂട്ടറില്‍ മാത്രം ഒതുക്കാവുന്നതല്ല

വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for Education) പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജുസേപ്പെ വേര്‍സാള്‍ദി അയച്ച തുറന്ന കത്ത്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സെപ്തംബര്‍ 9-Ɔο തിയതി ബുധനാഴ്ച ലോകത്തെ എല്ലാ കത്തോലിക്കാ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി പ്രസിദ്ധീകരിച്ച കത്തില്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വിദ്യാഭ്യാസം സംവിധാനങ്ങളെക്കുറിച്ച്  വത്തിക്കാന്‍ തുറന്നു ചിന്തിക്കുന്നു :

1. വൈറസ് തകിടംമറിച്ച ലോകം
മഹാമാരി മനുഷ്യന്‍റെ അസ്തിത്വത്തെ ആഴമായി ബാധിക്കുകയും ജീവിതരീതികളെ മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടതിന്‍റെ ഭീതി എല്ലാവരുടെയും മനസ്സില്‍ കുമിഞ്ഞുകൂടുകയാണ്. അപ്രതീക്ഷിതമായൊരു കൊടുങ്കാറ്റ്  ജീവിത ഗതിയെ മാറ്റിമറിച്ചിരിക്കുന്നപോലെ...! ആരോഗ്യ പ്രശ്നങ്ങള്‍ക്കും മീതെ എല്ലാവര്‍ക്കും സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളുള്ള സമയമാണിത്. വിദ്യാഭ്യാസ മേഖലയെ ആഗോളതലത്തിലും, സ്കൂള്‍തലത്തിലും മാത്രമല്ല, മറ്റെല്ലാ അദ്ധ്യായന തലങ്ങളിലും വൈറസ് ബാധ തകിടം മറിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍റെ നീണ്ട കത്ത് ചൂണ്ടിക്കാട്ടി.

2. സൗകര്യമില്ലാതെ വെറുതെ ഇരിക്കുന്ന കുട്ടികള്‍
മഹാമാരിയുടെ മദ്ധ്യത്തില്‍ ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ചുള്ള ഓണ്‍-ലൈന്‍ ക്ലാസ്സുകളുടെ പ്രശ്ന പരിഹാരത്തിലേയ്ക്കാണ് എല്ലാവരും വേഗം എടുത്തുചാടിയത്. വിദൂരവും സാങ്കേതികവുമായ പഠനരീതി നല്ലതും ആവശ്യവുമാണ്! എന്നാല്‍ വിദ്യാഭ്യാസ സാങ്കേതിക സൗകര്യങ്ങളു‌‌ടെ ഏറെ പ്രകടമായ അസമാനതയാണ് ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്. കാരണം ചിലര്‍ക്ക് അത് സാധിക്കുമ്പോള്‍, മറ്റുചിലര്‍ക്ക് കുറച്ചൊക്കെ സാധിക്കുന്നു. എന്നാല്‍ അധികംപേര്‍ക്കും ഒന്നും സാദ്ധ്യമല്ലാത്ത അവസ്ഥ വരുന്നു. രാജ്യാന്തര ഏജെന്‍സികളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്നു ലോകത്ത് ഒരു കോടിയില്‍ (10 million) അധികം കുട്ടികളാണ് പഠിക്കുവാന്‍ ഒരു സാദ്ധ്യതയുമില്ലാതെ വീടുകളില്‍ കാത്തിരിക്കേണ്ടിവരുന്നത്. മാത്രമല്ല ഈ പ്രതിസന്ധി  വിദ്യാഭ്യാസ സൗകര്യമുള്ളവരും അത് ഒട്ടും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഏറെ വര്‍ദ്ധിപ്പിക്കുവാന്‍ പോരുന്നതാണെന്ന് വത്തിക്കാന്‍ വിശദീകരിച്ചു.

3. വിദ്യാഭ്യാസത്തിന് അനിവാര്യമായ
കൂട്ടായ്മയുടെ സാന്നിദ്ധ്യം

വിദ്യാഭ്യാസത്തിന്‍റെ  പരസ്പര ബന്ധങ്ങളുടെ മേഖലയില്‍,  നിര്‍ഭാഗ്യമെന്നു പറയട്ടെ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയും അറിവില്ലാതെയും ധാരാളം പ്രശ്നങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. കോവിഡിന്‍റെ സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ സാങ്കേതികതയുടെ സഹായത്തോടെയുള്ള വിദൂര വിദ്യാഭ്യാസം ആവശ്യമായി വന്നു. എന്നാല്‍ വിദ്യാഭ്യാസം ഒരു സാങ്കേതിക വിദ്യയില്‍ ഒതുക്കിനിര്‍ത്താവുന്നതല്ല. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലും, വിദ്യാര്‍ത്ഥികള്‍ പരസ്പരവുമുള്ള സംവാദവും കൂട്ടായ പ്രവര്‍ത്തനങ്ങളും പഠനത്തിന്‍റെ കാതലായ ഭാഗമാണെന്ന് കത്ത് ചൂണ്ടിക്കാട്ടി.

ക്ലാസ്സിലും ലാബിലും ലൈബ്രറിയിലുമൊക്കെയായി ഒരുമിച്ചു വളരുകയും ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കയും ചെയ്യുന്ന ഒരു ജീവിതശൈലിയാണ് വിദ്യാഭ്യാസം. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വിശിഷ്യാ, കുട്ടിക്കാലത്തും, കൗമാരത്തിലും യൗവ്വനത്തിലുമെല്ലാം ആവശ്യമായ മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്ക് അദ്ധ്യാപകരുടെയും സഹപാഠികളുടെയും സാന്നിദ്ധ്യം അനിവാര്യമാണ്. വ്യക്തികളില്‍ അറിവിന്‍റെ പ്രായോഗികതയും ക്രിയാത്മകതയതും യാഥാര്‍ത്ഥ്യമാകുന്നത് മറ്റുള്ളവരെ ആശ്ലേഷിച്ചുകൊണ്ടുള്ളൊരു സജീവ സാന്നിദ്ധ്യത്തിന്‍റെയും കൂട്ടായ്മയുടെയും ചുറ്റുപാടിലാണെന്ന് വത്തിക്കാന്‍റെ കത്ത് നിരീക്ഷിച്ചു.

4. പങ്കുവയ്ക്കലിലൂടെ വളരുന്ന അറിവ്
ശാസ്ത്രീയ ഗവേഷണ പഠനങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും മേഖലയില്‍ വിവിധ വിഭാഗങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളും ചര്‍ച്ചകളും സംവാദവും അനിവാര്യമാണ്. ഇതുവഴി അറിവ് പങ്കുവയ്ക്കപ്പെടുകയും സമൂഹത്തിന് ഉപകാരപ്രദമാവുകയും ചെയ്യുന്നു.  അങ്ങനെ  അതില്‍ ദൈവിക വെളിപാടിന്‍റെ വെളിച്ചം പതിക്കുവാനും പാരസ്പരികതയും കൂട്ടായ്മയും സഹായകമാക്കുമെന്ന്  കര്‍ദ്ദിനാള്‍ ജുസേപ്പെ വേഴ്സാള്‍ദി അയച്ച കത്ത് വ്യക്തമാക്കി. (message is partial…).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2020, 14:53