തിരയുക

2020.09.24 JOSEF CHENNOTH nuncio Japan 2020.09.24 JOSEF CHENNOTH nuncio Japan 

സഭയുടെ വിശ്വസ്ത സേവകന് വത്തിക്കാനില്‍ സ്മരണാഞ്ജലി

ജപ്പാന്‍റെ അന്തരിച്ച വത്തിക്കാന്‍ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജോസഫ് ചേന്നോത്തിന്‍റെ ആത്മശാന്തിക്കായി വത്തിക്കാനില്‍ ദിവ്യബലി അര്‍പ്പിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വത്തിക്കാനിലെ അനുസ്മരണ ദിവ്യബലി
സെപ്തംബര്‍ 17-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍  ആര്‍ച്ചുബിഷപ്പ് ചേന്നോത്തിന്‍റെ അനുസ്മരണാര്‍ത്ഥം അര്‍പ്പിച്ച ദിവ്യബലിയ്ക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ കാര്‍മ്മികത്വം വഹിച്ചു.  അദ്ദേഹം പങ്കുവച്ച വചനപ്രഭാഷണത്തില്‍  ജപ്പാനിലെ അപ്പസ്തോലിക സ്ഥാപനപതിയായി സേവനംചെയ്യവെ അന്തരിച്ച ആര്‍ച്ചുബിഷപ്പ് ചേന്നോത്തിനെ  സഭയുടെ വിശ്വസ്ത സേവകനെന്ന്  നയന്ത്രവിഭാഗത്തിന്‍റെ തലവന്‍കൂടിയായ കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു. വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തിലെ പ്രതിനിധികളും, പരേതന്‍റെ അഭ്യൂദയകാംക്ഷികളും സുഹൃത്തുക്കളും, റോമിലുള്ള കേരളീയരായ  വിശ്വാസികളുടെ പ്രതിനിധികളും  ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

2. സമര്‍പ്പിതനായ സഭാശുശ്രൂഷകന്‍
അരമുറുക്കി യജമാനന്‍റെ ആജ്ഞയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ എന്നും ജാഗ്രതപുലര്‍ത്തിയിരുന്ന വിശ്വസ്തദാസനെന്ന്, രണ്ടു പതിറ്റാണ്ടില്‍ അധികം പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്രജ്ഞനായി വിവിധ രാജ്യങ്ങളില്‍ ജോലിചെയ്ത ആര്‍ച്ചുബിഷപ്പ് ചേന്നോത്തിനെ കര്‍ദ്ദിനാള്‍ പരോളിന്‍ സുവിശേഷത്തെ ആധാരമാക്കി വിശേഷിപ്പിച്ചു (ലൂക്കാ 12, 35).   “തന്‍റെ ഭൂതകാലത്തെ ദൈവത്തിന്‍റെ കാരുണ്യത്തിനായും ഭാവിയെ അവിടുത്തെ പരിപാലനയ്ക്കായും സമര്‍പ്പിക്കുന്നു,” എന്ന പരേതന്‍റെ ആപ്തവാക്യവും കര്‍ദ്ദിനാള്‍ പരോളിന്‍ ദിവ്യബലിമദ്ധ്യേ അനുസ്മരിച്ചു. മറ്റുള്ളവരെക്കുറിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുന്നത് ഒരിക്കല്‍പ്പോലും ആര്‍ച്ചുബിഷപ്പ് ചേന്നോത്തില്‍നിന്നും കേട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സഹകാരിയായ വൈദികന്‍ പങ്കുവച്ചത്, ദൈവദൃഷ്ടിയില്‍ ആര്‍ച്ചുബിഷപ്പ് ചേന്നോത്ത് അവിടുത്തെ വിശ്വസ്തദാസനായിരുന്നുവെന്ന് തെളിയിക്കുന്ന വിശിഷ്ടഗുണമായി കര്‍ദ്ദിനാള്‍ പരോളിന്‍ സാക്ഷ്യപ്പെടുത്തി.

3. ഉപസംഹാരം
സെപ്തംബര്‍ 8, ദൈവമാതാവിന്‍റെ ജനനത്തിരുനാളില്‍ ടോക്കിയോയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ ഹൃദയാഘാതംമൂലം 76-Ɔമത്തെ വയസ്സില്‍ അന്തരിച്ച നല്ലവനും വിശ്വസ്തനുമായ ഈ സഭാശുശ്രൂഷകന്‍റെ ആത്മാവിനെ കന്യകാനാഥയും, പരേതന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവും ദൈവസന്നിധിയില്‍ സമര്‍പ്പിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ വചനപ്രഭാഷണം ഉപസംഹരിച്ചത്.

4. ജന്മനാട്ടിലെ അന്തിമോപചാര ശുശ്രൂഷകള്‍
ആര്‍ച്ചുബിഷപ്പ് ചേന്നോത്തിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്‍റെ ഇടവകയായ കോക്കമംഗലത്ത് സെപ്തംബര്‍ 22-Ɔο തിയതി ചൊവ്വാഴ്ച എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍‍ച്ചുബിഷപ്പ് ആന്‍റെണി കരിയില്‍ സി.എം.ഐ.-യുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയര്‍പ്പണത്തോടെ നടത്തുകയും, ദേവാലയത്തിന് അകത്ത് പാര്‍ശ്വത്തിലായി ഒരുക്കിയ പ്രത്യേക കല്ലറയില്‍ സംസ്കരിക്കുകയും ചെയ്തു.
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി പരേതനുവേണ്ടിയുള്ള സമാപനശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വൈദികരും സന്ന്യസ്തരും വിശ്വാസികളുടെ പ്രതിനിധി സംഘവും തിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കുകളായി.

5. ജീവിതരേഖ
1943 കോക്കമംഗലത്ത് ജനിച്ചു.
1960 എറണാകുളം-അങ്കമാലി അതിരൂപതയുടെ സെമിനാരിയിലും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദികപഠനം ആരംഭിച്ചു.
തുടര്‍ന്ന് റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്രപഠനവും സഭാനിയമത്തില്‍
ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി.
1969-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

6. വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍
1977-ല്‍ വത്തിക്കാന്‍റെ നയതന്ത്രവകുപ്പില്‍ പഠനം ആരംഭിച്ചു.
തുടര്‍ന്ന് കാമറൂണ്‍, തുര്‍ക്കി, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു.
1999-ല്‍ ഇറ്റലിയിലെ മിലേവും അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി അഭിഷിക്തനായി.
1999 മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെയും, സമീപത്തെ ചാഡ് റിപ്പബ്ലിക്കിന്‍റെയും അപ്പസ്തോലിക സ്ഥാനപതിയായി (Apostolic Nuncio) .
2005-ല്‍ താന്‍സേനിയയിലെ അപ്പസ്തോലിക പ്രതിനിധിയായി.
2011-ല്‍ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.
2019-ല്‍ പാപ്പാ ഫ്രാന്‍സിസ് ജപ്പാനിലേയ്ക്കു നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ചുക്കാന്‍ പിടിച്ചത് ആര്‍ച്ചുബിഷപ്പ് ചേന്നോത്തായിരുന്നു.

സഭയുടെ ഈ നല്ല അജപാലകന് പ്രാര്‍ത്ഥനയോടെ സ്മരണാഞ്ജലി!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2020, 15:44