തിരയുക

2020.07.29 Presa di Possesso Cardinale Angelo Becciu 2020.07.29 Presa di Possesso Cardinale Angelo Becciu 

ധ്യാനത്തില്‍നിന്നും ഉതിരുന്ന ശുശ്രൂഷയുടെ പ്രേഷിതശൈലി

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂവിന്‍റെ ചിന്തകള്‍

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മാര്‍ത്ത-മറിയം സഹോദരിമാരുടെ
രാജ്യാന്തര സന്ന്യാസസമൂഹം

ജൂലൈ 29-Ɔο തിയതി ബുധനാഴ്ച വിശുദ്ധ മാര്‍ത്തയുടെ അനുസ്മരണനാളില്‍ മാര്‍ത്താ-മറിയം സഹോദരികളുടെ നാമത്തിലുള്ള റോമിലെ സന്ന്യാസ സമൂഹത്തില്‍ നടന്ന 30 സഭാംഗങ്ങളുടെ നിത്യവ്രതവാഗ്ദാനത്തോട് ചേര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിമദ്ധേ കര്‍ദ്ദിനാള്‍ ബെച്യൂ നടത്തിയ വചനപ്രഭാഷണത്തില്‍ നിന്നെടുത്ത ചിന്തകളാണിത്.

2. ധ്യാനാത്മകതയും  ഔദാര്യപൂര്‍ണ്ണമായ സേവനവും 

യേശു ബഥനിയിലെ ലാസറിന്‍റെ സഹോദരിമാരെ സന്ദര്‍ശിച്ച സുവിശേഷഭാഗത്തെ ആധാരമാക്കിയാണ് കര്‍ദ്ദിനാള്‍ പ്രഭാഷണം നടത്തിയത് (ലൂക്കാ 10, 38-40). സ്നേഹിതന്‍ ലാസറിന്‍റെ ഭവനത്തില്‍ വന്ന യേശുവിന്‍റെ പാദാന്തികത്തില്‍ ഇരുന്ന് വചനം ശ്രവിച്ച് ധ്യാനാത്മകമായി ജീവിക്കുവാന്‍ വേണ്ടുവോളം ബോധ്യമുള്ള വ്യക്തിത്വമാണ് നാം ബഥനിയിലെ മേരിയില്‍ കാണുന്നത്. മറുഭാഗത്ത്, ഉദാരപൂര്‍ണ്ണമായ സേവനത്തിന്‍റെയും ശുശ്രൂഷയുടെയും പ്രതീകം മാര്‍ത്തയിലും കാണുന്നു. കാരണം യേശുവിനെ സല്‍ക്കരിക്കുവാന്‍ അവള്‍ ഓടിനടന്ന് പണിയെടുക്കുകയായിരുന്നെന്ന് വ്രതവാഗ്ദാന ശുശ്രൂഷയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച കര്‍ദ്ദിനാള്‍ ബെച്യൂ ചൂണ്ടിക്കാട്ടി.  ഈ രണ്ടു മനോഭാവങ്ങളുടെയും  ഒരു സന്തുലിത ശൈലിയാണ് ഇന്ന് സഭയിലെ സേവനത്തിന് പ്രേഷിതര്‍ കൈക്കൊള്ളേണ്ടതെന്ന് കര്‍ദ്ദിനാള്‍ ബെച്യൂ സമര്‍ത്ഥിച്ചു. രണ്ടിലുമുള്ള ക്രിയാത്മകമായ മൂല്യങ്ങള്‍ക്ക് വിലകല്പിക്കുമ്പോള്‍ അവ രണ്ടും ചേര്‍ന്ന് വ്യക്തികള്‍ ആത്മീയതയില്‍ സമ്പന്നരാകുമെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.

3. മൗലികമായ സുവിശേഷസമര്‍പ്പണം

അവിടെ അള്‍ത്താരവേദിയില്‍ നിത്യവ്രതവാഗ്ദാനത്തിനായി സന്നിഹിതരായിരുന്ന 30 പേര്‍ക്കു മാത്രമല്ല, ഇന്ന് പ്രേഷിതജീവിതം ഏറ്റെടുക്കുന്ന ആര്‍ക്കും സ്വീകരിക്കാവുന്ന ഒരു ആത്മീയ പാന്ഥാവാണ് സുവിശേഷത്തിലെ മേരി-മാര്‍ത്ത സഹോദരികള്‍ തുറന്നിടുന്ന ധ്യാനാത്മകതയുടെയും ശുശ്രൂഷയുടെയും ശൈലികളെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. ആത്മീയമായി രണ്ടു ജീവിത ശൈലികളും – ധ്യാനവും പ്രവൃത്തിയും തമ്മില്‍ ആന്തരികമായി കോര്‍ത്തിണക്കാന്‍ സാധിക്കുന്നവര്‍ക്ക് സഭയുടെ ദൗത്യത്തിലും ലോകത്തും സ്വയം നല്കിക്കൊണ്ട് ജീവിതങ്ങള്‍ ഫലപ്രദമാക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിന്‍റെ സവിധത്തില്‍ ഇരുന്ന് അവിടുത്തെ ആത്മീയമായി ശ്രവിക്കുന്നതാണ് ആദ്യശൈലി. അത് തീവ്രമായ പ്രാര്‍ത്ഥനയും ധ്യാനവും ചേര്‍ന്നതാണ്. രണ്ടാമതായി സുവിശേഷശൈലിയില്‍ സഹോദരങ്ങളെ സേവിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്ന മൗലികമായ സമര്‍പ്പണത്തിന്‍റെ മനോഭാവമാണ്, പ്രത്യേകിച്ച് പാവങ്ങളും നിര്‍ധനരുമായവരുടെ പക്ഷംചേരുന്ന ജീവിതമാണത്. മൗലികമായ സുവിശേഷ സമര്‍പ്പണത്തിന്‍റെ ഫലപ്രാപ്തി അണിയാന്‍ വ്യക്തികളെ സഹായിക്കുന്നതാണ് സന്ന്യാസവ്രതങ്ങളെന്നും കര്‍ദ്ദിനാള്‍ ബെച്യൂ ഉദ്ബോധിപ്പിച്ചു.

4. ക്രിസ്തുവിനോടുള്ള പക്ഷംചേരല്‍
വ്രതവാഗ്ദാനം ഒരു തുടക്കമല്ല. അത് നിയമങ്ങളുടെ അന്ധമായ അനുസരണവുമല്ല. മറിച്ച് ക്രിസ്തുവിനോട് നിരുപാധീകമായും പൂര്‍ണ്ണമായും ചേര്‍ന്നുനില്ക്കുന്ന അവസ്ഥയാണ്. സ്നേഹപൂര്‍വ്വമുള്ള ഈ ചേര്‍ന്നുനില്ക്കല്‍ വ്യക്തിയുടെ പൂര്‍ണ്ണ വ്യക്തിത്വത്തെ ബാധിക്കും സ്വാധീനിക്കും. കാരണം ക്രിസ്തുവിനോടുള്ള ഈ ഒ‌ട്ടിച്ചേരല്‍ വ്യക്തിയുടെ സ്നേഹവും ബുദ്ധിയും മനസ്സും ശക്തിയുമെല്ലാം ആവശ്യപ്പെടുന്നുണ്ട്. അത് വിശ്വസ്തതയോടെയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. അത് പ്രേഷിതരുടെ ത്യാഗപൂര്‍ണ്ണമായ സ്തുതിപ്പും പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയുള്ള സമര്‍പ്പണവുമാണെന്ന് കര്‍ദ്ദിനാള്‍ വിശദീകരിച്ചു.

5. മേരിയുടെ ഹൃദയവും മാര്‍ത്തയുടെ ചൈതന്യവും

നല്ല മനസ്സുണ്ടെങ്കില്‍ വ്യക്തിക്ക് ദൈവകൃപയുടെ സഹായത്താല്‍ ധ്യാനത്തിന്‍റെയും പ്രവൃത്തിയുടെയും സന്തുലിത മാര്‍ഗ്ഗം സന്തോഷത്തോടെ ജീവിക്കുവാനാകുമെന്ന്, മാര്‍ത്ത-മേരി സഹോദരിമാരുടെ രാജ്യാന്തര കൂട്ടായ്മയെ കര്‍ദ്ദിനാള്‍ ബെച്യൂ ഉദ്ബോധിപ്പിച്ചു. അതിനാല്‍ ശാരീരികമായും ആത്മീയമായും ധാര്‍മ്മികമായും ക്ലേശങ്ങള്‍ അനുഭവിക്കുന്നവരില്‍ യേശുവിനെ കാണുകയും സ്നേഹിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യണമെന്നും, മേരിയുടെ ഹൃദയത്തോടും മാര്‍ത്തയുടെ സ്നേഹശുശ്രൂഷയോടും കൂടെ സഭാജീവിതത്തില്‍ പ്രേഷിതമേഖലയില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നവര്‍ക്കും സാധിക്കട്ടെയെന്ന ആശംസയോടെയാണ് കര്‍ദ്ദിനാള്‍ ബെച്യൂ ചിന്തകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2020, 08:13