വത്തിക്കാന്‍റെ സാമ്പത്തിക വകുപ്പില്‍ പുതിയ നിയമനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പരിചയസമ്പന്നനായ സാമ്പത്തിക വിദഗ്ദ്ധന്‍
ആഗസ്റ്റ് 4-Ɔο തിയതി ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനപത്രികയിലൂടെയാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Discastery for the Economy of Vatican) സെക്രട്ടറി ജനറലായി, ഡോ. മാക്സിമീനോ കബലിയേറോ ലേദോ നിയമിതനായത്. അമേരിക്കയിലെ വിഖ്യാതമായ ബാക്സ്റ്റര്‍ ബഹുരാഷ്ട്ര ഔഷധക്കമ്പനിയുടെ (Baxter Multinational Pharmaceuticals) സാമ്പത്തിക വകുപ്പിന്‍റെ തലവനായി പ്രവര്‍ത്തിക്കവെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനം സന്തോഷത്തോടെ താന്‍ സ്വീകരിച്ചതെന്ന് വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ ഡോ. മാക്സിമീനോ പറഞ്ഞു. ദീര്‍ഘകാലമായി അമേരിക്കയില്‍ സകുടുംബം ജീവിക്കുന്ന 61 വയസ്സുകാരന്‍ മാക്സിമീനോ തന്‍റെ ജീവിതത്തിന്‍റെ രണ്ടാംഘട്ടം പ്രവര്‍ത്തനങ്ങള്‍ സഭയുടെ സേവനത്തില്‍ സമര്‍പ്പിക്കുന്നതിലുള്ള സംതൃപതിയും ആനന്ദവും അഭിമുഖത്തില്‍ പ്രകടിപ്പിക്കുകയുണ്ടായി.
2. സഭാഭരണത്തിലെ അല്‍മായ സാന്നിദ്ധ്യം
സഭാഭരണം വൈദികരുടെയും സന്ന്യസ്തരുടെയും കുത്തകയാണെന്ന പഴയ സംജ്ഞ പാപ്പാ ഫ്രാന്‍സിസ് പൊളിച്ചെഴുതുന്നത് വ്യക്തമാണെന്നും, സഭ എല്ലാവരെയും ആശ്ലേഷിക്കുന്ന ഒരു വലിയ കുടുംബമാണെന്ന വീക്ഷണം വളരുന്നതിലും, ലോകത്തോടു ഇന്ന് ഏറെ തുറവുകാട്ടുന്നതിലുമുള്ള സന്തോഷവും മാക്സിമീനോ വാക്കുകളില്‍ രേഖപ്പെടുത്തി. ഇപ്പോള്‍ സഭയുടെ സാമ്പത്തിക വകുപ്പിന്‍റെ പ്രീഫെക്ടായി സേവനം അനുഷ്ഠിക്കുന്ന തന്‍റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ മോണ്‍. ജുവാന്‍ അന്തോണിയോ ഗ്വരേരോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷവും ഡോ. മാക്സിമീനോ വെളിപ്പെടുത്തി. ജോലിക്കാരായ തന്‍റെ രണ്ടു മക്കളെ, മാക്സിയെയും സാന്ദ്രയെയും അമേരിക്കയില്‍ വിട്ടിട്ട്, പത്നിയോടൊപ്പം ആഗസ്റ്റ് 15-Ɔο തിയതിയോടെ വത്തിക്കാനില്‍ എത്തി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
3. സഹധര്‍മ്മിണിയോടൊപ്പം വത്തിക്കാനിലേയ്ക്ക്
മാഡ്രിഡ് യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാക്സിമീനോ, ബാര്‍സിലോണ യൂണിവേഴ്സിറ്റിയില്‍നിന്നും കമ്പനികളുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച് എം.ബി.എ. കരസ്ഥമാക്കി. ജന്മനാട്ടില്‍ താമസിച്ചുകൊണ്ട് വിവിധ രാജ്യാന്തര കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളുടെ തലവനായി പ്രവര്‍ത്തിച്ചു. 2007-ലാണ് ബാക്സ്റ്റര്‍ കമ്പനിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അമേരിക്കയിലേയ്ക്ക് ചേക്കേറിയത്. വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും സാമ്പത്തിക കാര്യങ്ങള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും കിട്ടിയ പരിചയസമ്പത്ത് വലിയ മുതല്‍ക്കൂട്ടായി കണക്കാക്കുന്നുവെന്നും, ലോകജനതയ്ക്കായി സഭ ഇന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ആത്മീയ നേതൃത്വത്തില്‍ ചെയ്യുന്ന സേവനങ്ങളില്‍ പങ്കുചേരുന്നതില്‍ ഒരു ക്രൈസ്തവന്‍ എന്നനിലയില്‍ അഭിമാനത്തോടെയാണ്
ഈ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതെന്നും ഡോ. മാക്സിമീനോ പ്രസ്താവിച്ചു.