തിരയുക

season of creation - a time to heal the world season of creation - a time to heal the world 

സൃഷ്ടിയുടെ ക്രിയാത്മകതയ്ക്കുള്ള ഒരുമാസം

സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ.- മുറിപ്പെട്ട നമ്മുടെ പൊതുഭവനമായ ഭൂമിയെ സുഖപ്പെടുത്താം (Season of Creation).

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1. മാനവികതയുടെ സുസ്ഥിതിക്കായുള്ള സമയം
അനുവര്‍ഷം ക്രൈസ്തവര്‍ ലോകമെമ്പാടും ആചരിക്കുന്ന സഭകളുടെ കൂട്ടായ ആചരണമാണ് സൃഷ്ടിയുടെ ക്രിയാത്മകതയ്ക്കുള്ള മാസാചരണ പദ്ധതി (the Season of Creation). സൃഷ്ടിക്കായുള്ള ആഗോള പ്രാര്‍ത്ഥനാദിനമായ സെപ്തംബര്‍ 1-ന് ആരംഭിച്ച് പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണനാളായ ഒക്ടോബര്‍ 4-ന് അവസാനിക്കുന്നതാണ് സൃഷ്ടിയുടെ ക്രിയാത്മകതയ്ക്കുള്ള ഈ സമയം. ഈ ദിനങ്ങളില്‍ പ്രാര്‍ത്ഥനാശുശ്രൂഷകളിലൂടെയും സമൂഹത്തില്‍ ചെയ്യുന്ന പാരിസ്ഥിതികമായ ശുചീകരണം, വൃക്ഷത്തൈനടല്‍, പാവങ്ങളെ സഹായിക്കല്‍ തുടങ്ങിയ പ്രവൃത്തികളിലും പങ്കുചേരുവാന്‍ എല്ലാ സഭാകൂട്ടായ്മകളില്‍പ്പെട്ടവരും ഒത്തരുചേരേണ്ട സമയമാണിത്. അങ്ങനെ പാരിസ്ഥിതികമായ സുസ്ഥിതിയും നന്മയും എന്നപോലെതന്നെ മാനവികതയുടെയും സുസ്ഥിതി ആര്‍ജ്ജിക്കുവാനുള്ള ഒരു സമയമാണ്  ഈ ഒരുമാസക്കാലം.

2.  “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”
ചാക്രിലേഖനത്തിന്‍റെ 5-Ɔο വാര്‍ഷികം

പാപ്പാ ഫ്രാന്‍സിസിന്‍റെ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”യെന്ന പരിസ്ഥിതി സംബന്ധിയായ ചാക്രികലേഖനത്തിന്‍റെ 5-Ɔο വാര്‍ഷികവുമായി ഈ വര്‍ഷത്തെ സൃഷ്ടിയുടെ പരിചരണത്തിനായുള്ള സമയം സന്ധിക്കുന്നുവെന്ന പ്രത്യേകത          ഈ ദിനങ്ങളെ സവിശേഷമാക്കുന്നു. ചാക്രികലേഖനത്തിന്‍റെ വാര്‍ഷികം 2020 മെയ് 24-മുതല്‍ 2021 മെയ് 24-വരെ ഒരു വര്‍ഷം നീളുന്ന പരിപാടിയായി സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം (Dicastery for Integral Human Development) സംവിധാനംചെയ്തിരിക്കുന്നത് സൃഷ്ടിയുടെ ദിനാചരണത്തെ പ്രത്യേകതയുള്ളതാക്കുന്നു.

3. നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാം
ഒരു മഹാമാരിയാലും,  പാരിസ്ഥിതികവും കാലാവസ്ഥപരവുമായ വിവിധ കെടുതികളാലും മുറിപ്പെട്ട നമ്മുടെ പൊതുഭവനമായ ഭൂമിയെ സൗഖ്യപ്പെടുത്തി മാനവരാശിയെ രക്ഷിക്കുകയെന്നതായിരിക്കും സൃഷ്ടിയുടെ ക്രിയാത്മകതയ്ക്കുള്ള ഒരുമാസക്കാലമെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ ആഗസ്റ്റി 28-ന് ഇറക്കിയ പ്രസ്താവനയിലൂടെ ആഹ്വാനംചെയ്തു.

 

30 August 2020, 08:01