തിരയുക

Vatican News
2020.07.02 Cardinale LOUIS LADARIA FERRER 2020.07.02 Cardinale LOUIS LADARIA FERRER  (© 2018 Catholic News Service)

ജീവന്‍റെമൂല്യം നിഷേധിക്കുന്ന സന്ന്യാസസഖ്യത്തിന് വിലക്ക്

ഉപവിയുടെ സഹോദരന്മാര്‍, Order of Friars of Charity എന്ന സന്ന്യാസസമൂഹത്തിന് വത്തിക്കാന്‍ വിലക്കു കല്പിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ജീവനോടുള്ള അവഗണന
ബെല്‍ജിയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ സന്ന്യാസസമൂഹം മനോരോഗികള്‍ക്കായുള്ള അവരുടെ ആശുപത്രിയില്‍ കാരുണ്യവധം നടപ്പിലാക്കുന്നതിന്‍റെ വെളിച്ചത്തിലാണ് പ്രഥമഘട്ടം നടപടിയില്‍ത്തന്നെ സന്ന്യാസസഖ്യത്തിന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലൂയി ലാദാരിയ ഫെറര്‍ ജൂലൈ 1-നു ഇറക്കിയ പ്രഖ്യാപനത്തിലൂടെ വിലക്കുകല്പിച്ചത്.

2. കാരുണ്യവധം നടപ്പിലാക്കുന്നവര്‍
ജീവന്‍ ദൈവത്തിന്‍റെ ദാനമാണെന്നും, അത് ഏത് അവസ്ഥയിലും അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന കത്തോലിക്ക സഭയുടെ കാലാതീതമായ പ്രബോധനത്തെ ലംഘിച്ചുകൊണ്ട് മനോരോഗികളെ തങ്ങളുടെ ആശുപത്രിയില്‍ വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തുന്ന കേസുകള്‍ സഭ സൂക്ഷ്മമായി പഠിക്കുകയുണ്ടായി. ഉത്തരവാദിത്ത്വപ്പെട്ടവരെ രേഖാമൂലം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും പ്രതികരണങ്ങള്‍ ഇല്ലാതെയും, ശരിയായ മറുപടി ലഭിക്കാതിരിക്കുകയും, പഴയ നിലപാടുകള്‍ തുടരുന്നതായി നിരീക്ഷിക്കുകയും ചെയ്തതിന്‍റെ  വെളിച്ചത്തിലാണ് പ്രഥമ നടപടിയായി സന്ന്യാസ സഖ്യത്തിന്‍റെ കത്തോലിക്ക അസ്ത്വിത്ത്വത്തിന് സഭ വിലക്കുകല്പിച്ചിരിക്കുന്നത്.

3. ജീവന്‍ വലിച്ചെറിയപ്പെടരുത്!
ഇന്നിന്‍റെ സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം തേഞ്ഞുമാഞ്ഞു പോകുന്നത് ഖേദകരമാണ്. എന്നാല്‍ ജീവന്‍ അതിന്‍റെ ഒരു ഘട്ടത്തിലും പരിത്യക്തമാകേണ്ടതോ, വലിച്ചെറിയപ്പെടുവാന്‍ പാടുള്ളതോ അല്ലെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന കര്‍ദ്ദിനാള്‍ ലദാരിയ സന്ന്യാസ സമൂഹത്തിനു വിലക്കു കല്പിക്കുന്ന പ്രഖ്യാപനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അതിനാല്‍ കാരുണ്യവധം അസ്വീകാര്യമായ തിന്മയാണെന്നും, ദൈവകല്പനയുടെയും ധാര്‍മ്മിക നിയമങ്ങളുടെയും ലംഘനമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അതുപോലെ പ്രകൃതിനിയമത്തിനും, വിശുദ്ധഗ്രന്ഥ പ്രബോധനത്തിന്‍റെ വെളിച്ചത്തിലും, സഭയുടെ പാരമ്പര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ലദാരിയ പ്രഖ്യാപനം ഉപസംഹരിച്ചത്.
 

02 July 2020, 13:34