തിരയുക

Vatican News
2020.07.23 SAN ANASTHASIA basilica minore  consegnato alla comunità di syro-malabarese a Roma 2020.07.23 SAN ANASTHASIA basilica minore consegnato alla comunità di syro-malabarese a Roma 

വിശുദ്ധ അനസ്താസിയയുടെ ബസിലിക്ക സീറോമലബാര്‍ വിശ്വാസികള്‍ക്ക്

വിശുദ്ധ അനസ്താസിയയുടെ നാമത്തിലുള്ള പുരാതനമായ മൈനര്‍ ബസിലിക്ക റോമിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുള്ള പ്രാര്‍ത്ഥനാലയമായി വത്തിക്കാന്‍ നല്കി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. റോമാരൂപതയുടെ ഡിക്രിപ്രകാരം
പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള റോം രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് ജൂലൈ 8-Ɔο തിയതി കൈമാറിയ ഡിക്രി പ്രകാരമാണ് ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ മൈനര്‍ ബസിലിക്ക, റോമിലും നഗരപ്രാന്തത്തിലും പാര്‍ക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷകള്‍ക്കും ആത്മീയകാര്യങ്ങള്‍ക്കും കേന്ദ്രമാകുന്നത്. ലോകത്തുള്ള 1810 ചെറിയ ബസിലിക്കകളില്‍ ഏറ്റവും പുരാതനമാണ് രക്തസാക്ഷിയായ വിശുദ്ധ അനസ്താസിയായുടെ നാമത്തിലുള്ളതും റോമാനഗരത്തിലെ പാലറ്റൈന്‍ കുന്നില്‍ സ്ഥിതിചെയ്യുന്നതുമായ ഈ ചെറിയ ബസിലിക്ക.

2. സഭാദ്ധ്യക്ഷന്മാരുടെ അഭ്യര്‍ത്ഥന
2019-ല്‍ നടന്ന ഭാരതത്തിലെ മെത്രാന്മാരുടെ “ആദ് ലീമിനാ” (Ad limina) സന്ദര്‍ശനത്തിനിടെ സീറോമലബാര്‍ സഭാദ്ധ്യക്ഷന്മാര്‍ മുന്നോട്ടുവച്ച അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് റോമിലെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി ഈ പുരാതനദേവാലയം നല്കിയിട്ടുള്ളത്. ഇപ്പോള്‍ റോമിലും യൂറോപ്പില്‍ ആകമാനവുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത് ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്താണ്.

3. ഭൗതികശേഷിപ്പുകളുടെ പുണ്യസ്ഥാനം
കേരളത്തില്‍നിന്നും വിവിധ കാലഘട്ടങ്ങളിലായി കുടിയേറിയിട്ടുള്ള സീറോ മലബാര്‍ സഭാംഗങ്ങളുടെ ആരാധനക്രമ ആഘോഷങ്ങള്‍ക്കും കൂദാശകള്‍ക്കും മറ്റ് അജപാലന ആവശ്യങ്ങള്‍ക്കും സമ്മേളിക്കാവുന്ന മനോഹരമായ പുണ്യസൗധമാണ് റോമിലെ ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ രക്തസാക്ഷി,  വിശുദ്ധ അനസ്താസിയയുടെ നാമത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഈ ദേവാലയം. ക്രിസ്തുമതത്തിന് റോമില്‍ സ്വാതന്ത്ര്യം നല്കിയ കോണ്‍സ്റ്റന്‍റൈന്‍ ചക്രിവര്‍ത്തിയാണ് ക്രിസ്താബ്ദം 4-Ɔο നൂറ്റാണ്ടില്‍ ഈ ദേവാലയം പണികഴിപ്പിച്ചത്.  വിശുദ്ധ അനസ്താസിയയുടെ ഭൗതികശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് 
ഈ പുണ്യസ്ഥാനം.

 

23 July 2020, 13:57