തിരയുക

author of youth pastoral volume, Nathalie Becquart author of youth pastoral volume, Nathalie Becquart 

യുവജനങ്ങള്‍ അജപാലനശുശ്രൂഷയുടെ കേന്ദ്രമാകണം

നാത്തല്‍ ബേകയുടെ ഗ്രന്ഥത്തിന് “തെയ്സെ” (Taize) ആഗോള യുവജന പ്രാര്‍ത്ഥനാ പ്രസ്ഥാനത്തിന്‍റെ ആത്മീയാചാര്യന്‍ ബ്രദര്‍ അലോയ്സ് എഴുതിയ മുഖവുര :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. യുവജനങ്ങള്‍ സഭാജീവിതത്തില്‍
- നവമായൊരു കാഴ്ചപ്പാട്

ജൂലൈ 28-Ɔο തിയതി വത്തിക്കാന്‍റെ മുദ്രണാലയം പ്രസിദ്ധീകരിച്ച എല്ലാം “നവീകരിക്കുന്ന പരിശുദ്ധാത്മാവ് – യുവജനങ്ങളുടെ നവമായ അജപാലനശുശ്രൂഷ” (The Spirit renews everything. A new pastoral care for young people) എന്ന നാത്തല്‍ ബേകയുടെ (Nathalie Becquart) ഗ്രന്ഥത്തിന് കുറിച്ച ആമുഖത്തിലാണ് ബ്രദര്‍ അലോയ്സ് ഇങ്ങനെ പ്രസ്താവിച്ചത്. 184 പേജുകള്‍ 5 അദ്ധ്യായങ്ങളായി തിരിച്ചിട്ടുള്ള പുസ്തകം, യുവജനങ്ങള്‍ക്കായുള്ള സിനഡില്‍  ഉരുത്തിരിഞ്ഞ പാപ്പാ ഫ്രാന്‍സിസിന്‍റെ “ക്രിസ്തു ജീവിക്കുന്നു” (Christus Vivit) എന്ന പ്രബോധനത്തിന്‍റെ ചുവടുപിടിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്.

2. യുവജനങ്ങള്‍ക്കായുള്ള
സിനഡിന്‍റെ ചുവടുപിടിച്ച്

യുവജന പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പത്തുള്ള ഫ്രഞ്ചുകാരി ഗ്രന്ഥകര്‍ത്താവ്, സിസ്റ്റര്‍ നാത്തല്‍ ബേക, “സവിയേര്‍” എന്ന ഫ്രഞ്ച് സന്ന്യാസിനീ സഭാംഗമാണ് (Congregation of Xavières). 2018 ഒക്ടോബറില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ സമ്മേളിച്ച യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ സജീവ പ്രവര്‍ത്തകയും, അതിനായി സിനഡിന്‍റെ ജനറല്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതയുമാണ് സിസ്റ്റര്‍ ബേക. യുവജന പ്രേഷിത മേഖലയിലെ തന്‍റെ പരിചയസമ്പത്തും പാപ്പാ ഫ്രാന്‍സിസിന്‍റെ സിനഡ് പ്രമാണരേഖയുടെ സത്തയും ഉള്‍ക്കൊണ്ടാണ് യുവജനങ്ങള്‍ക്കായുള്ള അജപാലന ശുശ്രൂഷയുടെ നവമായ ചിന്തകള്‍ തന്‍റെ രചനയില്‍ സിസ്റ്റര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ബ്രദര്‍ അലോയ്സ് വിശദീകരിച്ചു.

3. യുവജനങ്ങളുടെ ആന്തരികതയും
വിശ്വാസവും വളര്‍ത്താന്‍

ഇന്നത്തെ മതനിരപേക്ഷകമായ ലോകത്ത് യുവജനങ്ങളുടെ അജപാലന ശുശ്രൂഷയില്‍ സഭയുടെ സുവിശേഷദൗത്യം എപ്രകാരം ജീവിക്കാമെന്ന് ഗ്രന്ഥകര്‍ത്താവ് ചുരുളഴിയിക്കുന്നു. പുതിയ തലമുറയ്ക്കുള്ള പ്രേഷിത പ്രവര്‍ത്തനത്തെ പ്രചോദിപ്പിക്കുകയും ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യുന്ന നിര്‍ദ്ദേശികയായി താന്‍ ഈ രചനയെ വിലിയിരുത്തുന്നതായി ആമുഖത്തില്‍ ബ്രദര്‍ അലോയ്സ് പറഞ്ഞു. സിനഡു പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ശേഖരിച്ചിട്ടുള്ള സുവ്യക്തമായ ഉദാഹരണങ്ങളും പ്രായോഗികമായ രീതികളും നിര്‍ദ്ദേശങ്ങളും യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതും പിന്‍തുണയ്ക്കുന്നതും അവരുടെ ആന്തരികതയെയും വിശ്വാസത്തെയും വളര്‍ത്തുന്നതും ബലപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

4. യുവജനങ്ങള്‍ക്ക് സഭ ഒരു മാതൃസ്ഥാപനം
സഭയെ ഒരു വലിയ പ്രസ്ഥാനമോ സ്ഥാപനമോ ആയി കാണുന്നതിനെക്കാള്‍ യുവജനങ്ങളെ ശ്രവിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യുന്നൊരു മാതൃസ്ഥാപനമായി ഈ ചെറു ഗ്രന്ഥത്തില്‍ നാത്തലി ബേക അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണെന്ന് ഫാദര്‍ അലോയ്സ് ചൂണ്ടിക്കാട്ടി. പുതിയ തലമുറയുടെ വിശ്വാസരൂപീകരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പാഠ്യസഹായിയുമായിരിക്കും ഈ ഗ്രന്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാജീവിതത്തിന്‍റെ സത്തയായ അജപാലന ശുശ്രൂഷയുടെ സ്വീകര്‍ത്താക്കള്‍ മാത്രമല്ല യുവജനങ്ങള്‍, ജ്ഞാനസ്നാനം സ്വീകരിച്ച മറ്റാരേയും പോലെ അവര്‍ അതിന്‍റെ പ്രയോക്താക്കളുമാണെന്ന കാര്യം സമൂഹം മറന്നുപോകന്നത് ബ്രദര്‍ അലോയ്സ്  ആമുഖത്തില്‍ ചൂണ്ടിക്കാട്ടി.

5. അരൂപിയുടെ പ്രചോദനമാര്‍ന്ന രചന
സമൂഹത്തിന്‍റെ നന്മയും രക്ഷയും കെട്ടിപ്പടുക്കുന്നതില്‍ യുജനങ്ങളുടെ കഴിവുകളും സിദ്ധികളും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് നാത്തല്‍  ബേകിന്‍റെ അജപാലന നിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചിരിക്കുന്നതെന്നും ആമുഖം സാക്ഷ്യപ്പെടുത്തുന്നു. എല്ലാം നവീകരിക്കുന്ന ദൈവാരൂപിയാല്‍ പ്രചോദിതരായ യുവജനങ്ങള്‍ക്ക് സ്നേഹത്തോടെ വിശ്വാസം ജീവിക്കുവാനും, ജീവിക്കുന്ന വിശ്വാസവും ക്രിസ്തുവിലുള്ള സ്നേഹം വളര്‍ത്തുവാനും, അവിടുന്നില്‍ എല്ലാം നവീകരിക്കുവാനുമുള്ള പ്രചോദനമാണ് ഈ ഗ്രന്ഥത്തിന്‍റെ നവമായ കാഴ്ചപ്പാടെന്ന് വിശദീകരിച്ചുകൊണ്ടാണ് ആഗോള തെയ്സെ പ്രസ്ഥാനത്തിന്‍റെ ആത്മീയാചാര്യന്‍ തന്‍റെ മുഖവുര ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2020, 13:47