തിരയുക

2020.07.05 Papa Francesco alle Nazioni Unite (2015.09.26) 2020.07.05 Papa Francesco alle Nazioni Unite (2015.09.26) 

സമാധാനവഴികള്‍ തേടുന്ന പാപ്പായുടെ പ്രബോധനാധികാരം

ലോകവ്യാപകമായ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിനായുള്ള യുഎന്‍ വിജ്ഞാപനത്തോടു പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രതികരണം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വെടിനിര്‍ത്താനുള്ള ആഹ്വാനം
യുഎന്നിന്‍റെ വെടിനിര്‍ത്തല്‍ വിജ്ഞാപനത്തോടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതികരണം സമാധാനത്തിനുള്ള പ്രബോധനാധികാരമെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍, അന്ത്രയാ തൊര്‍ണിയേലി വ്യാഖ്യാനിച്ചു. ലോകമെമ്പാടും പടര്‍ന്നുപിടിച്ചിരിക്കുന്ന മഹാമാരിയും, അതു കാരണമാക്കുന്ന ആയിരങ്ങളുടെ മരണവും, ജനതകള്‍ അനുഭവിക്കുന്ന ക്ലേശങ്ങളും കണക്കിലെടുത്ത് ജൂണ്‍ 30-നാണ് യൂഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ (Security Council of United Nations) രാഷ്ട്രങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ ആഹ്വാനംനല്കിയത്.


2. ജനങ്ങള്‍ ക്ലേശിക്കുമ്പോള്‍ രാഷ്ട്രീയ കലാപങ്ങളും
യുദ്ധങ്ങളും നിര്‍ത്തലാക്കണം

വെടിനിര്‍ത്തല്‍ കൃത്യമായി പാലിച്ചാല്‍ വൈറസ് ബാധയില്‍പ്പെട്ട ജനങ്ങളെ അന്തസ്സോടെ പരിചരിക്കുവാനും, അവര്‍ക്ക് ഫലവത്തായ ചികിത്സാസഹായം എത്തിച്ചുകൊടുക്കുവാനും സാധിക്കുമെന്ന് യുഎന്നിന്‍റെ ആഹ്വാനത്തോടു പ്രതികരിച്ചുകൊണ്ട് ജൂലൈ 5, ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ പ്രതികരിച്ചു. പാവങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന യുദ്ധത്തിന് എതിരായ യുഎന്‍ ആഹ്വാനം ജനതകള്‍ തമ്മില്‍ പാരസ്പരികതയുടെയും സഹായത്തിന്‍റെയും വാതിലുകള്‍ തുറക്കാന്‍ ഇടയാകുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ ആയിരങ്ങളും, മാധ്യമങ്ങളിലൂടെ അതില്‍ പങ്കെടുത്ത പതിനായിരങ്ങളും, ലോകമാധ്യമങ്ങളും പാപ്പായുടെ വാക്കുകള്‍ക്ക് പ്രത്യാശയോടെ കാതോര്‍ത്തു.

3. സമാധാനമുള്ള ലോകത്തിനായി
മാര്‍ച്ച് 29-ന് വൈറസ്ബാധ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവന്ന ഘട്ടത്തിലും,
അത് അതിരുകളില്ലാതെ സകലരെയും കീഴ്പ്പെടുത്തുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലും എവിടെയും നിലവിലുള്ള അഭ്യന്തരകലാപങ്ങളും യുദ്ധങ്ങളും നിര്‍ത്തലാക്കി മാനവികതയുടെ അടിയന്തിരാവസ്ഥയില്‍ സാഹോദര്യത്തോടെ പരസ്പരം സഹായിക്കാന്‍ രാഷ്ട്രനേതാക്കള്‍ തയ്യാറാകണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചിട്ടുള്ളത് തൊര്‍ണിയേലി ലേഖനത്തില്‍ അനുസ്മരിച്ചു. തുടര്‍ന്ന് ഏപ്രില്‍ ആരംഭത്തില്‍, പെസഹാരാത്രിയിലെ പ്രഭാഷണത്തിലും, “നഗരത്തോടും ലോകത്തോടു”മുള്ള പ്രത്യേക ആഹ്വാനത്തിലും (Urbi et Orbi) ലോകം നേരിടുന്ന വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിന്‍റെ ആവശ്യകതയെപ്പറ്റി പാപ്പാ ഫ്രാന്‍സിസ് തുറന്നു പ്രസ്താവിച്ചിട്ടുള്ളതും ലേഖനം ഉദ്ധരിച്ചു.

4. പ്രശ്നപരിഹാരം യുദ്ധമല്ല
ലോകം ഒരു കുടുംബം എന്ന കാഴ്ചപ്പാടില്‍ രാഷ്ട്രങ്ങള്‍ ഒന്നിക്കുവാനും അപരന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുവാനും പരസ്പരം സഹായിക്കുവാനും വഴിതുറുക്കുന്നതാണ് യുഎന്‍ വിജ്ഞാപനമെന്ന് പാപ്പാ വ്യാഖ്യാനിച്ചത് തൊര്‍ണിയേലി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗം യുദ്ധമല്ലെന്നും, വൈരുധ്യങ്ങളെയും വിദ്വേഷത്തെയും സംവാദത്തിന്‍റെ വഴികളിലും, സമാധനവഴികള്‍ ക്രിയാത്മകമായി തേടിക്കൊണ്ടും രാഷ്ട്രനേതാക്കളും അവരുടെ എതിര്‍കക്ഷികളും തങ്ങളുടെ രാജ്യത്ത് സമാധാനം പുനര്‍സ്ഥാപിക്കുവാന്‍ അടയന്തിരമായി പരിശ്രമിക്കണമെന്ന പാപ്പാ ഫ്രാന്‍സിന്‍റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന ലേഖനം ഉദ്ധരിച്ചു.

5. ആയുധനിര്‍മ്മാണവും വിപണനവും
രാഷ്ട്രങ്ങളുടെ കാപട്യം

മരണത്തിന്‍റെ രോദനം ഇല്ലാതാക്കുവാന്‍ യുദ്ധങ്ങള്‍ നിര്‍ത്തലാക്കണമെന്നും, അതിന് ഉത്തേജനം പകരുന്ന ആയുധനിര്‍മ്മാണവും വിപണനവും നിര്‍ത്തലാക്കി പാവങ്ങളായ ജനങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം നല്കുവാന്‍ നേതാക്കള്‍ ഹൃദയം തുറക്കണമെന്നും മെയ് മാസത്തിന്‍റെ അവസാനദിനത്തില്‍ വത്തിക്കാന്‍ ഗ്രോട്ടോയില്‍ നടത്തിയ ജപമാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത് തൊര്‍ണിയേലി ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2020, 08:13