തിരയുക

Mahamood Abbas in Vatican 03122018 Mahamood Abbas in Vatican 03122018 

സാഹോദര്യ വീക്ഷണത്തില്‍ സ്ഥിതപ്രജ്ഞനായി പാപ്പാ ഫ്രാന്‍സിസ്

പാപ്പാ ഫ്രാന്‍സിസ് ലോകത്തിന് പകര്‍ന്നുനല്കുന്ന സാഹോദര്യത്തിന്‍റെ പൈതൃകത്തെക്കുറിച്ച് വത്തിക്കാന്‍ മാധ്യമങ്ങളുടെ വക്താവ്, അലസാന്ത്രോ ജിസോത്തി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ലാമ്പദൂസ – ഒരു സാഹോദര്യത്തിന്‍റെ സന്ദര്‍ശനം
ഇറ്റലിയുടെ ഭാഗമായ മെഡിറ്ററേനിയന്‍ തീരത്തെ ലാമ്പദൂസ ദ്വീപിലേയ്ക്കു 2013 ജൂലൈ 8-ന് നടത്തിയ സന്ദര്‍ശനം മണിക്കൂറുകള്‍ മാത്രമേ ദീര്‍ഘിച്ചുള്ളുവെങ്കിലും അത് പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന ശുശ്രൂഷയുടെ ആരംഭത്തിലെ നാഴികക്കല്ലും, തുടര്‍ന്നുള്ള കര്‍മ്മപദ്ധതികള്‍ക്ക് സാഹോദര്യത്തിന്‍റെ ദര്‍ശനം നല്കിയ സംഭവവുമായിരുന്നെന്ന് ജിസോത്തി വിശദീകരിച്ചു. യുദ്ധത്തിന്‍റെയും കൊടും പട്ടിണിയുടെയും നാടുകളില്‍നിന്ന് കടല്‍കടന്ന് രക്ഷപ്പെടുവാനുള്ള തത്രപ്പാടില്‍ മുങ്ങിമരിച്ച ഹതഭാഗ്യരുടെ ശ്മശാനതീരത്തേയ്ക്ക് സാഹോദര്യത്തിലുള്ള യാത്രയായിരുന്നു പാപ്പായുടെ  ലാമ്പദൂസ സന്ദര്‍ശനമെന്ന് ജിസോത്തി വിശേഷിപ്പിച്ചു. വിശുദ്ധ ഗ്രന്ഥത്തില്‍ ഉല്പത്തിപ്പുസ്തകം രേഖപ്പെടുത്തുന്ന, “നിന്‍റെ സഹോദരന്‍ എവിടെ…” എന്നു കായേനോടുള്ള ദൈവത്തിന്‍റെ ചോദ്യമാണ് ലാമ്പദൂസയില്‍ പാപ്പാ ആവര്‍ത്തിച്ചതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിന്‍റെ മുന്‍ഡയറക്ടറായിരുന്ന ജിസോത്തി അനുസ്മരിച്ചു.

2. സാഹോദര്യത്തിന്‍റെ മാനദണ്ഡം
തുടര്‍ന്നുള്ള തന്‍റെ അപ്പസ്തോലിക ശുശ്രൂഷയുടെയും സഭാഭരണത്തിന്‍റെയും മാനദണ്ഡമൊരുക്കിയ സംഭവമായിരുന്നു ലാമ്പദൂസ. മദ്ധ്യപൂര്‍വ്വദേശത്തുനിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും അഭയാര്‍ത്ഥികള്‍ യൂറോപ്പിലേയ്ക്ക് എത്തിപ്പെടാനുള്ള പ്രത്യാശയുടെ കവാടമായി ലാമ്പദൂസദ്വീപിനെ കണ്ടിരുന്നു. എന്നാല്‍ ധാരാളംപേര്‍ തിക്കിനിറച്ച ബോട്ടുകളിലോ ഫ്ലോട്ടുകളിലോ  മെഡിറ്ററേനിയന്‍ മുറിച്ചുകടക്കുന്ന ക്ലേശകരമായ യാത്രയില്‍ മുങ്ങിമരിച്ച കരളലിയിക്കുന്ന കഥയാണ് ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത്. അവിടെ മരണമടഞ്ഞ പാവങ്ങളായ ആയിരക്കണക്കിന്  സ്ത്രീകളെയും കുട്ടികളെയും അവരുടെ കുടുംബനാഥന്മാരെയും ഓര്‍ത്താണ് ചരിത്രത്തില്‍ ആദ്യമായി ഒരു സഭാതലവന്‍  ലാമ്പദൂസ തീരത്ത് എത്തിയതും, മെഡിറ്ററേനിയന്‍റെ അഗാധങ്ങളില്‍ ആണ്ടുപോയ ആയിരങ്ങളെ ഓര്‍ത്ത് ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചതെന്നും ജിസോത്തി അനുസ്മരിച്ചു.

3. സാഹോദര്യത്തിന്‍റെ സമുന്നതമായ കാഴ്ചപ്പാട്
2014-ല്‍ വടക്കെ ഇറ്റലിയിലെ റിഡിപൂളിയയിലെ ലോകയുദ്ധത്തിന്‍റെ സെമിത്തേരിയിലേയ്ക്കു നടത്തിയ സന്ദര്‍ശനവും, സഹോദരഹത്യയുടെ വേദനയുള്ള ശോകമൂകമായ ഒരു പ്രാര്‍ത്ഥനാ സന്ദര്‍ശനമായിരുന്നു. തന്‍റെ സഭാശുശ്രൂഷ കാലത്ത് നടത്തിയിട്ടുള്ള മതസൗഹാര്‍ദ്ദത്തിന്‍റെയും സഭൈക്യ കൂട്ടായ്മകളുടെയും സംഗമങ്ങളില്‍ പാപ്പാ ഫ്രാന്‍സിസ് പടിപടിയായി വെളിച്ചം വീശിയിട്ടുള്ളത് വിശ്വസാഹോദര്യത്തിന്‍റെ സമുന്നതമായ കാഴ്ചപ്പാടിലേയ്ക്കാണ്.

4. സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വഴിയില്‍
2015-ലെ വിശുദ്ധനാടു സന്ദര്‍ശനത്തെ തുടര്‍ന്ന്, ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രത്തലവന്മാരെ സാഹോദര്യ സംവാദത്തിനായി വത്തിക്കാനില്‍ വിളിച്ചു കൂട്ടിയതും, വത്തിക്കാന്‍ തോട്ടത്തില്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചതും ഹൃദയസ്പര്‍ശിയായ സംഭവമായിരുന്നു. തങ്ങള്‍ അബ്രഹാമിന്‍റെ മക്കളും ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്ന സഹോദരങ്ങളുമാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് ആ സംഗമത്തിന് പാപ്പാ നേതൃത്വംനല്കിയതെന്ന് ജിസോത്തി അനുസ്മരിപ്പിച്ചു.

5. സാഹോദര്യത്തിന്‍റെ സഭൈക്യ നീക്കങ്ങള്‍
2016-ല്‍ ക്യൂബയില്‍വച്ച് റഷ്യയിലെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് കിരിലും, തുടര്‍ന്ന് കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായി നടന്നിട്ടുള്ള കൂടിക്കാഴ്ചകള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ തങ്ങള്‍ സഹോദരങ്ങളാണ് എന്നുള്ള തന്‍റെ ബോധ്യമുള്ളതും തനിമയാര്‍ന്നതുമായ സംജ്ഞയില്‍ ഊന്നിനിന്നുകൊണ്ടാണെന്ന് ജിസോത്തി ലേഖനത്തില്‍ സമര്‍ത്ഥിച്ചു.

6. വിശ്വസാഹോദര്യ പ്രഖ്യാപനത്തിലെ
മതങ്ങളുടെ സാഹോദര്യക്കൂട്ടായ്മ

2013-ല്‍ തുടങ്ങി ഏഴു വര്‍ഷക്കാലം പൂര്‍ത്തിയാക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സാഹോദര്യത്തിന്‍റെ സഭാശുശ്രൂഷ 2019-ല്‍ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയത്  അബുദാബിയിലേയ്ക്കു നടത്തിയ അപ്പസ്തോലിക യാത്രയിലും അവിടെ അരങ്ങേറിയ വിശ്വസാഹോദര്യത്തിന്‍റെ ഉടമ്പടി പ്രഖ്യാപനത്തിലുമാണെന്ന് ജീസ്സോത്തി പ്രസ്താവിച്ചു. ഏകദൈവത്തില്‍ വിശ്വസിക്കുന്ന മതങ്ങള്‍ വിശ്വാസ സംഹിതകളില്‍ ദൈവശാസ്ത്രപരമായി ഐക്യപ്പെടുന്നില്ലെങ്കിലും, മാനവികതയുടെ നന്മയ്ക്കായി സാഹോദര്യത്തില്‍ കൈകോര്‍ത്താല്‍ വേദനിക്കുന്ന ബഹുഭൂരിപക്ഷം പാവങ്ങളെ പിന്‍തുണയ്ക്കാമെന്നും, ലോകഗതിയെ സമാധാനത്തിന്‍റെ പാതയില്‍ നയിക്കാനാവുമെന്ന ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നതും പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സമര്‍പ്പണത്തിന്‍റെ തീവ്രത പ്രകടമാക്കിയ സംഭവമാണെന്ന് ജിസോത്തി ലേഖനത്തില്‍ വ്യക്തമാക്കി.

7. മാനവികതയോടു ചേര്‍ന്ന
സാഹോദര്യ സ്പന്ദനങ്ങള്‍

ഇന്ന് മഹാമാരിയുടെ കാലത്ത് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു നടത്തുന്ന പ്രാര്‍ത്ഥനായാമങ്ങളും ഉപവിപ്രവര്‍ത്തനങ്ങളും, ലോകരാഷ്ട്രങ്ങളോടും ജനതകളോടുമുള്ള അഭ്യര്‍ത്ഥനകളും അതിരുകള്‍ക്കുമപ്പുറം മനുഷ്യരുടെ യാതനകളില്‍ പ്രകടമാക്കുന്ന സാഹോദര്യത്തിന്‍റെ സ്പന്ദനങ്ങളാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ജിസോത്തി ലേഖനം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2020, 08:03