തിരയുക

A filed full of blooming common poppy A filed full of blooming common poppy 

പ്രകൃതി സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്ത്വം

പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനുള്ള സഭയുടെ സാമൂഹ്യപ്രതിബദ്ധത

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സഭയുടെ പാരിസ്ഥിതിക ആഹ്വാനം
പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അങ്ങേയ്ക്കു സ്തുതി! Laudato Si’ എന്ന ചാക്രികലേഖനത്തിന്‍റെ 5-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സഭാതലത്തില്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ വത്തിക്കാന്‍റെ വിവിധ വകുപ്പുകള്‍ സംയുക്തമായി ഇറക്കിയ ആഹ്വാനത്തിന്‍റെ പ്രകാശനവും പ്രചാരണവുമാണ് പ്രധാന ലക്ഷ്യം. ജൂണ്‍ 18-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ മാധ്യമ വകുപ്പിന്‍റെ കേന്ദ്രത്തില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് വത്തിക്കാന്‍റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് സംയുക്ത ആഹ്വാനം പുറത്തുവിട്ടതും പ്രവര്‍ത്തനരീതികള്‍ വ്യക്തമാക്കിയതും.

2. വത്തിക്കാന്‍റെ വകുപ്പുകള്‍ ചേര്‍ന്നുള്ള പദ്ധതി
വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍, സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍  പീറ്റര്‍ ടേര്‍ക്സണ്‍,  വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ സെക്രട്ടറി ജനറല്‍, ആര്‍ച്ചുബിഷപ്പ് ഫെര്‍ണാണ്ടോ വേര്‍ഗസ് അള്‍സാഗ, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ വിന്‍ചേന്‍സോ സാനി, സഭയുടെ ആഗോള ഉപവി പ്രസ്ഥാനം, “കാരിത്താസ്” ഇന്‍റെര്‍നാഷണലിന്‍റെ സെക്രട്ടറി ജനറല്‍, ശ്രീ അലോഷ്യസ് ജോണ്‍, ആഗോള കത്തോലിക്കാ കാലാവസ്ഥ വ്യതിയാന പ്രസ്ഥാനത്തിന്‍റെ സഹസ്ഥാപകനും എക്സക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ തോമസ് ഇന്‍സുവാ എന്നിവരാണ് വത്തിക്കാന്‍റെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

3.  മഹാമാരിയും പ്രകൃതിവിനാശവും
പരസ്പര ബന്ധമുള്ള പ്രതിസന്ധികള്‍

“പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനുള്ള നീക്കങ്ങള്‍...” എന്ന പേരില്‍ വത്തിക്കാന്‍റെ വിവിധ വകുപ്പുകള്‍ ചേര്‍ന്നൊരുക്കിയ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പ്രവര്‍ത്തനരേഖയും അതിന്‍റെ ആവശ്യകതയും ഉള്‍ക്കൊള്ളുന്ന ആഹ്വാനം പ്രകാശനംചെയ്തുകൊണ്ടാണ് വാര്‍ത്താ സമ്മേളത്തിന് തുടക്കമായത്.  2015-ല്‍ പ്രബോധിപ്പിച്ച പാപ്പായുടെ ചാക്രികലേഖനം കൂടുതല്‍ പ്രചരിപ്പിച്ച് സമഗ്ര പരിസ്ഥിതി എങ്ങനെ കൈവരിക്കുവാനാകുമെന്നും, സഭാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം ഏകോപിപ്പിക്കുവാനാകുമെന്നുമാണ് ഈ ആഹ്വാനം വിശദമാക്കുന്നത്.  ലോകത്തിന്‍റെ പ്രതിസന്ധി ഇന്ന് മഹാമാരിയാണെങ്കിലും, അത് പ്രകൃതിയില്‍നിന്നും വേറിട്ടുനില്ക്കുന്നതല്ല,  ബന്ധപ്പെട്ടു നില്ക്കുന്നതാണ്. ഈ സങ്കീര്‍ണ്ണവും ഏകവുമായ സാമൂഹിക-പരിസ്ഥിതി പ്രതിസന്ധിയാണ് നാം നേരിടേണ്ടത്.  അത് സത്യമായും പരിഹരിക്കാന്‍ നാം ആര്‍ജ്ജിക്കേണ്ടത്, പാപ്പായുടെ പ്രബോധനം ആവശ്യപ്പെടുന്ന ഒരു പാരിസ്ഥിതിക മാനസാന്തരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ ചൂണ്ടിക്കാട്ടി.

4. പാരിസ്ഥിതിക മാനസാന്തരം
ജീവനെയും, പ്രകൃതിയെയും ഉപയോഗിക്കുന്നതില്‍നിന്നും, അവയെ ആദരിക്കുകയും സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ഒരു മാനസികമാറ്റമാണ് നാം ആര്‍ജ്ജിക്കേണ്ട പാരിസ്ഥിതിക മാനസാന്തരമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി.  ഇതിന് പ്രായോഗികമായി സഹായിക്കുന്ന ഒരു പരിപാടിയാണ് - ഒരുമാസക്കാലം നീണ്ടുനില്ക്കുന്നതും അനുവര്‍ഷം സൃഷ്ടിക്കായുളള ആഗോള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നതും.  സെപ്തംബര്‍
1-മുതല്‍ ഒക്ടോബര്‍ 4, പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍വരെ നീണ്ടുനില്ക്കുന്നതാണ്  “സൃഷ്ടിയെ ക്രിയാത്മകമാക്കാനുള്ള സമയം” (Time of Creation) എന്ന പേരില്‍ ആഗോളതലത്തില്‍ ആചരിച്ചുപോരുന്ന ഈ പദ്ധതി.  ഇത് ഇതര ക്രൈസ്തവ സഭകളോടു കൈകോര്‍ത്തു നാം നിര്‍വ്വഹിക്കുന്ന പാരിസ്ഥിതികവും ക്രിയാത്മകവുമായ പദ്ധതികളുടെ ദിവസങ്ങളാണ്.

5. കുടുംബങ്ങളില്‍ തുടക്കമിടേണ്ട പാരിസ്ഥിതിക പദ്ധതി
വ്യക്തിയുടെയും സമൂഹത്തിന്‍റെയും പരിസ്ഥിതിക ജീവിതതലങ്ങളില്‍ ആര്‍ജ്ജിക്കേണ്ട ഒരു സന്തുലനമാണ് ഈ പദ്ധതിവഴി സഭ ലക്ഷ്യംവയ്ക്കുന്നത്. ഇതിന് ആദ്യമായി നാം ചെയ്യേണ്ടത് ജീവനെയും മനുഷ്യനെയും സംരക്ഷിക്കണം. കാരണം മനുഷ്യജീവന്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ പ്രകൃതിയെ ഒരിക്കലും സംരക്ഷിക്കുവാനാവില്ലെന്ന് സഭ ആഹ്വാനം ചെയ്യുന്നത് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സമഗ്രപരിസ്ഥിതിയുടെ പ്രയോക്താക്കള്‍ കുടുംബങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയും കൂട്ടായ പരിശ്രമവും കുടുംബങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിവരിച്ചു. ….. (പൂര്‍ണ്ണമല്ല).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2020, 08:15