തിരയുക

cardinal Kurt Koch, President of the Pontifical Council for Christian Unity. cardinal Kurt Koch, President of the Pontifical Council for Christian Unity. 

ക്രൈസ്തവ ഐക്യവാരത്തിനുള്ള വിഷയം പ്രസിദ്ധപ്പെടുത്തി

2021-ലേയ്ക്കുള്ള വിഷയം : “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്.”

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മുന്തിരിച്ചെടിയും ശാഖകളും
“ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും, ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കും”. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വചനമാണ് 2021 ജനുവരിയില്‍ ആചരിക്കുന്ന സഭൈക്യവാരത്തിനുള്ള ധ്യാനവിഷയം (യോഹ. 15, 5-9).  2021 ജനുവരി 18-മുതല്‍ 25-വരെ തിയതികളിലാണ് ക്രൈസ്തവ ഐക്യവാരം ആചരിക്കുന്നത്.

2. വിഷയം ഒരുക്കിയ സന്ന്യാസിനികള്‍
സ്വിറ്റ്സര്‍ലണ്ടിലെ ഗ്രാന്‍റ്ചാമ്പ് (Grandchamp) സഭൈക്യ സന്ന്യാസ സമൂഹത്തിലെ സഹോദരിമാരാണ് അടുത്തവര്‍ഷത്തേയ്ക്കുള്ള പ്രമേയം ഒരുക്കിയത്. ഫ്രാന്‍സിലെ തെയ്സേ സമൂഹത്തിന്‍റെയും, സഭൈക്യപ്രസ്ഥാനത്തിന്‍റെ വക്താവായ ഫ്രഞ്ചു വൈദികന്‍, അബേ പോള്‍ കുചീരിയയുടെയും (Abbe Paul Couturier) ചൈതന്യം ഉള്‍ക്കൊണ്ടാണ് ഗ്രാന്‍റ്ചാംമ്പ് പ്രസ്ഥാനത്തിലെ രാജ്യാന്തര സന്ന്യാസിനീ സമൂഹം 20-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടത്തില്‍ പിറവിയെടുത്തത്.

വത്തിക്കാന്‍റെ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലാണ് ജൂണ്‍ 17, ബുധനാഴ്ച അടുത്തവര്‍ഷത്തെ പ്രമേയം വെളിപ്പെടുത്തിയത്.

3. തായ്ച്ചെടിയോടു ചേര്‍ന്നുനില്ക്കുന്ന ശാഖകള്‍
ദൈവവചനത്തിന്‍റെ ദിവ്യനായ വിതക്കാരനും കൃഷിക്കാരനുമായ ക്രിസ്തുവിനാല്‍ വെട്ടിയൊരുക്കിയ മുന്തിരിച്ചെടിയിലെ ശാഖകളായി ജീവിക്കുവാനുള്ള ആത്മീയത ഉള്‍ക്കൊണ്ടു മുന്നേറുന്ന സഹോദരിമാരുടെ സിദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് ഒരാഴ്ച നീളുന്ന സഭൈക്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കുള്ള വായനകളും ധ്യാനവും ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. തായ്ച്ചെടിയോട് എന്നപോലെ ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുന്ന വ്യക്തികള്‍  ഭൂമിയില്‍ സഹോദരങ്ങളോടുള്ള ഐക്യത്തില്‍  ജീവിക്കുമെന്ന ധ്യാനമാണ് പ്രമേയത്തില്‍ വികസിപ്പിക്കുന്നത്.  സഹോദരങ്ങളോടുള്ള ഐക്യവും സ്നേഹവുമാണ് സമ്പൂര്‍ണ്ണ സൃഷ്ടിയോടുള്ള ഐക്യദാര്‍ഢ്യമായി വളരേണ്ടതെന്ന് സഭൈക്യവാര സന്ദേശം പ്രബോധിപ്പിക്കുന്നു.

4. വേറിട്ടുനില്ക്കുന്ന സഭകളെ
ഒന്നിപ്പിക്കുന്ന ഐക്യവാരം

സ്വിറ്റ്സര്‍ലണ്ടിലെ അര്‍ഹൂവിലുളള (Areuse) ഗ്രാന്‍റ്ചാമ്പ് സമൂഹത്തില്‍ ഇപ്പോള്‍ 50 സഹോദരിമാരുണ്ട്. ക്രൈസ്തവ സമൂഹങ്ങളെ പരസ്പരം അടുപ്പിക്കുവാനും കൂടുതല്‍ ഒരുമിപ്പിക്കുവാനും ഈ സമൂഹം ഒരുക്കിയിരിക്കുന്ന വചനാധിഷ്ഠിതമായ  ധ്യാനം സഹായകമാകുമെന്ന്, സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു.

ഈ വര്‍ഷം വത്തിക്കാന്‍റെ സഭൈക്യ പ്രവര്‍ത്തനങ്ങള്‍ക്ക് 60 വയസ്സു തികയുകയാണെന്നും കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ്  പ്രസ്താവനയില്‍ അനുസ്മരിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2020, 07:45