തിരയുക

2020.06.04 papa paolo vi e martin luther 2020.06.04 papa paolo vi e martin luther 

വംശീയതയ്ക്ക് എതിരായ സഭയുടെ എന്നത്തെയും നിലപാട്

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിലെ അലസാന്ദ്രോ ജിസോത്തിയുടെ ലേഖനത്തില്‍ നിന്നെടുത്ത ചിന്തകള്‍...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യസ്വപ്നം
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കണ്ട സ്വാതന്ത്ര്യത്തിന്‍റെ സ്വപ്നം അമേരിക്കയില്‍ ഇനിയും വിദൂരത്താണെന്നാണ് ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ ദാരുണമായ മരണം വെളിപ്പെടുത്തുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാത്തിന്‍റെ സഹപത്രാധിപര്‍,  അലസാന്ദ്രോ ജിസ്സോത്തി തന്‍റെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ 4-ന് വ്യാഴാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഇറ്റാലിയന്‍ ‘വെബ്സൈറ്റി’ല്‍ പ്രസിദ്ധപ്പെടുത്തിയ  ലേഖനത്തിലാണ് ജിസ്സോത്തി അടുത്തിടെ അമേരിക്കയില്‍ തലപൊക്കിയ വംശീയ കലാപത്തെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിച്ചത്. ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍റെ പൊലീസ് കസ്റ്റടിയിലെ മരണത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

2. സഭയുടെ നിലപാട് വ്യക്തമാക്കുന്ന ലേഖനം
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കണ്ട അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യത്തിന്‍റെ സ്വപ്നം കാലാന്തരത്തില്‍ വിവിധ പാപ്പാമാര്‍ എപ്രകാരം മനസ്സിലാക്കുകയും, വംശീയത്ക്ക് എതിരെ വിവിധ കാലങ്ങളിലെ സഭാതലവന്മാര്‍ എപ്രകാരം നിലകൊണ്ടുവെന്നും വിശദമാക്കുന്നതാണ് ജിസ്സോത്തി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം. 

3. കിംഗിന്‍റെ ക്രിസ്തീയ വീക്ഷണം

ഇന്ന് അമേരിക്കയിലെ ആഫ്രിക്കന്‍ ജനതയുടെ നീതിക്കും അന്തസ്സിനുമായി മുറവിളികൂട്ടുന്നവരുടെ കാതുകളില്‍ മുഴങ്ങുന്നത് 57 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓഗസ്റ്റ് 28-ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നടത്തിയ ആഫ്രിക്കന്‍ സമൂഹത്തിന്‍റെ പൗരാവകാശത്തിനായുള്ള “എന്‍റെ സ്വപ്നം” എന്ന പ്രഭാഷണമാണ്. കിംഗിന്‍റെ സ്വാതന്ത്ര്യ സ്വപ്നത്തിന്‍റെ വേരുകള്‍ സുവിശേഷാധിഷ്ഠിതവും ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും ഊന്നിയതുമായിരുന്നുവെന്ന് ജിസ്സോത്തി തന്‍റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

4. പോള്‍ ആറാമന്‍ പാപ്പായുടെ നയം

പോള്‍ ആറാമന്‍ പാപ്പാ മുതല്‍ എല്ലാ പാപ്പാമാരും കറുത്ത വര്‍ഗ്ഗക്കാരുടെ ഈ സ്വാതന്ത്ര്യ സ്വപ്നത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അറ്റ്ലാന്‍റയിലെ ബാപ്റ്റിസ്റ്റ് പാസ്റ്ററായിരുന്ന കിംഗിനെ വത്തിക്കാനില്‍ 1964 സെപ്തംബര്‍ 18-ന് പോള്‍ ആറാമന്‍ പാപ്പാ അതിഥിയായി സ്വീകരിച്ചു. നീതിനിഷ്ഠവും സമാധാന പൂര്‍ണ്ണവുമായ വംശീയ വിവേചനത്തിന് എതിരായ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

5. കറുത്തവര്‍ഗ്ഗക്കാരെ അഭിസംബോധനചെയ്ത പാപ്പാ
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്‍റെ അമേരിക്ക സന്ദര്‍ശനത്തിനിടെ
1987 സെപ്തംബര്‍ 12-ന് ന്യൂ ഓര്‍ളിയാന്‍സില്‍വച്ച് അമേരിക്കയിലെ കറുത്ത സമൂഹത്തെ അഭിസംബോധനചെയ്തു. ആഫ്രിക്കന്‍ ജനതയുടെ നീതിക്കായി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നേടിയ പൗരാവകാശങ്ങള്‍ അമേരിക്കന്‍ ജനതയുടെ ആകമാനം ഉയര്‍ച്ചയായിരുന്നെന്ന് വിശുദ്ധനായ പാപ്പാ വിശേഷിപ്പിച്ചു.

6. ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ ദാര്‍ശനികത
ബെനഡിക്ട് 16-Ɔമന്‍ പാപ്പാ 2008-ല്‍ വാഷിങ്ടണില്‍  നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞത്, പൗരാവകാശത്തിനായുള്ള പോരാട്ടത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ നയിച്ചത് ദൈവത്തിലുള്ള ആഴമായ വിശ്വാസമായിരുന്നെന്നാണ്.

7. വംശീയതയ്ക്കെതിരെ പാപ്പാ ഫ്രാന്‍സിസ്
പാപ്പാ ഫ്രാന്‍സിസ് 2015 സെപ്തംബര്‍ 24-ന് അമേരിക്ക സന്ദര്‍ശനത്തിനിടെ കാപ്പിത്തോള്‍ കുന്നില്‍ (Capitol Hill) നല്കിയ തന്‍റെ ആദ്യപ്രഭാഷണത്തില്‍ അമേരിക്കന്‍ ജനതയെയും ഭരണകര്‍ത്താക്കളെയും അഭിസംബോധനചെയ്യവേ പ്രസ്താവിച്ചത്, ഒരു രാഷ്ട്രം മഹത്വമണിയുന്നത് പൗരന്മാര്‍ക്ക് പൂര്‍ണ്ണവും സമത്വമാര്‍ന്നതുമായ അവകാശങ്ങള്‍ നല്കുന്ന സംസ്കാരം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് എന്നായിരുന്നു.  മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് സ്വപ്നം കണ്ടത്  തന്‍റെ സഹോദരങ്ങളുടെ പൂര്‍ണ്ണവും സമത്വവുമുള്ള അവകാശവും അന്തസ്സുമായിരുന്നെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.
 

07 June 2020, 07:45