തിരയുക

Human fraternity Human fraternity  

മഹാമാരിയില്‍ തെളിയുന്ന സാഹോദര്യത്തിന്‍റെ അടയാളങ്ങള്‍

സാഹോദര്യത്തിന്‍റെ പ്രതീകമായ സഹായങ്ങള്‍ അബുദാബിയില്‍നിന്നും തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവില്‍ എത്തിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള സാമഗ്രികള്‍
ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള  50 ടണ്ണില്‍ അധികം സാമഗ്രികളുമായി ജൂണ്‍ 22 തിങ്കളാഴ്ച അബുദാബിയില്‍നിന്നും എമിറേറ്റ് വിമാനം തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിന്‍റെ തലസ്ഥാന നഗരമായ ലീമയില്‍ പറന്നിറങ്ങി. ഈ പദ്ധതിയില്‍ പങ്കാളിയായ വത്തിക്കാന്‍റെ പ്രതിനിധി, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ (Congregation for Catholic Education) സെക്രട്ടറി ജനറല്‍, ആര്‍ച്ചുബിഷപ്പ് ഗായി റിയല്‍ തിവിയേര്‍ജ് അറിയിച്ചു. ലാറ്റിമനേരിക്കന്‍ രാജ്യങ്ങളില്‍ മഹാമാരിയുടെ തീവ്രമേഖലയാണ് പെറുവെന്ന് തിരിച്ചറിഞ്ഞ് സഹായിക്കുവാനുള്ള തീരുമാനം എടുത്തത് പാപ്പാ ഫ്രാന്‍സിസായിരുന്നു.

2019-ല്‍ സ്ഥാപിതമായ വിശ്വസാഹോദര്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍, അറേബ്യന്‍ എമിറേറ്റുകളുടെ പ്രസിഡന്‍റ്, ഷെയ്ക്ക് മൊഹമ്മദ് ബിന്‍‍ റഷീദ് സെയിദ് അല്‍ നഹ്യാന്‍ പിന്‍തുണയോടെയാണ് മാസ്ക്കുകളും, കൈയ്യുറകളും, ഓക്സിജന്‍ സിലിണ്ടറുകളും, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സാമഗ്രികളും, ഭക്ഷ്യസാധനങ്ങളും ഉള്‍പ്പെടുന്ന സഹായം വിമാനമാര്‍ഗ്ഗം പെറുവിന്‍റെ തലസ്ഥാനമായ ലീമയില്‍ എത്തിച്ചത്.

2.  ജീവിതത്തെ ദൃഢപ്പെടുത്തുന്ന വിദ്യാഭ്യാസവഴികള്‍
വിശ്വസാഹോദര്യക്കമ്മറ്റിയുടെ ഉത്തരവാദിത്ത്വപ്പെട്ടവരും, വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സംഘവും ചേര്‍ന്ന് ഈ സഹായം കൃത്യമായും അര്‍ഹിക്കുന്നവരില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ പെറുവിലും ചെയ്തുകഴിഞ്ഞുവെന്ന് ആര്‍ച്ചുബിഷപ്പ് ഗായി റിയല്‍ തിവിയേര്‍ജ് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു. പാവങ്ങളായ ജനതകള്‍ ലോകത്ത് എവിടെയും ഏതു വംശത്തിലോ മതത്തിലോ പെട്ടവരാണെന്നു ചിന്തിക്കാതെ, അതിരുകള്‍ക്കതീതമായ ക്ലേശിക്കുന്നവരെ സഹായിക്കുകയെന്നത് അബുദാബിയില്‍ ഒപ്പുവച്ച വിശ്വസാഹോദര്യ പ്രഖ്യാപനത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും പ്രസ്താവന വ്യക്തമാക്കി. പെറുവിന്‍റെ ശോചനീയമായ അവസ്ഥയ്ക്കു പിന്നില്‍ മഹാമാരിയുടെ ക്ലേശങ്ങള്‍കൂടാതെ ബഹുഭൂരിപക്ഷം പാവങ്ങളെ കാര്‍ന്നുതിന്നുന്ന കൊടുംദാരിദ്ര്യവുമുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തിവിയേര്‍ജ് വെളിപ്പെടുത്തി.

അങ്ങനെ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൂടെ ജീവിതത്തെ ബലപ്പെടുത്തുന്ന വിദ്യാഭ്യാസവഴികള്‍ തുറക്കുന്ന സമഗ്രതയുടെ സമീപനമാണ് പെറുവില്‍ മാത്രമല്ല, എവിടെയും വിശ്വസാഹോദര്യ കമ്മറ്റി ലക്ഷ്യംവയ്ക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തിവിയേര്‍ജ് പ്രസ്താവനയില്‍ വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2020, 10:58