തിരയുക

Vatican News

മഹാമാരിയില്‍നിന്നുള്ള മുക്തിക്കായി മതങ്ങളു‌ടെ കൂട്ടായ്മ

മെയ് 14 വ്യാഴാഴ്ച പ്രാര്‍ത്ഥനയിലും ഉപവാസത്തിലും സല്‍പ്രവൃത്തികളിലും വിവിധ മതത്തിലെ ജനങ്ങള്‍ ചെലവഴിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കൊറോണയെ കീഴ്പ്പെടുത്താന്‍
പ്രാര്‍ത്ഥന സഹായിക്കും

പ്രാര്‍ത്ഥനയ്ക്ക് സാര്‍വ്വലൗകികമായ മൂല്യമുണ്ടെന്ന സംജ്ഞയില്‍ ഉറച്ചാണ് അബുദാബിയില്‍ രൂപീകൃതമായ വിശ്വസാഹോദര്യ കൂട്ടായ്മയുടെ പരമോന്നത കമ്മറ്റി (Committee for World Human Fraternity) മെയ് 14 പ്രാര്‍ത്ഥനാദിനമായി ആഹ്വാനംചെയ്തത്. പാപ്പാ ഫ്രാന്‍സിസ് കമ്മിറ്റിയുടെ ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും, കൊറോണ ബാധയില്‍നിന്നു ലോകത്തെ മോചിക്കുന്നതിനുള്ള പ്രാര്‍ത്ഥനയില്‍ എല്ലാ വിശ്വാസികളും ഇതര മതങ്ങളോടു ചേര്‍ന്ന് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും സല്‍പ്രവൃത്തികളിലും വ്യാപൃതരാകണമെന്ന് മെയ് 3, ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന പരിപാടിയുടെ അന്ത്യത്തില്‍ ആഹ്വാനംചെയ്യുകയും ചെയ്തു.

അബുദാബിയില്‍ മുളയെടുത്ത
മാനവസാഹോദര്യ സംരംഭം

2019 ഫെബ്രുവരിയില്‍ പാപ്പാ ഫ്രാന്‍സിസ് അബുദാബിയിലേയ്ക്കു നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിലാണ് എമിറേറ്റ് രാഷ്ട്രാധിപന്മാരുടെയും, ഇതര മതപ്രതിനിധികളുടെയും, ഈജിപ്തിലെ വലിയ ഇമാം അഹമ്മദ് അല്‍-തയ്യേബിന്‍റെയും കൂട്ടായ്മയില്‍ വിശ്വസാഹോദര്യ പ്രഖ്യാപനം പ്രബോധിപ്പിക്കുകയും മതനേതാക്കള്‍ ഒപ്പുവയ്ക്കുകയും ചെയ്തത്. മാനവികതയുടെ കൂട്ടായ്മയും സമാധാനവും മെച്ചപ്പെടുത്താനുള്ള പരിശ്രമത്തില്‍ വിശ്വാസാഹോദര്യ പ്രഖ്യാപനം പ്രായോഗികമാക്കുവാന്‍ രൂപമെടുത്തതാണ് സാഹോദര്യ കൂട്ടായ്മയുടെ പരമോന്നത കമ്മിറ്റി. വൈറസ് ബാധയില്‍നിന്നു ലോകത്തെ മോചിക്കാനുള്ള പരിശ്രമത്തിലും പങ്കുചേരുകയാണ് മാനവികതയുടെ നന്മ ലക്ഷ്യംവയ്ക്കുന്ന മതങ്ങളുടെ ഈ കൂട്ടായ്മ.

പ്രാര്‍ത്ഥനാദിനത്തിന്‍റെ ലക്ഷ്യങ്ങള്‍
വൈറസ്സിന് എതിരെ പ്രാര്‍ത്ഥന ആയുധമാക്കാം.
പ്രാര്‍ത്ഥനയ്ക്കും സല്‍പ്രവര്‍ത്തികള്‍ക്കും ഈ പ്രതിസന്ധിയില്‍ മനുഷ്യരെ ഒന്നിപ്പിക്കാന്‍ കരുത്തുണ്ട്.
വൈറസ് ബാധയ്ക്കു കീഴ്പ്പെട്ട് നഷ്ടധൈര്യരാകാതിരിക്കാന്‍ പ്രാര്‍ത്ഥനയിലൂടെയുള്ള ദൈവികൈക്യം സഹായിക്കും.
 

15 May 2020, 07:54