തിരയുക

Vatican News
2020.05.13 Udienza Generale 2020.05.13 Udienza Generale  (Vatican Media)

പ്രേഷിതനു ഭൂഷണമല്ലാത്ത സ്വയംപ്രചാരണം

മെയ് 21-ന് പാപ്പാ ഫ്രാന്‍സിസ് പൊന്തഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ഭാരവാഹികള്‍ക്കു നല്കിയ സന്ദേശം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സുവിശേഷപ്രചാരണം മതപരിവര്‍ത്തനമല്ല
മെയ് മാസത്തില്‍ റോമില്‍ സംഗമിക്കേണ്ടിയിരുന്നതും കാലികമായ പ്രതിസന്ധികള്‍മൂലം നടക്കാതെ പോയതുമായ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ (Pontifical Mission Societies) ഭാരവാഹികള്‍ക്കു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സുവിശേഷ പ്രചാരണം മതപരിവര്‍ത്തനമല്ലെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ഏതു മാര്‍ഗ്ഗേനയും ജനങ്ങളെ സ്വാധീനിക്കുന്ന രീതി പ്രേഷിത ജീവിതത്തില്‍ ആവശ്യമില്ലെന്നു പാപ്പാ എടുത്തുപറഞ്ഞു.

2. പ്രേഷിതപ്രവര്‍ത്തനം പരിശുദ്ധാത്മാവിന്‍റെ ദാനം
സുവിശേഷദൗത്യം അല്ലെങ്കില്‍ പ്രേഷിതപ്രവര്‍ത്തനം പരിശുദ്ധാത്മാവിന്‍റെ ദാനമാണ്. അത് പരിശീലനക്കളരികളെയും, സഭയുടെ സംഘടനാസംവിധാനങ്ങളെയും മാത്രം ആശ്രയിച്ചു നില്ക്കുന്നതല്ലെന്ന് പാപ്പാ വ്യക്തമാക്കി. പ്രേഷിതപ്രവര്‍ത്തനത്തില്‍ അതിന്‍റെ അടിസ്ഥാനപരവും മൗലികവുമായ സ്വഭാവമായി കാണേണ്ടത് അരൂപിയുടെ പ്രചോദനമാണ്, മറിച്ച് അത് വ്യക്തിപരമായ താല്പര്യങ്ങളുടെയോ ഉദ്ദേശങ്ങളുടെയോ രീതിയാണെന്നു ചിന്തിക്കരുതെന്ന് പാപ്പാ വിശദീകരിച്ചു

3. അടിച്ചേല്പിക്കേണ്ടതല്ല സുവിശേഷം
പ്രേഷിതമേഖലയില്‍ സ്വന്തമായ താല്പര്യങ്ങളും രീതികളും അല്ലെങ്കില്‍ സംവിധാനങ്ങളും നടപ്പിലാക്കണമെന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. അതിന് ഒരു പരസ്യകലയുടെ അടിച്ചേല്പിക്കുന്ന മേല്‍-കീഴ് (top to bottom) സംവേദന ശൈലിയാണുള്ളത്. ക്രിസ്തുവിന്‍റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും ചൈതന്യത്തിനും അത് ഇണങ്ങിയ ബലതന്ത്രമല്ലെന്നും, പ്രേഷിതജോലിയില്‍ പ്രകടനപരത, സ്വയംപ്രചാരണം എന്നിവ അസ്ഥാനത്താണെന്നും മാധ്യമശ്രൃംഖലകളിലൂടെ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള മിഷന്‍ സൊസൈറ്റികളുടെ ഓഫിസുകളില്‍ എത്തിച്ചുകൊടുത്ത സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

4. സുവിശേഷപ്രഘോഷണം ഒരു ജീവിതസാക്ഷ്യം
സുവിശേഷസാക്ഷ്യത്തിന്‍റെ ആകര്‍ഷണമാണ് സഭയ്ക്ക് വിശ്വാസികളെ നേടിത്തരുന്നത്, മതപരിവര്‍ത്തനമല്ല (gospel witnessing not proselytism). നന്ദിയും ഉദാരതയും എളിമയും പ്രേഷിതന് ഭൂഷണമായിരിക്കണം. തന്‍റെ കഴിവുകളാല്‍ നേടുന്നതല്ല പ്രേഷിതദൗത്യം, ദൈവം വിളിച്ചു നിയോഗിച്ചതാണത്. അതിനാല്‍ ദൈവാരൂപിയോടുള്ള തുറവ് പ്രകടമാക്കുന്ന നന്ദിയുടെയും എളിമയുടെയും, ഔദാര്യത്തിന്‍റെയും മനോഭാവം പ്രേഷിതന് അനുപേക്ഷണീയമാണെന്ന് പാപ്പാ വിശദീകരിച്ചു. (സന്ദേശം അപൂര്‍ണ്ണം).

പൂര്‍ണ്ണരൂപം ഇംഗ്ലിഷില്‍ പാപ്പായുടെ സൈറ്റില്‍നിന്നും ലഭിക്കാന്‍
http://w2.vatican.va/content/francesco/en/messages/pont-messages/2020/documents/papa-francesco_20200521_messaggio-pom.html
 

22 May 2020, 08:58