തിരയുക

വിശുദ്ധ പോൾ ആറാമൻ പാപ്പാ വിശുദ്ധ പോൾ ആറാമൻ പാപ്പാ 

വിശുദ്ധ പോൾ ആറാമൻ പാപ്പാ!

വിശുദ്ധിയുടെ ഉന്നതിയിലെത്തിയ റോമിൻറെ മെത്രാൻ, വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ ഓർമ്മത്തിരുന്നാൾ മെയ് 29-ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുവിശേഷാദർശങ്ങൾ വിശാലമനസ്കതയോടെ ഉൾക്കൊള്ളാൻ വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ മാതൃക പ്രചോദനമാകട്ടെയെന്ന് ഫാൻസീസ് മാർപ്പാപ്പാ ആശംസിക്കുന്നു. 

അനുവർഷം മെയ് 29-ന്, അതായത്, ഈ വെള്ളിയാഴ്ച (29/05/20) വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ ഓർമ്മത്തിരുന്നാൾ തിരുസഭ ആചരിക്കുന്നത് ബുധനാഴ്ച്ച (27/05/20) പൊതുദർശന പ്രഭാഷണവേളയിൽ, ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വിശുദ്ധിയുടെ ഉന്നതിയിലെത്തിയ റോമിൻറെ മെത്രാനാണ് പോൾ ആറാമൻ എന്ന് പാപ്പാ തദ്ദവസരത്തിൽ പറഞ്ഞു.

1963 ജൂൺ 21 മുതൽ 1978 ആഗസ്റ്റ് 6 വരെയയായിരുന്നു പോൾ ആറാമൻ പാപ്പാ സഭാനൗകയെ നയിച്ചത്. 

സംക്ഷിപ്ത ജീവിത നാള്‍വഴി

ഉത്തര ഇറ്റലിയിലെ കൊണ്‍ചേസിയൊ എന്ന സ്ഥലത്ത് 1897 സെപ്ററംബര്‍ 26 നായിരുന്നു പോള്‍ ആറാമന്‍ എന്ന നാമം സ്വീകരിച്ച ജൊവാന്നി ബാത്തിസ്ത എൻറീക്കൊ അന്തോണിയൊ മരിയ മൊന്തീനീയുടെ (Giovanni Battista Enrico Antonio Maria Montini) ജനനം.

1920 മെയ് 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ പന്ത്രണ്ടാം പീയൂസ് പാപ്പ 1954 നവമ്പര്‍ 1 ന് ആര്‍ച്ചുബിഷപ്പായി നാമനിര്‍ദ്ദേശം ചെയ്തു. മെത്രാഭിഷേകം അക്കൊല്ലം തന്നെ ഡിസമ്പര്‍ 12 നായിരുന്നു.

1958 ഡിസമ്പര്‍ 15 ന് ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ മൊന്തീനിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. പിന്നീട് 1963 ജൂണ്‍ 21 ന് ജൊവാന്നി ബാത്തിസ്ത മൊന്തീനി റോമിന്‍റെ 262-Ↄമത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ ആറാമന്‍ എന്ന നാമം സ്വീകരിച്ച കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം 1963 ജൂണ്‍ 30 നായിരുന്നു.

സഭയില്‍ വിപ്ലവാത്മകമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായക്ക് പഞ്ചഭൂഖണ്ഡങ്ങളിലും ഇടയസന്ദര്‍ശനത്തിനെത്തിയ ആദ്യത്തെ പാപ്പാ, വിമാനയാത്രചെയ്ത പാപ്പാമാരില്‍ പ്രഥമന്‍ എന്നീ സ്ഥാനങ്ങളുമുണ്ട്. ഇന്ത്യയില്‍ ആദ്യമായി പാദമൂന്നിയ പാപ്പായും വിശുദ്ധ പോള്‍ ആറാമനാണ്.

“ഹുമാനെ വീത്തെ”

ജനസംഖ്യാവർദ്ധനവെന്ന പ്രശ്നം പരിഹരിക്കാൻ കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സന്താനോല്പാദനത്തെ ദാമ്പത്യധര്‍മ്മാനുഷ്ഠാനമായി അവതരിപ്പിച്ച “ഹുമാനെ വീത്തെ” അഥവാ, “മനുഷ്യജീവന്‍” എന്ന വിവാദപരമായ ചാക്രികലേഖനം വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായാണ് പുറപ്പെടുവിച്ചത്.

1968 ജൂലൈ 25 നാണ് “ഹുമാനെ വീത്തെ” പ്രസിദ്ധീകൃതമായത്.

വിശുദ്ധപദത്തിലേക്ക്

1978 ആഗസ്റ്റ് 6-ന് റോമിനു പുറത്തുള്ള കാസ്തെൽ ഗന്തോൾഫൊയിൽ വച്ച് മരണമടഞ്ഞ പോൾ ആറാമൻ പാപ്പായെ ഫ്രാൻസീസ് പാപ്പായാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

2018 ഒക്ടോബർ 14-നായിരുന്നു വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ, വിശുദ്ധപദപ്രഖ്യാപന തിരുക്കർമ്മം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2020, 10:38