വത്തിക്കാന്‍ തോട്ടത്തിലുള്ള മേരിയന്‍ ‘ഗ്രോട്ടോ’യിലെ ജപമാലപ്രാര്‍ത്ഥന
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. വത്തിക്കാനിലെ മേരിയന്‍ ഗ്രോട്ടോയില്‍
വത്തിക്കാന്‍ തോട്ടത്തിലെ മേരിയന്‍ ഗ്രോട്ടോയില്‍നിന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് മെയ് 30, ശനിയാഴ്ച ജപമാല നയിക്കും. വൈറസ് ബാധയില്‍നിന്നുള്ള മോചനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ലോകത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ വിശ്വാസികള്‍ മാധ്യമങ്ങളിലൂടെ പങ്കുചേര്‍ന്ന് പാപ്പായ്ക്കൊപ്പം പ്രാര്‍ത്ഥിക്കും. മെയ് 30 ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന്, ഇന്ത്യയിലെ സമയം രാത്രി 9 മണിക്കാണ് ലോകത്തെ വിശ്വാസികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് കന്യകാനാഥയുടെ മാദ്ധ്യസ്ഥം യാചിക്കുവാന്‍ പോകുന്നത്.
2. പാപ്പായുടെ ജപമാലയില്‍
തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ പങ്കുചേരും
വത്തിക്കാനിലെ മേരിയന്‍ ഗ്രോട്ടോയുടെ വേദിയില്‍ നടക്കുന്ന പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പ്രാര്‍ത്ഥന ലൂര്‍ദ്ദ്, ഫാത്തിമ, അര്‍ജന്‍റീനയിലെ ലൂയന്‍, മെക്സിക്കോയിലെ മിലാഗ്രോ, ഗ്വാദലൂപെ, ഇറ്റലിയിലെ സാന്‍ ജൊവാന്നി റൊത്തോന്തോ, പോംപെ... മുതലായ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി വത്തിക്കാന്‍ മാധ്യമങ്ങള്‍ തത്സമയം കണ്ണിചേര്‍ക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ മഹാമാരിയുടെ കെടുതിയില്‍ ക്ലേശിക്കുന്നതിനാല്‍ അതാതു സ്ഥലത്തെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയരായിവേണം വിശ്വാസികള്‍ തങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പാപ്പായ്ക്കൊപ്പമുള്ള ജപമാലപ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
3. വൈറസ് ബാധയില്‍നിന്നുള്ള മുക്തിക്കായി
കൊറോണ ബാധയില്‍നിന്ന് രക്ഷപ്പെട്ട ഇറ്റലിയിലെ കുടുംബങ്ങളുടെ പ്രതിനിധികള്‍, ഇറ്റലിയെ പിടിച്ചുകുലുക്കിയ വൈറസ് ബാധയുടെ സേവനരംഗത്തു പതറാതെനിന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, സന്നദ്ധസേവകര്‍, വൈദികര്‍, സന്ന്യസ്തര്‍, ഫാര്‍മസിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിനിധികളും ജപമാലയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനുവേണ്ടി പ്രസിഡന്‍റ് ആര്‍ച്ചുബിഷ് റൈനോ ഫിസിക്കേല പ്രസ്താവനയിലൂടെ അറിയിച്ചു.