പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി മുംബൈ അതിരൂപത
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. മുംബൈ അതിരൂപതയുടെ "പാരിസ്ഥിതിക സഹായി"
പാപ്പാ ഫ്രാന്‍സിസിന്‍റെ വിഖ്യാതമായ "അങ്ങേയ്ക്കു സ്തുതി..." എന്ന പാരിസ്ഥിതിക പ്രബോധനത്തിന്‍റെ 5-Ɔο വാര്‍ഷികാഘോഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മുംബൈ അതിരൂപത പരിസ്ഥിതി-സൗഹൃദമായ പെരുമാറ്റങ്ങള്‍ക്ക് സഹായകമാകുന്ന ചെറുഗ്രന്ഥം, അങ്ങേയ്ക്കു സ്തുതി, (Laudato Si’) സമൂഹത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടിക്കള്‍ക്കും വീട്ടിലും നാട്ടിലും അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അങ്ങേയ്ക്കു സ്തുതി, Laudato Si’ എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന ഈ പാരിസ്ഥിതിക സഹായിയെന്ന് മുംബൈ അതിരൂപതയുടെ പരിസ്ഥിതിക കാര്യങ്ങള്‍ക്കുള്ള ഓഫിസിന്‍റെ ഉത്തരവാദിത്ത്വംവഹിക്കുന്ന ഫാദര്‍ ജോസഫ് ഗൊണ്‍സാള്‍വസ് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ മെയ് 20-ന് അയച്ച പ്രസ്താവനയിലൂടെ അറിയിച്ചു.
2. ആരോഗ്യകരമായി ചുറ്റുപാടുകള്‍ സൂക്ഷിക്കാന്‍
കൊറോണ മഹാമാരിയുടെ കാലത്തും ഏറെ ഫലപ്രദമാകുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്കു സ്തുതിയിലെ പ്രബോധനങ്ങളെന്ന് ഫാദര്‍ ജോസഫ് ഗൊണ്‍സാള്‍വസ് അഭിപ്രായപ്പെട്ടു. മെയ് 24-ന് ആരംഭിക്കുന്ന പാപ്പായുടെ പ്രബോധനത്തിന്‍റെ ഒരുവര്‍ഷക്കാലം നീളുന്ന പരിപാടികള്‍ക്ക് തുടക്കമായിട്ടാണ് ആരോഗ്യകരമായൊരു പരിസ്ഥിതി സാധാരണ ജനങ്ങളുടെ ജീവിതചുറ്റുപാടുകളില്‍ പാലിക്കുന്നതിനു സഹായകമാകുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങളുടെ ഈ ചെറുഗ്രന്ഥം. മുംബൈ നഗരത്തില്‍ അങ്ങുമിങ്ങുമായി വൈറസ് ബാധയുടെ ഭീതി ഉയര്‍ന്നു നില്കെ തന്നെയാണ് അതിരൂപത സഭയുടെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും ഫാദര്‍ ഗൊണ്‍സാള്‍വസ് വിശദീകരിച്ചു.
3. വൃക്ഷങ്ങളുടെ സുഹൃത്തുക്കള്‍
“തരുമിത്ര” – വൃക്ഷങ്ങളുടെ സുഹൃത്തുക്കള്‍, വീടുകളിലെ ഉച്ചിഷ്ടങ്ങളുടെ തരംതിരിച്ചു ശേഖരിക്കുന്ന രീതികള്‍ തുടങ്ങിയ ലളിതമായ പദ്ധതികളാണ് തുടക്കമായി ചെയ്യുന്നത്. അതിനുപുറമേ, പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും, അത് സുരക്ഷിതമാക്കുവാനുമുള്ള അവബോധം യുവതലമുറയില്‍ വളര്‍ത്തുവാന്‍ പോരുന്ന രീതിയില്‍ അതിരൂപതയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും യുവജന പ്രസ്ഥാനങ്ങളും "അങ്ങേയ്ക്കു സ്തുതി..." എന്ന വാര്‍ഷിക പരിപാടികളില്‍ പങ്കുചേരുവാന്‍ ഉപയുക്തമാകുന്ന സഹായിയാണ് ഈ ചെറുഗ്രന്ഥമെന്ന് ഫാദര്‍ ഗൊണ്‍സാള്‍വസ് വിശദീകരിച്ചു.