തിരയുക

AUSTRALIA-ABUSE/PELL AUSTRALIA-ABUSE/PELL 

കര്‍ദ്ദിനാള്‍ പേലിന്‍റെ മോചനത്തില്‍ വത്തിക്കാനു സംതൃപ്തി

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേലിനെ കുറ്റവിമുക്തനാക്കിയ വിധിതീര്‍പ്പില്‍ വത്തിക്കാന്‍ സംതൃപ്തി രേഖപ്പെടുത്തി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഒരു വര്‍ഷത്തിലേറിയ ജയില്‍വാസം
കുട്ടികളുടെ ലൈംഗിക പീഡനക്കേസ് ആരോപിച്ച് ഓസ്ട്രേലിയയിലെ പ്രാദേശിക കോടതി 2019 ഫെബ്രുവരിയിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍ തടങ്കലിലായത്. ഓസ്ട്രേലിയയുടെ ഹൈക്കോടതി നടത്തിയ കേസിന്‍റെ പുനര്‍പരിശോധനയ്ക്കുശേഷം 2020 ഏപ്രില്‍ 7, ചൊവ്വാഴ്ച നടത്തിയ വിധിതീര്‍പ്പില്‍ കര്‍ദ്ദിനാള്‍ മോചിതനായി.

2. കര്‍ദ്ദിനാളിന്‍റെമേല്‍ ഉന്നയിച്ച ആരോപണം
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഒരു വ്യക്തിയുടെ മാത്രം ആരോപണത്തിന്മേലാണ് കര്‍ദ്ദിനാള്‍ കുറ്റാരോപിതനായതെന്നും, മാത്രമല്ല സംഭവം നടക്കാതിരിക്കാനുള്ള യുക്തിസഹജമായ സാദ്ധ്യതകള്‍ കീഴ്ക്കോടതി പഠിക്കാതെയും പരിശോധിക്കാതെയും തെളിവുകള്‍ എടുക്കാതെയുമാണ് കര്‍ദ്ദിനാള്‍ പേലിനെ ഒരുവര്‍ഷത്തില്‍ അധികം തടങ്കലില്‍ പാര്‍പ്പിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി നടത്തിയ കേസിന്‍റെ സൂക്ഷ്മമായ പുനര്‍പരിശോധയില്‍ കുറ്റാരോപണത്തില്‍ കൃത്യമായ തെളിവുകളോ, സാക്ഷികളോ ഇല്ലാതെയുമാണ് അദ്ദേഹത്തെ ശിക്ഷിച്ചതെന്നും ബോധ്യപ്പെട്ടതിനാലാണ് കര്‍ദ്ദിനാള്‍ പേല്‍ മോചിതനാകുന്നതെന്ന് ഹൈക്കോടതിയുടെ വിധി പ്രസ്താവം വ്യക്തമാക്കി.

3. പീഡനക്കേസു വാദിക്കാന്‍
വത്തിക്കാന്‍ വിട്ടിറങ്ങിയ കര്‍ദ്ദിനാള്‍

ഓസ്ട്രേലിയന്‍ നീതിപീഡത്തിന്‍റെ വിധിതീര്‍പ്പില്‍ വത്തിക്കാന്‍ ആത്മവിശ്വാസം അര്‍പ്പിക്കുന്നതായും സംതൃപ്തി രേഖപ്പെടുത്തുന്നതായും റോമില്‍ ഇറക്കിയ പ്രസ്താവന അറിയിച്ചു.  സിഡ്നി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന കാലത്ത് (2001-2014) ദിവ്യബലി കഴിഞ്ഞ് സങ്കീര്‍ത്തി മുറിയില്‍വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഓസ്ട്രേലിയയിലെ പ്രാദേശിക കോടതി കര്‍ദ്ദിനാള്‍ പേലിനെ 2019 ഫെബ്രുവരി 26-ന് ജയിലില്‍ അടച്ചത്. തന്‍റെ നിരപരാധിത്തം ഏറ്റുപറഞ്ഞ് 2019 ഓഗസ്റ്റില്‍ സമര്‍പ്പിച്ച അപ്പീല്‍ കേസെടുത്ത പ്രാദേശിക കോടതി നിരസിച്ചതിനെ തുടര്‍ന്ന്, 2020 മാര്‍ച്ചില്‍ ഓസ്ട്രേലിയയുടെ ഹൈക്കോടതിയെ കര്‍ദ്ദിനാള്‍ സമീപിക്കുകയാണുണ്ടായത്.

4. പാപ്പാ ഫ്രാന്‍സിസിന്‍റെ
സഭാനവീകരണപദ്ധതിയുടെ പങ്കാളി

പാപ്പാ ഫ്രാന്‍സിസിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ (Discastery for Finance) പ്രഥമ പ്രീഫെക്ട് എന്ന തസ്തികയില്‍ സഭാനവീകരണ പദ്ധതികളില്‍ വ്യാപൃതനായിരിക്കവെയാണ് കര്‍ദ്ദിനാള്‍ പേലിന് എതിരായി ആരോപണങ്ങള്‍ തലപൊക്കിയത്. സഭയിലെ അറിയപ്പെട്ട ശ്രേഷ്ഠപുരോഹിതനെന്ന സ്ഥാനം കൂടാതെ, അദ്ദേഹം ഉന്നതബിരുതധാരിയായ സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയാണ്. പാപ്പായുടെ അനുമതിയോടെ തന്‍റെ നിരപരാധിത്തം തെളിയിക്കാന്‍വേണ്ടി ഒരുവര്‍ഷത്തെ ലീവു ചോദിച്ചുവാങ്ങിയാണ് അദ്ദേഹം ജന്മനാട്ടില്‍ എത്തിയത്.

5. നിരപരാധിത്തം തെളിഞ്ഞതില്‍ സന്തോഷം
നിരപരാധിത്തം താന്‍ എന്നും ഏറ്റുപറഞ്ഞിട്ടുള്ളതും സത്യം പുറത്തുവരുമെന്ന പ്രത്യാശയില്‍ മുന്നോട്ടു പോവുകയായിരുന്നെന്നും ജയില്‍ വിമുക്തനായ കര്‍ദ്ദിനാള്‍ മാധ്യമങ്ങളോടു പറഞ്ഞു. തന്നില്‍ ചുമത്തിയ അനീതി പിന്‍വലിക്കപ്പെട്ടു. സത്യം തെളിഞ്ഞു. നീതിയുടെ വിജയത്തില്‍ താന്‍ സന്തോഷിക്കുന്നതായി കര്‍ദ്ദിനാള്‍ പേല്‍ അറിയിച്ചു. തന്നില്‍ കുറ്റം ആരോപിച്ചവരോട് തനിക്ക് വിദ്വേഷമില്ലെന്നും, എന്നാല്‍ തന്‍റെ ജയില്‍ മോചനംവഴി ആരെയും ദുഃഖത്തില്‍ ആഴ്ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍ദ്ദിനാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

6. ആത്മീയ പിന്‍തുണയ്ക്കു നന്ദി
തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും, കേസിന്‍റെ നടത്തിപ്പിന് തനിക്ക് ഉപദേശകരായിരുന്ന അഭിഭാഷകര്‍ക്കും, ഓസ്ട്രേലിയയിലും അന്യനാടുകളിലുമായി തന്നെ ധാര്‍മ്മികമായും ആത്മീയമായും പിന്‍തുണച്ച വിശ്വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദിയര്‍പ്പിച്ചു.

തല്‍ക്കാലം വിശ്രമിക്കുവാനും, ഈ വിശുദ്ധവാരം ആത്മീയമായി ചെലവഴിക്കുവാനുമായി താന്‍ ഓസ്ട്രേലിയയില്‍ തന്നെയുള്ള ഒരു സന്ന്യാസ ആശ്രമത്തിലേയ്ക്കു പോകയാണെന്ന് 78 വയസ്സുകാരനായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍ അറിയിച്ചു.
 

09 April 2020, 09:12