തിരയുക

ചൂഷണത്തിനിരയായവരുടെ നിലവിളി... ചൂഷണത്തിനിരയായവരുടെ നിലവിളി... 

ലോസ് ആഞ്ചലസ്: ലൈംഗീക ചൂഷണത്തിനിരയായവർക്കായി നൊവേനാ പ്രാർത്ഥന

അമേരിക്കയിലെ ലോസ് ആഞ്ചലസ് രൂപതയാണ് ലൈംഗീകചൂഷണത്തിനിരയായവർക്കായി ഏപ്രിൽ 18-26 വരെ നൊവേനയും സൗഖ്യ പ്രാർത്ഥനയും നടത്തുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രൂപതയുടെ വെബ് സൈറ്റായ ആഞ്ചലസ് ന്യൂസ് അറിയിക്കുന്നതനുസരിച്ച് ഈ സംരംഭം സഭയ്ക്കുള്ളിലും പുറത്തും ലൈംഗീകചൂഷണം നേരിട്ടവർക്കു വേണ്ടിയാണ് നടത്തുന്നത്. സഭയുടേയും, സമൂഹങ്ങളുടേയും സൗഖ്യത്തിനായും ശുദ്ധീകരിച്ച്  മാനഹാനിയിൽ നിന്നും അവരെ പുന:സ്ഥാപിക്കാൻ ഒരുമിച്ച് പ്രാർത്ഥിക്കുമെന്നും ചൂഷണത്തിനിരയാവർക്കായുള്ള അജപാലക ദൗത്യത്തിന്റെ രൂപതയുടെ സംഘാടകനായ ഹീതർ ബാണിസ് അറിയിച്ചു. പല ഇരകളും പരിചയമുള്ളവരും, വിശ്വസിച്ചവരുമായവരിൽ നിന്ന് പീഡനമേറ്റുവാങ്ങിയവരാണെന്നും, ഇത് കൂടുതൽ ഭയാനകമാകുന്നത് ഇരയെ പീഡകനോടൊപ്പം തുടരാൻ അനുവദിക്കുമ്പോഴാണെന്നും ബാണിസ് അഭിപ്രായപ്പെട്ടു. അടുത്ത ഞായറാഴ്ച വരെ, ഓരോ ദിവസവും വിവിധ ഇടവകകൾ പ്രാർത്ഥനയോ, ദിവ്യ ബലിയോ ലൈംഗീകചൂഷണ ഇരകളുടെ സൗഖ്യത്തിനായി സമർപ്പിക്കും. അവരുടെ ഓർമ്മയ്ക്കായി കുടുംബങ്ങളിൽ തിരി തെളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിൽ ഏപ്രിൽ മാസം ബാലപീഡനം തടയാനുള്ള മാസമായാണ് നീക്കിവച്ചിരിക്കുന്നത് . "സംരക്ഷിക്കാനുള്ള വാഗ്ദാനവും, സൗഖ്യമാക്കാനുള്ള സമർപ്പണവും " എന്ന വിഷയമാണ് ഈ വർഷം സ്വീകരിച്ചിട്ടുള്ളത്.  അതിനായി മാർച്ച് മാസത്തിന്റെ മദ്ധ്യത്തിൽ അമേരിക്കയിലെ കത്തോലിക്കാ കോൺഫറൻസ് അജപാലന നിർദേശങ്ങളും, പ്രമാണ രേഖകളും, ആരാധനാ നിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ, കത്തോലിക്കാ വിശ്വാസം ജീവന്റെ വിലയും, മനുഷ്യ വ്യക്തിയുടെ അന്തസ്സും ഉയർത്തിപ്പിടിക്കാനും ക്ഷണിക്കുന്നുവെന്നും അതിനാൽ കുട്ടികളുടെയും യുവാക്കളുടേയും ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം ജീവന്റെ തന്നെ ബഹുമാനിക്കലാണെന്നും അതിനുള്ള ഉത്തരവാദിത്വം, വിശ്വാസികളുൾപ്പെട്ട മുഴുവൻ സഭയുടേതാണെന്നും ഓർമ്മിപ്പിക്കുന്നു. നീതിയുടെ ഉപകരണങ്ങളാകാനും, കുട്ടികളുടെ സംരക്ഷണം ഉൾപ്പെടെ എല്ലാവരുടേയും നന്മയ്ക്കായി പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ ലൈംഗീക ചൂഷണം തടയാനുള്ള മാസാചരണം ജാഗരൂകരായിരിക്കേണ്ടതിന്റെയും  സഭയിലും സമൂഹത്തിലും എല്ലാവർക്കും സുരക്ഷിതമായ ഒരു സാഹചര്യം നൽകാനും വേണ്ട ആവശ്യകതയെക്കുറിച്ച് തിരിച്ചറിയാൻ ഇടവരുത്തണമെന്നും മെത്രാന്മാർ എഴുതുന്നു.

21 April 2020, 11:53