തിരയുക

Vatican News
2020.03.11 Udienza Generale 2020.03.11 Udienza Generale  (Vatican Media)

പൊതുകൂടിക്കാഴ്ചയിലെ പ്രത്യേക ആശംസകള്‍

കൊറോണവൈറസ് ബാധിതരെയും സിറിയന്‍ അഭയാര്‍ത്ഥികളെയും പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. രോഗപരിചാരക‍ര്‍ക്കും ഡോക്ടര്‍മാര്‍ക്കും
പ്രാര്‍ത്ഥനാശംസകള്‍

മാര്‍ച്ച് 11-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍നിന്നും നല്കിയ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ ബദല്‍ മാധ്യമ സന്ദേശപരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തുള്ള കൊറോണ വൈറസ് രോഗികളെയും, രോഗബാധയാല്‍ ക്ലേശിക്കുന്ന കുടുംബാംഗങ്ങളെയും, അവരെ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പരിചാരകരെയും സന്നദ്ധ സേവകരെയും പാപ്പാ അഭിസംബോധനചെയ്തത്.

2. രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു നന്ദി
വൈറസ് ബാധയില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രൈസ്തവസമൂഹങ്ങളെയും നന്മനസ്സുള്ള സകല പ്രസ്ഥാനങ്ങളെയും അവര്‍ ഏതു വിഭാഗത്തിലോ മതത്തിലോ പെട്ടവരായാലും അവരെയെല്ലാം പാപ്പാ അഭിസംബോധനചെയ്യുന്നതായും നന്ദിയര്‍പ്പിക്കുന്നതായും അറിയിച്ചു.

3. പരിത്യക്തരായ സിറിയന്‍ ജനതയുടെ ഓര്‍മ്മകള്‍
വൈറസ് ബാധയുടെ പ്രതിസന്ധിയിലും ഗ്രീസിനും തുര്‍ക്കിക്കും ഇടയില്‍ പരിത്യക്തയില്‍ കഴിയുന്ന സിറയന്‍ ജനതയെ മറക്കരുതെന്നും, അവര്‍ വര്‍ഷങ്ങളായി ക്ലേശങ്ങള്‍ സഹിക്കുകയാണെന്നും പാപ്പാ എടുത്തുപറഞ്ഞു. അവര്‍ യുദ്ധത്തിന്‍റെയും വിശപ്പിന്‍റെയും രോഗത്തിന്‍റെയും പിടിയില്‍നിന്നും രക്ഷനേടാന്‍ പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

4. പ്രത്യാശയോടെ പ്രതിസന്ധിയെ
നേരിടാമെന്ന് ഇറ്റാലിയന്‍ ജനതയോട്

ഇറ്റാലിയന്‍ ജനതയെയും വാത്സല്യത്തോടെ അഭിസംബോധനചെയ്ത പാപ്പാ വൈറസിന്‍റെ പ്രതിസന്ധിയെ, അതെത്ര ക്ലേശകരമായിരുന്നാലും ധൈര്യത്തോടും, ഉത്തരവാദിത്വത്തോടും പ്രത്യാശയോടുംകൂടെ നേരിടണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

5. കുരിശിന്‍റെവഴി ഒരുക്കിയ
ജയില്‍സമൂഹത്തിനു അഭിനന്ദനങ്ങള്‍

ഈ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നടത്തുവാനുള്ള കുരിശിന്‍റെവഴിയുടെ കരഡുരൂപം ഒരുക്കിയ പാദുവായിലെ “ദുവെ പാലാത്സി” “Due Palazzi” ജയില്‍ ഇടവകയ്ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു.  ജയിലിലെ എല്ലാവിഭാഗക്കാരും കൂട്ടുചേര്‍ന്നു ഒരുക്കിയ പ്രാര്‍ത്ഥനോദ്യമത്തെയും സഹകരണത്തെയും അഭിനന്ദിച്ച പാപ്പാ, അവരുടെ ധ്യാനത്തിന്‍റെ തനിമയുള്ള ഉള്‍ക്കാഴ്ചയ്ക്കും പ്രത്യേകം നന്ദിയര്‍പ്പിച്ചു.

6. തപസ്സിന്‍റെ ഫലപ്രാപ്തിക്കുള്ള ആശംസയോടെ
തുടര്‍ന്ന്  യുവജനങ്ങളെയും പ്രായമായവരെയും, രോഗികളെയും, നവദമ്പതികളെയും പാപ്പാ അഭിസംബോധനചെയ്തു. ദൈവാരൂപിയില്‍നിന്നും പ്രചോദനവും സമാശ്വാസവും ഉള്‍ക്കൊണ്ട് വിനയാന്വിതനായി പീഡകള്‍ സഹിച്ച്, മരിച്ച്, ഉത്ഥാനംചെയ്ത ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ച് ഈ തപസ്സുകാലം ഫലവത്തായി ചെലവഴിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രത്യേക ആശംസകളും അനുസ്മരണവും  ഉപസംഹരിച്ചത്.

 

11 March 2020, 18:05