തിരയുക

Vatican News
file photo : Pope Francis file photo : Pope Francis   (AFP or licensors)

“പൂര്‍ണ്ണ ദണ്ഡവിമോചനം” : കെടുതിയില്‍ സഭ നല്കുന്ന ദൈവികകാരുണ്യം

ദൈവത്തിന്‍റെ കാരുണ്യ ലബ്ധിക്കായ് സഭ തുറക്കുന്ന ആത്മീയകവാടം – പൂര്‍ണ്ണദണ്ഡവിമോചനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ലോകം അനുഭവിക്കുന്ന മഹാമാരിയുടെ വേദനയില്‍ സഭ ലഭ്യമാക്കുന്ന “പൂര്‍ണ്ണദണ്ഡവിമോചനം” എന്ന ആത്മീയ ആനുകൂല്യത്തെ സംബന്ധിച്ച വിവരങ്ങളാണ് ഈ ചിന്താമലരുകള്‍ (ശബ്ദരേഖയോടെ...) :

മഹാമാരിയില്‍ ഒരു ദൈവിക കാരുണ്യമാരി

1. ആത്മരക്ഷയ്ക്കായ് സഭ തുറക്കുന്ന
പൂര്‍ണ്ണദണ്ഡ വിമോചന ലബ്ധി

മഹാമാരിയുടെ പ്രതിസന്ധിയില്‍ സഭ നല്കുന്ന “ദൈവിക കാരുണ്യത്തിന്‍റെ ആത്മീയാനുകൂല്യ”മാണ് “പൂര്‍ണ്ണദണ്ഡവിമോചനം” അല്ലെങ്കില്‍ “പൂര്‍ണ്ണപാപവിമോചനം” plenary indulgence. പാപമോചനവും പ്രാശ്ചിത്തവും സംബന്ധിച്ച അപ്പസ്തോലിക കോടതിയുടെ അധികാരി, കര്‍ദ്ദിനാള്‍ മാവുരോ പിയചേന്‍സാ മാര്‍ച്ച് 21-Ɔο തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെട്ടതു പ്രകാരമാണ് ദൈവികകാരുണ്യത്തിന്‍റെ ഈ ആനുകൂല്യം പ്രഖ്യാപിക്കുകയും ലോകത്തിന് ലഭ്യമാക്കുകയും ചെയ്തത്. ആത്മാക്കളുടെ രക്ഷയാണ് സഭയുടെ പരമോന്നത ലക്ഷ്യവും നിയമവും. ദൈവകൃപയുടെ സ്രോതസ്സും ധാരയുമാണ് മക്കള്‍ക്ക് ക്രിസ്തുവിന്‍റെ സഭ ലഭ്യമാക്കിയിട്ടുള്ള കൂദാശകളും, സുവിശേഷവും. കൊറോണാ വൈറസ് രോഗം വിവിധ രാജ്യങ്ങളെ ബാധിച്ചിട്ടുള്ള ഒരു അടിയന്തിരാവസ്ഥയിലാണ് സഭ പൂര്‍ണ്ണദണ്ഡവിമോചന ലബ്ധി വിശ്വാസികള്‍ക്ക് ലഭ്യമാക്കുന്നത്.

ദൈവത്തിന്‍റെ കരുണയ്ക്കായ് കേഴുന്ന വിലാപഗീതമാണ് സങ്കീര്‍ത്തനം 50, വിഖ്യാതമായ Miserere mei Deo… കര്‍ത്താവേ, എന്നില്‍ നീ കാരുണ്യം തൂകണേ... എന്ന സങ്കീര്‍ത്തനത്തിന്‍റെ മണിപ്രവാളശൈലിയുടെ 50 വര്‍ഷത്തില്‍ അധികം പഴക്കമുള്ള രൂപം ശ്രവിക്കാം.
സങ്കീര്‍ത്തനം രചിച്ചത് ഫാദര്‍ മാത്യു മുളവനയാണ്. സംഗീതം ജെറി അമല്‍ദേവ്.... ആലാപനം രാജലക്ഷ്മിയും സംഘവും.

2. പൂര്‍ണ്ണ പാപമോചന ലബ്ധി ലഭ്യമാക്കുന്നതിന്‍റെ
പശ്ചാത്തലവും സാഹചര്യവും

a) ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു കവിയുന്നു.
b) രോഗികള്‍ ഏകാന്തതയിലും കുടുംബാംഗങ്ങളുടെ സാമീപ്യമോ പരിചരണമോ ഇല്ലാതെ മരിക്കുന്നു.
c) പ്രാര്‍ത്ഥിക്കാനോ കൂദാശകളുടെ സ്വീകരിണത്തിനോ വൈദികര്‍ ലഭ്യമല്ലാത്ത അവസ്ഥ.
d) രോഗികളെ കുടുംബങ്ങളില്‍നിന്നും സമൂഹങ്ങളില്‍നിന്നും മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥ.
e) നഗരങ്ങളിലും ഗ്രാമങ്ങളിലും ആര്‍ക്കും പുറത്തിറങ്ങാനോ, ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാനോ, സമ്മേളിക്കുവാനോ സാധിക്കാത്ത സാഹചര്യം.
ഇങ്ങനെയുള്ള ചുറ്റുപാടിലാണ് സഭ ഒരു അമ്മയെന്ന നിലയില്‍ മക്കളെ ദൈവത്തിന്‍റെ കരുണാദ്രമായ സന്നിധിയിലേയ്ക്ക് ആനയിക്കുന്നത്. അതിനായി, സഭയുടെ പുരാതന പാരമ്പര്യത്തില്‍ത്തന്നെയുള്ള ഈ ആത്മീയ അനുകൂല്യം വിശ്വാസികള്‍ക്ക് അനുവദിച്ചു നല്കുന്നത്.

3. പൂര്‍ണ്ണദണ്ഡവിമോചനം ആര്‍ക്കെല്ലാം സ്വീകരിക്കാം.
a) ആശുപത്രികളില്‍ കഴിയുന്ന കൊറോണ രോഗബാധിതര്‍ക്ക്
b) ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള രോഗീപരിചാരകര്‍ക്കും രോഗികളുടെ സഹായികള്‍ക്കും
c) മഹാമാരി നിലയ്ക്കുന്നതിനും അതിന്‍റെ രോഗികള്‍ക്കുവേണ്ടിയും, രോഗത്താല്‍ മരണമടഞ്ഞവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാവുന്നതാണ്.

4. ഈ ആത്മീയ അനുഗ്രഹം സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍
a) രോഗികളും രോഗംമൂലം ക്ലേശിക്കുന്ന സമൂഹങ്ങളുമായി
പ്രാര്‍ത്ഥന, ദിവ്യബലി, കുരിശിന്‍റെവഴി, ജപമാല എന്നിവ വഴി ആത്മീയമായി ബന്ധപ്പെടുക.
b) വിശ്വാസപ്രമാണം, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ... ഈ പ്രാര്‍ത്ഥനകള്‍ ഒരോ പ്രാവശ്യം ചൊല്ലി രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുക.
c) പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയിലോ, ദിവ്യകാരുണ്യ സന്നിധിയിലോ എത്തി മഹാമാരിയുടെ നിവാരണത്തിനും, രോഗശമനത്തിനും, രോഗമൂലം മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുക.
d) രോഗനിവാരണത്തിന്‍റെ നിയോഗത്തോടെ കുരിശിന്‍റെവഴി നടത്തുക, ജപമാലചൊല്ലുക, അല്ലെങ്കില്‍ അരമണിക്കൂര്‍ സമയം വിശുദ്ധഗ്രന്ഥം വായിക്കുക. ഇവ വീടുകളിലും ചെയ്യാവുന്നതാണ്, ദേവാലയങ്ങളില്‍ പോകണമെന്നില്ല.
5. മരണാസന്നര്‍ക്ക്... എങ്ങനെ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാം.
അടിസ്ഥാന പരമായി ദൈവി കകാരുണ്യത്തിന്‍റെ നിറവായ ഈ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കുവാനുള്ള ആഗ്രഹവും മനസ്സിന്‍റെ തുറവും ഉണ്ടായിരിക്കുക എന്നത് ഏറെ അടിസ്ഥാനപരമായ വ്യവസ്ഥയാണ്. മരണനേരത്ത് രോഗിക്ക് ആഗ്രഹവും തീക്ഷ്ണതയുമുണ്ടെങ്കില്‍ വൈദികരുടെയോ, പരിചാരകരുടെയോ അഭാവത്തിലും സ്വന്തമായി പൂര്‍ണ്ണദണ്ഡവിമോചനം ആത്മീയമായ തീക്ഷ്ണതകൊണ്ടും ആഗ്രഹംകൊണ്ടും നേടാവുന്നതാണ്.

6. കൊറോണ രോഗികള്‍ക്കും മറ്റു രോഗികള്‍ക്കും
മേല്‍പ്പറഞ്ഞ പൂര്‍ണ്ണപാപവിമോചന ലബ്ധി കൊറാണാ രോഗികള്‍ക്കൊപ്പം, ആശുപത്രികളിലോ വീടുകളിലേ ഉള്ള മറ്റു രോഗികള്‍ക്കും മേല്‍ വ്യവസ്ഥകളില്‍ സ്വീകരിക്കാവുന്നതാണ്.

7. വ്യക്തിഗത കുമ്പസാരം സാദ്ധ്യമല്ലാത്ത 
സാഹചര്യത്തില്‍ എന്തുചെയ്യാം

മഹാമാരിയുടെ സാഹചര്യത്തില്‍ കുമ്പസാരം
വ്യക്തിഗത കുമ്പസാരം സാധ്യമല്ലാത്തതിനാല്‍, വൈദികര്‍ക്കും മെത്രാന്മാര്‍ക്കും കാനോന നിയമം അനുവദിക്കുന്ന രീതിയില്‍ ലളിതവും ഹ്രസ്വവുമായ ഒരു അനുതാപശു ശ്രൂഷയോടെ പൊതുവായ പാപവിമോചനം നല്കാവുന്നതാണ് (Common Absolution).

8. പാപ്പാ ഫ്രാന്‍സിസ് വ്യക്തിപരമായി
നടത്തിയ അജപാലന പ്രബോധനം

വ്യക്തിഗത കുമ്പസാരം സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ അനുതാപത്തിന്‍റെ മനസ്സുണ്ടെങ്കില്‍ പിതാവായ ദൈവത്തിലേയ്ക്ക് ഒരു ധൂര്‍ത്തപുത്രനെപ്പോലെ മെല്ലം നടന്ന് അടുക്കുകയാണെങ്കില്‍ അവിടുത്തെ കാരുണ്യാശ്ലേഷം സകലരും സ്വീകരിക്കുകതന്നെ ചെയ്യും. കാരണം ദൈവം വിധിയാളനല്ല, നമുക്കായി കാത്തിരിക്കുന്ന സ്നേഹവും കരുണയുമുള്ള പിതാവാണ്.
ഇടയനായ ദൈവം നമ്മെ നയിക്കട്ടെ... ഈ വൈറസ്  ബാധ ഇല്ലാതാക്കാന്‍ അശ്രാന്തം പരിശ്രമിക്കുന്ന എല്ലാവരെയും ദൈവം പ്രകാശിപ്പിക്കട്ടെ,  അവരെ നയിച്ച്... ഈ ഭൂമിയിലെ ജീവിതം പ്രശാന്തമാക്കണമേ... എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.

സങ്കീര്‍ത്തനം-23 ഗാനാവിഷ്ക്കാരം ചെയ്തത് ജെറി അമല്‍ദേവും ഫാദര്‍ മാത്യു  മുളവനയുമാണ്. ആലാപനം ഡോക്ടര്‍ സതീഷ്ഭട്ടും സംഘവും.
 

22 March 2020, 16:05