പൗരത്വനിയമ ഭേദഗതിക്കെതിരെ ഈശോസഭാംഗങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പൗരത്വനിയമ ഭേദഗതിക്കെതിരെ
ഈശോസഭയുടെ നിവേദനം
പൗരത്വനിയമ ഭേദഗതിയില്‍നിന്നും ഭാരതസര്‍ക്കാര്‍ പിന്‍തിരിയണമെന്ന് ഈശോസഭയുടെ തെക്കെ ഏഷ്യന്‍ പ്രവിശ്യകളുടെ തലവന്മാരുടെ സമ്മേളനം അഭ്യര്‍ത്ഥിച്ചു. നീപ്പാളിലെ ഗോദാവരിയില്‍ ഫെബ്രുവരി 23-മുതല്‍ 29-വരെ സംഗമിച്ച ഏഷ്യയിലെ പ്രവിഷ്യല്‍ സുപ്പീരിയര്‍മാരുടെ കൂട്ടായ്മയാണ് ഭാരത സര്‍ക്കാരിന് നേരിട്ടു സമര്‍പ്പിച്ച ഒരു നിവേദന പത്രികയിലൂടെ ജനായത്ത നീതിക്കു നിരക്കാത്ത പൗരത്വ നിയമ ഭേദഗതിക്ക് മുതിരരുതെന്ന് സര്‍ക്കാരിനോട് താഴ്മയായി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ തല്പരകക്ഷികളുമായി സംവാദത്തിന്‍റെ പാത സര്‍ക്കാര്‍ തുറന്നുകൊണ്ട് രാജ്യത്തെ ക്രമസമാധാന നില സന്തുലിതമാക്കാന്‍ എത്രയുംവേഗം മുന്‍കൈ എടുക്കണമെന്നും ഈശോസഭയുടെ സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
2. സംവാദത്തിന്‍റെ വഴിയിലൂടെ സമാധാനം കൈവരിക്കാം
തെക്കെ ഏഷ്യന്‍ പ്രവിശ്യകളുടെ മേലധികാരി, ഫാദര്‍ ജോര്‍ജ്ജ് പട്ടേരി എസ്.ജെ.-യുടെ നേതൃത്വത്തിലാണ് സര്‍ക്കാരിന് മാര്‍ച്ച 2, തിങ്കളാഴ്ച നിവേദനം സമര്‍പ്പിച്ചത്. 16-Ɔο നൂറ്റാണ്ടു മുതല്‍ ഭാരതത്തിലെ ജനങ്ങളുടെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സജീവമായ ഈശോസഭയുടെ മേലധികാരികളുടെ കൂട്ടായ്മയാണ് സംവാദത്തിന്‍റെ വഴികളിലൂടെ രാഷ്ട്രത്തില്‍ സമാധാനം നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചത്. സര്‍ക്കാരിന്‍റെ ജനായത്തവിരുദ്ധമായ നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരെ ഡല്‍ഹിയില്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതിലും ധാരാളംപേര്‍ മുറിപ്പെട്ടതിലും ഈശോസഭയുടെ ഏഷ്യന്‍കൂട്ടായ്മയുടെ പ്രസിഡന്‍റ് ഫാദര്‍ ജോര്‍ജ്ജ് പട്ടേരി അതിയായ ദുഃഖം രേഖപ്പെടുത്തി.
3. ഭാരതാംബയുടെ മുഖത്ത് കരിതേയ്ക്കരുതേ!
ജനായത്ത നിയമങ്ങളുടെ സമഗ്രത സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന ദേശീയതയില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് നീതിക്കായി സമാധാനത്തിന്‍റെയും അഹിംസയുടെയും മാര്‍ഗ്ഗത്തില്‍ പോരാടുമെന്ന് ഫാദര്‍ പട്ടേരി നിവേദനത്തിലൂടെ സര്‍ക്കാരിനെ അറിയിച്ചു. എല്ലാമതങ്ങളുടെയും ആചാര്യന്മാര്‍ ഒന്നുചേര്‍ന്നു രൂപപ്പെടുത്തിയ മതേതര രാഷ്ട്രത്തിന്‍റെ മുഖത്ത് വംശീയതയുടെ കരിതേക്കുന്ന ഇന്നിന്‍റെ സര്‍ക്കാര്‍ നയം നിന്ദ്യവും നിഷേധ്യവുമാണെന്നും ഈശോസഭയുടെ നിവേദനപത്രിക കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആത്മാവ് “നാനാത്വത്തിലെ ഏകത്വ”മാണെന്നും, അതിനാല്‍ ജനങ്ങളുടെ നീതിക്കായുള്ള നിലവിളി കേള്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്നുള്ള അഭ്യര്‍ത്ഥനയോടെയാണ് ഈശോസഭാംഗങ്ങള്‍ നിവേദനം ഉപസംഹരിച്ചത്.